Breaking Now

ഭൂമിയുടെ അധികാരം സ്ത്രീകളിലേക്ക്; ഭൂനയം പാര്‍ലമെന്റ് പരിഗണിക്കുന്നു

സ്ത്രീകളുടെ ഭൂമി അവകാശങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള വ്യവസ്ഥകളോടെ പുതിയ ദേശീയ ഭൂപരിഷ്‌കരണ നയം വരുന്നു.

വിവിധ പദ്ധതികള്‍ പ്രകാരം ഭൂമി അനുവദിക്കുന്നത് സ്ത്രീകളുടെ പേരിലാകും. പരമ്പരാഗത സ്വത്തില്‍ സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പാക്കാന്‍ റവന്യൂ വകുപ്പിന് ചുമതല നല്‍കും.

സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഭക്ഷ്യസുരക്ഷാബില്ലിലെ വ്യവസ്ഥകള്‍ക്ക് സമാനമായ സ്ത്രീകളുടെ ഭൂഅവകാശങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ദേശീയ ഭൂനയത്തിലെ നിര്‍ദേശങ്ങള്‍. ദാരിദ്രനിര്‍മാര്‍ജനത്തിനും വരുമാനം ലഭ്യമാക്കുന്നതിനുമുള്ള എല്ലാ സര്‍ക്കാര്‍ ഭൂമികൈമാറ്റങ്ങളിലും സ്ത്രീയുടെ അവകാശങ്ങള്‍ അംഗീകരിക്കണം.

അധികഭൂമി, ഭൂദാന്‍ ഭൂമി എന്നിവ ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്കേ നല്‍കാവൂ. ഹിന്ദുപിന്തുടര്‍ച്ചവകാശ നിയമ പ്രകാരം സ്ത്രീകള്‍ക്ക് ഭൂമിയില്‍ തുല്യാധികാരം ഉണ്ടെന്ന് ഉറപ്പുവരുത്താനുള്ള ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.

ദേശീയ സംസ്ഥാന തലത്തില്‍ ഭൂപ്ലാനും ഭൂബാങ്കും കൊണ്ടുവരണമെന്നും നയം വ്യക്തമാക്കുന്നു. വ്യവസായങ്ങള്‍ക്ക് കൈമാറിയ ഭൂമി 5 വര്‍ഷമായി ഉപയോഗശൂന്യമെങ്കില്‍ തിരിച്ചെടുത്ത് സാധാരണക്കാര്‍ക്ക് കൈമാറണം. വില്ലേജ് ഓഫീസര്‍ പുതുതായി കൈവശാവകാശം അനുവദിക്കുന്ന രീതി മാറും. പ്രത്യേക പ്രമേയം പാസ്സാക്കിയാലേ കൈവശാവകാശം പതിച്ചുനല്‍കാന്‍ കഴിയൂ

പുതിയ ഭൂനയം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അംഗീകാരത്തിനായി കൊണ്ടുവരും. നിര്‍ധനര്‍ക്ക് പുരയിടം അവകാശമാക്കുന്ന ബില്ലും ഭൂനയത്തിന്റെ ഭാഗമായാണ് കൊണ്ടുവരിക.

 




കൂടുതല്‍വാര്‍ത്തകള്‍.