ക്യാന്‍സര്‍ രോഗികള്‍ ചികിത്സ ആരംഭിക്കാനായി കാത്തിരിക്കുന്ന സമയത്തില്‍ 2020 മുതല്‍ ഇരട്ടി വര്‍ദ്ധനവ്. ക്യാന്‍സര്‍ പരിചരണം ആരംഭിക്കാനായി ഏകദേശം 16,000 രോഗികളാണ് നാല് മാസത്തിലേറെ കാത്തിരിക്കേണ്ടി വന്നത്. നാല് വര്‍ഷത്തിനിടെ അടിയന്തര റഫറല്‍ ലഭിച്ച രോഗികള്‍ക്കാണ് ഈ ദുരവസ്ഥ.
എന്‍എച്ച്എസ് ലക്ഷ്യമിടുന്നതിന്റെ ഇരട്ടിയാണ് ഇത്. ക്യാന്‍സര്‍ ഉള്ളതായി സംശയം തോന്നിയാല്‍ രണ്ട് മാസത്തിനകം ചികിത്സ ആരംഭിക്കണമെന്നാണ് എന്‍എച്ച്എസ് ലക്ഷ്യം. ഈ കാലതാമസം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് വിദഗ്ധര്‍ പറഞ്ഞു. ഈ ദീര്‍ഘമായ കാത്തിരിപ്പ് ജീവന്‍ നഷ്ടമാകുന്നതില്‍ കലാശിക്കുമെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
6334 രോഗികള്‍ കഴിഞ്ഞ വര്‍ഷം 124 ദിവസത്തിലേറെ കാത്തിരുന്നതായി ലിബറല്‍ ഡെമോക്രാറ്റ് പരിശോധന വ്യക്തമാക്കി. 2020-ല്‍ രേഖപ്പെടുത്തിയ 2922 പേരുടെ ഇരട്ടിയാണ് ഇത്. അതേസമയം 1100-ലേറെ രോഗികള്‍ 6 മാസത്തിലേറെ ചികിത്സയ്ക്കായി കാത്തിരുന്നുവെന്നും ഞെട്ടിക്കുന്ന രേഖകള്‍ പറയുന്നു. 167 ഹെല്‍ത്ത് ട്രസ്റ്റുകളില്‍ 69 ഇടത്ത് നിന്ന് മാത്രമാണ് വിഷയത്തില്‍ വിവരാവകാശ പ്രകാരം മറുപടി ലഭിച്ചത്.
ക്യാന്‍സര്‍ ഉണ്ടെന്ന് മനസ്സിലാക്കിയ ശേഷം ഇത്തരമൊരു കാത്തിരിപ്പ് വേണ്ടിവരുന്നത് രോഗികള്‍ക്കും, അവരുടെ പ്രിയപ്പെട്ടവര്‍ക്കും കനത്ത ആഘാതമാണെന്ന് ക്യാന്‍സര്‍ റിസേര്‍ച്ച് യുകെ പോളിസി ഡയറക്ടര്‍ ഡോ. ഓവന്‍ ജാക്ക്‌സണ്‍ പറഞ്ഞു. 2015ന് ശേഷം ഒരിക്കല്‍ പോലും രണ്ട് മാസത്തിനകം ചികിത്സയെന്ന ലക്ഷ്യം നേടിയിട്ടില്ല. ഇത് വലിയ പരാജയമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കഴിഞ്ഞ ദശകത്തില്‍ എന്‍എച്ച്എസ് ക്യാന്‍സര്‍ പരിശോധനകളും ഇരട്ടിയായി ഉയര്‍ന്നുവെന്ന് ഹെല്‍ത്ത് ലീഡേഴ്‌സ് പറഞ്ഞു. ഇതോടെ ക്യാന്‍സറുകള്‍ നേരത്തെ തന്നെ തിരിച്ചറിയുന്നുണ്ട്. ജൂനിയര്‍ ഡോക്ടര്‍മാരും, കണ്‍സള്‍ട്ടന്റുമാരും നടത്തിയ സമരങ്ങളില്‍ 7000-ലേറെ ക്യാന്‍സര്‍ ഓപ്പറേഷനുകളാണ് വൈകിയത്.