ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ സംബന്ധിച്ച് പുറപ്പെടുവിച്ച ധവളപത്രം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടലാണ് സമ്മാനിച്ചത്. പ്രത്യേകിച്ച് ബ്രിട്ടീഷ് കെയര്‍ മേഖലയെ പിടിച്ചുകുലുക്കാന്‍ പാകത്തിനുള്ളതെല്ലാം ഇതില്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്. ശ്വാസമെടുക്കാന്‍ പോലും സമയം നല്‍കാതെ 2025 ജൂലൈ 25 മുതല്‍ യുകെ കെയര്‍ മേഖലയില്‍ വിദേശ കെയറര്‍മാരുടെ റിക്രൂട്ട്‌മെന്റ് തടയുന്ന നീക്കമാണ് തിരിച്ചടിയാകുന്നത്.
വിദേശ കെയറര്‍മാര്‍ വരുമ്പോള്‍ പോലും കെയര്‍ മേഖലയില്‍ ജീവനക്കാരുടെ ക്ഷാമം നേരിട്ടിരുന്നു. ഈ അവസ്ഥയില്‍ റിക്രൂട്ട്‌മെന്റ് വിലക്ക് വരുന്നതോടെ സ്വദേശികളെ കൂടുതലായി ഈ മേഖലയിലേക്ക് എത്തിക്കണമെന്നാണ് ഗവണ്‍മെന്റ് നിര്‍ദ്ദേശം. കെയര്‍ വിസ ഉപയോഗിച്ച് വിദേശികളെ ചൂഷണത്തിന് ഇരയാക്കുന്നതും, കുടിയേറ്റത്തിനുള്ള എളുപ്പവഴിയായി ഉപയോഗിച്ചതുമാണ് നിരോധനത്തില്‍ കലാശിച്ചത്.
കൂടാതെ 2020 ഒക്ടോബര്‍ മുതല്‍ ഹെല്‍ത്ത് കെയര്‍ വിസാ റൂട്ടിലെത്തിയ 39,000-ഓളം കെയര്‍ ജോലിക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് നഷ്ടമായിട്ടുണ്ടെന്നാണ് കണക്ക്. ഈ അവസരത്തിലാണ് കെയര്‍ ജോലിക്കാരെ കണ്ടെത്താന്‍ നിലവില്‍ രാജ്യത്തുള്ള വിദേശ കെയറര്‍മാര്‍ക്ക് റിക്രൂട്ട്‌മെന്റില്‍ മുന്‍ഗണന നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഒപ്പം ഹെല്‍ത്ത് കെയര്‍ വിസാ സാലറി പരിധി 23,200 പൗണ്ടില്‍ നിന്നും 25,000 പൗണ്ടിലേക്കും ഉയര്‍ത്തും.
നിലവില്‍ യുകെയിലുള്ള കെയറര്‍മാരെ തല്‍ക്കാലം നിയമമാറ്റങ്ങള്‍ ബാധിക്കുന്നില്ല. ഇവരുടെ ജോലിക്കും, വിസ ദീര്‍ഘിപ്പിക്കാനും, അഞ്ച് വര്‍ഷം നിയമപരമായി താമസിച്ചാല്‍ യുകെയില്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന് അപേക്ഷിക്കാനും തടസ്സമില്ല.
എന്നാല്‍ എംപ്ലോയര്‍മാര്‍ക്ക് നിയമമാറ്റം കനത്ത വെല്ലുവിളിയാണ് സമ്മാനിക്കുക. സ്വദേശികളെ പരിശീലിപ്പിച്ച് ജോലിക്കെടുക്കുകയെന്നത് കഠിനമാണ്. ഇത് കെയര്‍ ജോലിക്കാരുടെ ക്ഷാമം കടുപ്പിക്കുമെന്നാണ് ആശങ്ക. സ്വദേശി റിക്രൂട്ട്‌മെന്റ് കഠിനമാണെന്ന് 71% എംപ്ലോയേഴ്‌സും വ്യക്തമാക്കുന്നു. ഹോം സെക്രട്ടറി നിലപാട് കടുപ്പിച്ചതോടെ ചെലവേറും.