CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 17 Minutes 19 Seconds Ago
Breaking Now

പുടിന് ലണ്ടനില്‍ വെച്ച് പണികൊടുക്കാന്‍ തെരേസ മേയ്; ബിനാമികള്‍ വഴി ബ്രിട്ടനില്‍ റഷ്യന്‍ പ്രസിഡന്റ് ഇറക്കിയ കോടികള്‍ പിടിക്കാന്‍ നടപടി; റഷ്യന്‍ മാഫിയകള്‍ക്ക് വിസ അനുവദിക്കുന്നതില്‍ നിയന്ത്രണം; വാക്‌പോര് എങ്ങോട്ട്?

യുകെയില്‍ അനധികൃതമായി സ്വത്ത് വികസിപ്പിച്ചെടുത്ത റഷ്യന്‍ സംഘങ്ങളോട് ഇതിന്റെ ശ്രോതസ്സ് വെളിപ്പെടുത്താനും ആവശ്യപ്പെടും.

ബ്രിട്ടനും, റഷ്യയും തമ്മിലുള്ള പോരാട്ടം അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വാക്‌പോരിന് മൂര്‍ച്ചയേറുന്നു. യുകെ നയതന്ത്രജ്ഞരെ പുറത്താക്കി തിരിച്ചടിച്ച റഷ്യക്ക് അടുത്ത മറുപടി നല്‍കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടന്‍. ഇക്കുറി റഷ്യയില്‍ നിന്നും കവര്‍ന്ന പണം ബ്രിട്ടനില്‍ ഇറക്കി ലാഭം കൊയ്യുന്ന പ്രസിഡന്റ് വഌദിമര്‍ പുടിന്റെ അനുയായികളെയാണ് പ്രധാനമന്ത്രി തെരേസ മേയ് ലക്ഷ്യം വെയ്ക്കുന്നത്. ലണ്ടനില്‍ സ്വരുക്കൂട്ടിയ വന്‍ സ്വത്തുവകകള്‍ പിടിച്ചെടുക്കാനാണ് ബ്രിട്ടന്റെ നീക്കം. റഷ്യയിലെ പ്രോപ്പര്‍ട്ടി മേഖലയിലും, ഷെയറുകളിലും ഈ തുക കിടന്ന് കളിക്കുന്നതായാണ് വിവരം. 

പുടിന്റെ കള്ളപ്പണമാണ് ബിനാമികള്‍ വഴി ബ്രിട്ടനിലെത്തുന്നതെന്നാണ് അധികൃതര്‍ കരുതുന്നത്. അനധികൃതമായി ഉണ്ടാക്കിയ സ്വത്തുവകകള്‍ പിടിച്ചെടുക്കാന്‍ അടിയന്തര നിയമനിര്‍മ്മാണം തന്നെ നടത്തേണ്ടതായി വരും. ഇതുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ബ്രിട്ടന്റെ തീരുമാനം. റഷ്യന്‍ പ്രസിഡന്റുമായി ബന്ധപ്പെട്ട മാഫിയ സംഘങ്ങള്‍ ബ്രിട്ടനില്‍ സജീവമാണ്. ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി അടിക്കടി ഇവര്‍ ലണ്ടനില്‍ വന്ന് മടങ്ങുന്നുണ്ട്. ഇതിന് തടയിട്ട് കൊണ്ട് വിസ അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നീക്കം. 

യുകെയില്‍ അനധികൃതമായി സ്വത്ത് വികസിപ്പിച്ചെടുത്ത റഷ്യന്‍ സംഘങ്ങളോട് ഇതിന്റെ ശ്രോതസ്സ് വെളിപ്പെടുത്താനും ആവശ്യപ്പെടും. ഈ പുതിയ നടപടികള്‍ അടുത്ത ആഴ്ച ചേരുന്ന നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും. സാലിസ്ബറി അക്രമണത്തിന് പിന്നിലെ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ലെങ്കിലും റഷ്യ തന്നെയാണ് ഇതിന് പിന്നിലെന്ന് ഉറപ്പിച്ച മട്ടിലാണ് ബ്രിട്ടന്‍. പുടിന്റെ മര്‍മ്മം നോക്കി പ്രഹരിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപദേശം. അതിന് ഏറ്റവും നല്ല വഴി ബിനാമികളെ പിടികൂടുകയാണെന്നും ഇവര്‍ കരുതുന്നു. വിദേശികളുടെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നാണ് പ്രധാനമന്ത്രി കാര്യാലയം വ്യക്തമാക്കുന്നത്. 

റഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചാല്‍ ഗ്ലോബല്‍ ബ്രിട്ടന്‍ ഇല്ലാതാകുമെന്ന് മോസ്‌കോ ഓര്‍മ്മിപ്പിക്കുന്നു. വരുംദിനങ്ങളില്‍ അടിയും തിരിച്ചടിയും വര്‍ദ്ധിക്കുമ്പോള്‍ ഏത് തരത്തിലാകും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയെന്ന് ആശങ്കയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.