CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 5 Minutes 18 Seconds Ago
Breaking Now

എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പളം കൂട്ടുമെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ രേഖകള്‍ ചോര്‍ന്നു; 3 വര്‍ഷത്തിനിടെ 6.5% ശമ്പള വര്‍ദ്ധനവ് നടപ്പാക്കും; പക്ഷെ ഇതിന് ചില നിബന്ധനകളുണ്ട്, കേട്ടാല്‍ ആരോഗ്യ മന്ത്രിയുടെ തലയടിച്ച് പൊളിക്കും!

എന്‍എച്ച്എസ് ജീവനക്കാരോട് വല്ല്യേട്ടന്‍ മനോഭാവം സ്വീകരിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കാന്‍ സമയമായെന്ന് വിദഗ്ധര്‍

ഏത് ഓഫര്‍ നല്‍കുമ്പോഴും അതിനൊപ്പം ഒരു നക്ഷത്ര ചിഹ്നം കൊടുക്കും, അതിന് അനുയോജ്യമായ രീതിയില്‍ വ്യവസ്ഥകളും നിബന്ധനകളും ഭൂതകണ്ണാടി വെച്ച് നോക്കിയാല്‍ പോലും കാണാത്ത രീതിയില്‍ എഴുതിപ്പിടിപ്പിച്ചിരിക്കും. വ്യാപാരസ്ഥാപനങ്ങളുടെ ഈ കബളിപ്പിക്കല്‍ തന്ത്രമാണ് സര്‍ക്കാര്‍ എന്‍എച്ച്എസ് ജീവനക്കാരോട് പ്രകടിപ്പിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ചോര്‍ന്ന സര്‍ക്കാര്‍ രേഖകള്‍. അടുത്ത മൂന്ന് വര്‍ഷക്കാലം കൊണ്ട് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 605% ശമ്പള വര്‍ദ്ധനവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ രേഖകള്‍. എന്നാല്‍ ഇതിനൊരു നിബന്ധനയുണ്ട്!

ഓരോ വര്‍ഷവും ലഭിക്കുന്ന ഹോളിഡേ എന്‍എച്ച്എസിന് ദാനം ചെയ്യണമെന്നതാണ് ഈ നിബന്ധന. പബ്ലിക് സെക്ടറിലെ വേതന വ്യത്യാസം തീര്‍പ്പാക്കാനായി പ്രഖ്യാപിച്ച പേ ക്യാപ്പിന് അന്ത്യം കുറിച്ച് കൊണ്ടാണ് 3.3 ബില്ല്യണ്‍ പൗണ്ടിന്റെ ശമ്പള കരാര്‍ പ്രഖ്യാപിക്കുന്നത്. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് അടുത്ത ആഴ്ച നടത്തുന്ന ശരത്കാല പ്രഖ്യാപനത്തില്‍ ഇതും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് ട്രേഡ് യൂണിയനുകളുമായി ഇപ്പോഴും വിലപേശല്‍ തുടരുകയാണെന്നാണ് പറയപ്പെടുന്നത്. ഗാര്‍ഡിയന്‍ പത്രമാണ് ചോര്‍ന്ന രേഖകള്‍ പുറത്തുവിട്ടത്. അന്തിമ തീരുമാനം ഇപ്പോഴും ആയിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ രേഖ ചോര്‍ന്നെന്ന വാദം ഡൗണിംഗ് സ്ട്രീറ്റ് നിഷേധിച്ചു. 

ഹെല്‍ത്ത് സര്‍വ്വീസ് ജീവനക്കാര്‍ക്ക് 2010 മുതല്‍ ശമ്പളവര്‍ദ്ധനവ് നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ നവംബറില്‍ നടത്തിയ ബജറ്റ് പ്രഖ്യാപനത്തില്‍ ശമ്പള വര്‍ദ്ധനവ് മരവിപ്പിച്ച നടപടി അവസാനിപ്പിക്കുമെന്ന് ചാന്‍സലര്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യ, സോഷ്യല്‍ കെയര്‍ വകുപ്പ് തയ്യാറാക്കിയ കരട് പ്രകാരം നോണ്‍ മെഡിക്കല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 3 ശതമാനം വര്‍ദ്ധനവാണ് പറയപ്പെടുന്നത്. ആദ്യത്തെ വര്‍ഷം ഇത് അനുവദിച്ച ശേഷം അടുത്ത രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് 1-2 ശതമാനം വര്‍ദ്ധിപ്പിക്കുമത്രേ. 

ഒരു ദിവസത്തെ ആനുവല്‍ ലീവ് കൈമാറിയാല്‍ മാത്രമാണ് ശമ്പളവര്‍ദ്ധനവ് എന്ന നിബന്ധനയാണ് ചര്‍ച്ചകളില്‍ സുപ്രധാനമാകുന്നത്. ഏഴ് വര്‍ഷക്കാലമായി ശമ്പള വര്‍ദ്ധനവില്ലാതെ ബുദ്ധിമുട്ടുന്ന ജീവനക്കാര്‍ ഇത് നടപ്പാക്കി നല്‍കണമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് ആവശ്യപ്പെട്ടു. ജീവനക്കാര്‍ എന്‍എച്ച്എസ് ഉപേക്ഷിച്ച് പോകുന്നത് ഒഴിവാക്കാനും സേവനത്തെ ആരോഗ്യപൂര്‍ണ്ണമായി നിലനിര്‍ത്താനും ഇത് ആവശ്യമാണ്. എന്‍എച്ച്എസ് സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ വര്‍ദ്ധിപ്പിക്കുന്ന ശമ്പളം നല്‍കാനുള്ള ഫണ്ടും സര്‍ക്കാര്‍ അനുവദിക്കണമെന്ന് സ്റ്റീവന്‍സ് ആവശ്യപ്പെട്ടു. 

എന്‍എച്ച്എസ് ജീവനക്കാരോട് വല്ല്യേട്ടന്‍ മനോഭാവം സ്വീകരിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കാന്‍ സമയമായെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നഴ്‌സ് റിക്രൂട്ട്‌മെന്റ് നടത്താനും ഉള്ളവരെ പിടിച്ച് നിര്‍ത്താനും അടിയന്തര നടപടി വേണമെന്ന് ഹെല്‍ത്ത് ഫൗണ്ടേഷന്‍ റിസേര്‍ച്ച് ഡയറക്ടര്‍ പ്രൊഫ. അനിത ചാള്‍സ്‌വര്‍ത്ത് ആവശ്യപ്പെട്ടു. പത്തില്‍ ഒരു നഴ്‌സിംഗ് വേക്കന്‍സിയില്‍ ആളില്ലാത്ത അവസ്ഥയാണ്. ശമ്പളം മാത്രമല്ല നഴ്‌സുമാരെ വിഷമിപ്പിക്കുന്നത്, മെച്ചപ്പെട്ട സേവനം നല്‍കാന്‍ കഴിയാത്തതും, ജോലിയില്‍ ബാലന്‍സ് ഇല്ലെന്നതും അവരെ വിഷമിപ്പിക്കുന്നു, ചാള്‍സ്‌വര്‍ത്ത് കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.