വെയില്‍സ് രാജകുമാരിയെ തേടി രാജാവിന്റെ അപൂര്‍വ്വമായ അംഗീകാരം. വര്‍ഷങ്ങളായി നല്‍കുന്ന പൊതുസേവനത്തിന് അംഗീകാരമായി 'ദി ഓര്‍ഡര്‍ ഓഫ് ദി കംപാനിയന്‍സ് ഓഫ് ഓണര്‍' പദവിയാണ് ചാള്‍സ് രാജാവ് മരുമകള്‍ക്കായി പ്രഖ്യാപിച്ചത്.
1917-ല്‍ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവ് തുടങ്ങിയ റോയല്‍ കംപാനിയന്‍ ഓഫ് ദി ഓര്‍ഗനൈസേഷനില്‍ കല, ശാസ്ത്ര, മെഡിസിന്‍, പൊതുസേവന രംഗങ്ങലിലെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് സമ്മാനിക്കാറുള്ളത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ അംഗീകാരം രാജകുടുംബത്തില്‍ നിന്നും ഒരു അംഗത്തിന് ആദ്യമായാണ് നല്‍കുന്നത്.
ചാള്‍സ് രാജാവ് മരുമകള്‍ക്ക് നല്‍കുന്ന ഉന്നത അംഗീകാരം അദ്ദേഹത്തിന്റെ മനസ്സിലെ സ്ഥാനം വ്യക്തമാക്കുന്നുവെന്ന് ശ്രോതസ്സുകള്‍ കണക്കാക്കുന്നു. 13 വര്‍ഷം മുന്‍പ് വില്ല്യം രാജകുമാരനെ വിവാഹം ചെയ്തത് മുതല്‍ രാജകുടുംബത്തിന് നല്‍കുന്ന വിശ്വസ്തമായ സേവനത്തിന് നന്ദി സൂചകം കൂടിയാണ് ഈ അംഗീകാരമെന്നാണ് കരുതുന്നത്. കലാരംഗത്തെ കെയ്റ്റിന്റെ സംഭാവനയും ഇതിനായി കണക്കാക്കിയെന്നാണ് പറയപ്പെടുന്നത്.
ഫോട്ടോഗ്രാഫി ഏറെ ഇഷ്ടപ്പെടുന്ന കെയ്റ്റ് റോയല്‍ ഫോട്ടോഗ്രാഫിക് സൊസൈറ്റി, നാഷണല്‍ പോര്‍ട്രെയ്റ്റ് ഗ്യാലറി എന്നിവയുടെ പേട്രനാണ്. അതേസമയം മദേഴ്‌സ് ഡേയില്‍ പകര്‍ത്തി, പുറത്തുവിട്ട ഫോട്ടോയില്‍ ഫോട്ടോഷോപ്പ് ചെയ്ത് അബദ്ധത്തില്‍ ചാടിയതിനെ തുടര്‍ന്ന് ഈ ചിത്രം പിന്‍വലിക്കേണ്ടി വന്നിരുന്നു. ഇതിന് ശേഷമാണ് കലാരംഗത്തെ സംഭാവന കൂടി കണക്കിലെടുത്ത് കെയ്റ്റിന് അംഗീകാരം നല്‍കുന്നതെന്നതില്‍ വൈരുദ്ധ്യം ബാക്കിയാണ്.