Breaking Now

മണ്ടേലയുടെ പ്രണയാഭ്യര്‍ഥന വെളിപ്പെടുത്തി ഇന്ത്യന്‍ വംശജയുടെ ആത്മകഥ

വംശവെറിക്കെതിരായ പോരാട്ടത്തിന്റെ പ്രതീകമായ നെല്‍സണ്‍ മണ്ടേലയോട് ആമിന കഷാലിയ സമ്മതം മൂളിയിരുന്നെങ്കില്‍ ഒരു പക്ഷേ ദക്ഷിണാഫ്രിക്കക്ക് ഇന്ത്യന്‍ വംശജയായ പ്രഥമ വനിതയുണ്ടാകുമായിരുന്നു.

ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ  (എ.എന്‍.സി) മുതിര്‍ന്ന നേതാവായിരുന്ന യൂസുഫ് കഷാലിയയുടെ വിധവയും ഗാന്ധിജിയുടെ സുഹൃത്തായിരുന്ന ഇബ്രാഹിം അസ്വതിന്റെ  മകളുമാണ് ആമിന. ഇവരുടെ ആത്മകഥ ‘വെന്‍ ഹോപ് ആന്‍ഡ് ഹിസ്റ്ററി റൈം’ എന്ന പുസ്തകത്തിലാണ് പുതിയ വിവരങ്ങളുള്ളത്്. കഴിഞ്ഞ മാസം 83ാം വയസ്സിലാണ് ആമിന മരിക്കുന്നത്. മരണശേഷമാണ് പുസ്തകം പുറത്തുവന്നത്.

തന്‍െറ അപാര്‍ട്മെന്‍റിലേക്കുള്ള മണ്ടേലയുടെ സ്വകാര്യസന്ദര്‍ശനങ്ങളെക്കുറിച്ച് ആമിന പുസ്തകത്തില്‍ വിശദമായി പറയുന്നുണ്ട്.

‘ഒരിക്കല്‍ രണ്ടുപേര്‍ക്കിരിക്കാവുന്ന സോഫയില്‍ വെച്ച് മണ്ടേല എന്നെ വികാരഭരിതനായി ചുംബിച്ചു. എന്റെ  മുടിയിഴകളില്‍ തലോടി ഞാന്‍ എത്രമേല്‍ സുന്ദരിയായ യുവതിയാണെന്നറിയുമോ എന്ന് ചോദിച്ചു. ഞാന്‍ പൊട്ടിത്തെറിച്ചു. അസ്വസ്ഥനായ മണ്ടേല താന്‍ പറഞ്ഞതിലെന്താണ് തെറ്റെന്ന് ചോദിച്ചു. ഞാന്‍ യുവതിയല്ലെന്നും മധ്യവയസ്കയാണെന്നും മറുപടി നല്‍കി. ആശ്വാസത്തോടെ അതേ വാചകം ‘വൃദ്ധ’ എന്ന് ചേര്‍ത്ത് മണ്ടേല ആവര്‍ത്തിച്ചു. വൃദ്ധ എന്ന പദം കേട്ടതോടെ വീണ്ടും ഞാന്‍ ഒച്ചവെച്ചു. മറ്റൊരു ദിവസം വൈകീട്ട് ജൊഹാനസ് ബര്‍ഗിലെ ഫ്ളാറ്റിലെത്തിയ മണ്ടേല അല്‍പം അസ്വസ്ഥനായിരുന്നു. ഞാന്‍ അദ്ദേഹത്തിനായി തയാറാക്കിയ ചെമ്മീന്‍ വിഭവം കഴിക്കാന്‍ കൂട്ടാക്കിയില്ല. താന്‍ തിരസ്കൃതനാകുമോ എന്ന ഭയം അദ്ദേഹത്തെ വേട്ടയാടും പോലെ തോന്നി. അന്നു രാത്രി മണ്ടേല എന്നോടുള്ള പ്രണയം വെളിപ്പെടുത്തി. ഞാന്‍ എതിര്‍ത്തു. അദ്ദേഹം ഗ്രേക മഷേലുമായി വിവാഹിതനാണെന്ന കാര്യം ഓര്‍മിപ്പിച്ചു. മണ്ടേലയുമായുള്ള ബന്ധം താന്‍ പരിഗണിക്കുമായിരുന്നു. എന്നാല്‍, ഗ്രേകയുമായി നിലനില്‍ക്കുന്ന അദ്ദേഹത്തിന്‍െറ ബന്ധമാണ് എന്നെ അതില്‍നിന്ന് വിലക്കിയത്’-അവര്‍ എഴുതുന്നു. അതോടെ, ഭക്ഷണംപോലും കഴിക്കാതെ മണ്ടേല അപാര്‍ട്മെന്‍റ് വിട്ടിറങ്ങുകയായിരുന്നത്രെ.

ആമിനയും യൂസുഫ് കഷാലിയയും നിരവധി വര്‍ഷങ്ങള്‍ ഇന്ത്യയില്‍ തങ്ങിയിട്ടുണ്ട്.എ.എന്‍.സിയുടെ പ്രവാസ വിഭാഗം നയിച്ചിരുന്ന യൂസുഫ് 1995ല്‍ ഇന്ത്യയില്‍ വെച്ചാണ് മരിക്കുന്നത്.

അത്രയൊന്നും കാല്‍പനികനായിരുന്നില്ല മണ്ടേലയെന്ന് ആമിന എഴുതുന്നു.‘ദീര്‍ഘനാളത്തെ ജയില്‍വാസം അത്തരം വികാരങ്ങളെ നശിപ്പിച്ചിരിക്കാം. പ്രണയവും മറ്റും കാര്യമാത്ര പ്രസക്തമായി പ്രകടിപ്പിക്കുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന്‍െറ വീട്ടിലെ പൂന്തോട്ടത്തിലിരിക്കവെ എനിക്കായി പ്രണയഭരിതമായ ചെറുവാചകങ്ങള്‍ എഴുതിത്തന്നിരുന്നു. ഒരുപക്ഷേ, അദ്ദേഹത്തിന്‍െറ ഏറ്റവും വലിയ വികാരപ്രകടനമായിരിക്കുമത്. ഞാന്‍ അദ്ദേഹവുമായി പ്രണയത്തിലായിരുന്നില്ല. എനിക്ക് അദ്ദേഹത്തോട് ഇഷ്ടമായിരുന്നു. എന്നാല്‍, എനിക്ക് യൂസുഫിനോട് തോന്നിയ പോലുള്ള ഇഷ്ടമായിരുന്നില്ല അത്’ -അവര്‍ എഴുതി.
കൂടുതല്‍വാര്‍ത്തകള്‍.