റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനെതിരെ ശക്തമായി പ്രതികരിച്ച് പ്രധാനമന്ത്രി തെരേസ മേയ്. മുന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും വിഷബാധയേറ്റ സംഭവത്തില്‍ പുടിന്റെ ഇടപെടല്‍ തെളിഞ്ഞാല്‍ ശക്തമായ തിരിച്ചടി തന്നെയാണ് ബ്രിട്ടന്‍ നല്‍കുകയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
നയതന്ത്ര തലത്തിലും, സാമ്പത്തികവും, സൈനികവുമായ ഇടപെടലിന് ഒരുങ്ങാനാണ് മന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സാലിസ്ബറിയിലെ അക്രമം മനുഷ്യത്വരഹിതമായ അക്രമമാണെന്ന് ഹോം സെക്രട്ടറി ആംബര്‍ റൂഡ് വ്യക്തമാക്കിയിരുന്നു. വിഷബാധ ഏല്‍പ്പിച്ചതിന് മോസ്‌കോയ്ക്കുള്ള ബന്ധം തെളിയിക്കാനുള്ള ശ്രമത്തിലാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍. റഷ്യയില്‍ നിന്നുള്ള ഉത്തരവ് നടപ്പാക്കുകയായിരുന്നു മറ്റ് ഏജന്റുകളെന്നാണ് ബ്രിട്ടന്‍ വിശ്വസിക്കുന്നത്.
സംഗതി വ്യക്തമായാല്‍ മുതിര്‍ന്ന റഷ്യന്‍ നയതന്ത്രജ്ഞരെയും, ചാരന്‍മാരെയും ബ്രിട്ടന്‍ പുറത്താക്കും. ഒപ്പം ലണ്ടനിലേക്കുള്ള ക്രെംലിന്റെ ഒളിഗാര്‍ക്ക് വിസകളും റദ്ദാക്കും. ഇതിന് പുറമെ റഷ്യക്കാരുടെ സ്വത്തുവകകള്‍ മരവിപ്പിക്കാനും, യാത്രാ നിരോധനം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിക്കും.