Breaking Now

ബഹിഷ്‌കരണത്തിനിടെ പാക് പ്രധാനമന്ത്രി അജ്മീര്‍ സന്ദര്‍ശിച്ചു

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ തലവെട്ടിയതില്‍ പ്രതിഷേധിച്ച് മുഖ്യ പുരോഹിതന്റെ ബഹിഷ്‌കരണത്തിനിടെ രാജ പര്‍വേസ് അജ്മീര്‍ ദര്‍ഗയില്‍ പ്രാര്‍ത്ഥന നടത്തി.

 

സൈനികരുടെ തലവെട്ടിയ സംഭവത്തില്‍ പാകിസ്ഥാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് അജ്മീര്‍ ദര്‍ഗയിലെ മുഖ്യപുരോഹിതന്‍ പാക് പ്രധാനമന്ത്രിയെ ബഹിഷ്‌കരിച്ചത്. അയല്‍ക്കാരോട് സഹാനുഭൂതിയും സ്‌നേഹവും പഠിപ്പിക്കുന്ന ഇസ്ലാം മൂല്യങ്ങള്‍ക്കൊത്തല്ല പാകിസ്ഥാന്റെ പോക്കെന്നും പുരോഹിതന്‍ കുറ്റപ്പെടുത്തി. മുഖ്യ പുരോഹിതന്റെ അഭാവത്തില്‍ ദര്‍ഗ അധികൃതരാണ് പ്രാര്‍ത്ഥനക്ക് പാക് പ്രധാനമന്ത്രിയെ സഹായിച്ചത്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്‌റഫുമായി ഇന്ത്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയില്ല. പാക് പ്രധാനമന്ത്രിക്കും സംഘത്തിനും ജയ്പൂരില്‍ നല്‍കി ഉച്ചഭക്ഷണ വിരുന്ന് മാത്രമായിരുന്നു ഇന്ത്യയുടെ ഔദ്യോഗിക ആഥിത്യം.  പാക് പ്രധാനമന്ത്രിക്ക് നല്‍കിയ വിരുന്നില്‍ ഔപചാരിക ചര്‍ച്ചകളോ ഭീകരവാദത്തെക്കുറിച്ചോ പരാമര്‍ശമുണ്ടായില്ലെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ചര്‍ച്ചയ്ക്കുള്ള അവസരമല്ല ഇതെന്നും ഖുര്‍ഷിദ് പറഞ്ഞു.

ഇതിനിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ അജ്മീര്‍ സന്ദര്‍ശനത്തോട് പ്രതികരിക്കുന്നില്ലെന്ന് കരസേനാ മേധാവി ബിക്രം സിംഗ് പറഞ്ഞു. സൈന്യത്തിന്റെ നിലപാട് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തേത് രാഷ്ട്രീയ തീരുമാനമാണെന്നും ബിക്രംസിംഗ് പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.