ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ബ്രിട്ടന്റെ എംഐ6 ഏജന്റായ സാക്ഷാല്‍ ജെയിംസ് ബോണ്ട് എന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് തിന്മയെ ഇല്ലാതാക്കുന്നതാണ് സ്ഥിരം കഥ. അക്കാര്യത്തില്‍ എതിരാളികള്‍ എപ്പോഴും റഷ്യക്കാരുമായിരിക്കും. ശീതകാല യുദ്ധത്തിന്റെ അന്തരീക്ഷത്തില്‍ ഉയര്‍ന്ന ആ കഥ ഇന്നും ചലച്ചിത്രമായി ഇറങ്ങുന്നുവെന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാക്കാം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രേമബന്ധം എത്രത്തോളം മികവാര്‍ന്നതാണെന്ന്. ബ്രിട്ടനിലുള്ള മുന്‍ റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലും മകള്‍ യൂലിയയും അജ്ഞാതമായ നേര്‍വ് ഏജന്റില്‍ നിന്നും ഏറ്റ വിഷബാധയെത്തുടര്‍ന്ന് ആശുപത്രിയിലാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ റഷ്യക്ക് നേരെയാണ് വിരല്‍ചൂണ്ടുന്നത്.
റഷ്യയുടെ ഇടപെടല്‍ വ്യക്തമായാല്‍ സൈനികവും സാമ്പത്തികവുമായി തിരിച്ചടി ഉണ്ടാകുമെന്നാണ് തെരേസ മേയ് ഇന്നലെ തന്റെ മന്ത്രിമാരോട് വ്യക്തമാക്കിയത്. ഈ സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാനും അവര്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ റഷ്യ നിലവിലെ അന്വേഷണങ്ങളില്‍ സംശയവും പ്രകടിപ്പിച്ചു. സംശയങ്ങള്‍ റഷ്യക്ക് നേരെ ആയുധമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അവര്‍ ആരോപിച്ചു. അതേസമയം വിഷബാധയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കായി സൈന്യവും രംഗത്തിറങ്ങി. സ്‌ക്രിപാലിന്റെയും ഭാര്യയെയും മകനെയും അടക്കം ചെയ്തിട്ടുള്ള സെമിത്തേരിയില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി.
ഭാര്യ ലൂഡ്മിലയും, മകന്‍ അലക്‌സാണ്ടറും അടുത്തടുത്ത വര്‍ഷങ്ങളിലാണ് മരണത്തിന് കീഴടങ്ങിയത്. 2012ല്‍ മരിച്ച ഭാര്യയുടെ മൃതദേഹവും, റഷ്യയില്‍ വെച്ച് മരിച്ച മകന്റെ ചിതാഭസ്മവും ബ്രിട്ടനിലാണ് അടക്കിയിട്ടുള്ളത്. കരള്‍ രോഗത്തെത്തുടര്‍ന്നായിരുന്നു അലക്‌സാണ്ടറുടെ മരണം. റഷ്യയില്‍ നിന്നെത്തിയ മകളെയും കൂട്ടി സ്‌ക്രിപാല്‍ സെമിത്തേരിയിലെ കല്ലറകള്‍ സന്ദര്‍ശിച്ചിരുന്നതായാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് സ്‌ക്രിപാല്‍ കുടുംബത്തിന്റെ കല്ലറയില്‍ വെച്ചിരുന്ന പൂക്കള്‍ ഉള്‍പ്പെടെയുള്ളവ മിലിറ്ററി കണ്‍വോയില്‍ സാലിസ്ബറി ഡിസ്ട്രിക്ട് ആശുപത്രിയിലേക്ക് നീക്കിയത്. ഭാര്യയുടെ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
സ്‌ക്രിപാലിനും കുടുംബത്തിനും നേര്‍ക്ക് നടന്ന അക്രമണം അന്വേഷിക്കാനിറങ്ങിയ പോലീസുകാരനും, സഹായിക്കാന്‍ അടുക്കലെത്തിയ മെഡിക്കല്‍ സംഘത്തിനും വരെ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് വിഷബാധ ചെറിയ പ്രശ്‌നമല്ലെന്ന് തിരിച്ചറിയുന്നത്. അന്വേഷണങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതിനിടെ ഹോം സെക്രട്ടറി ആംബര്‍ റൂഡിന്റെ അധ്യക്ഷതയില്‍ സര്‍ക്കാരിന്റെ അടിയന്തര കോബ്ര കമ്മിറ്റി യോഗം ചേരും.