പ്രണയബന്ധങ്ങള്‍ വിവാഹത്തിലേക്ക് എത്തിക്കുമ്പോള്‍ സഫലമാക്കാന്‍ തന്ത്രപരമായ നീക്കങ്ങള്‍ അത്യാവശ്യമാണ്. പ്രത്യേകിച്ച് പെണ്‍വീട്ടുകാര്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ ഇടപെടല്‍ നടത്തി അവരെ കൂടി ഉള്‍പ്പെടുത്തിയാണ് ഓരോ തീരുമാനവും എന്ന് ഉറപ്പിക്കുന്നത് വഴി ആ വീടുമായുള്ള ബന്ധം ശക്തമാക്കാന്‍ കഴിയും, വിശ്വാസ്യത കൂട്ടുന്നതിലും വിജയിക്കും. ഇതൊന്നും കൂടാതെ സ്വയം തീരുമാനിച്ച് കാര്യങ്ങള്‍ നടത്താന്‍ ശ്രമിച്ചാല്‍ അത് എവിടെയും എത്തില്ല. ഇത് നന്നായി മനസ്സിലാക്കിയാണ് ഹാരി രാജകുമാരന്‍ വധു മെഗാന്‍ മാര്‍ക്കിളിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടതും, കാര്യങ്ങള്‍ ഒരു വഴിയാക്കിയതും.
അമ്മായിയമ്മയെ നേരത്തെ തന്നെ പാട്ടിലാക്കിയ ഹാരി രാജകുമാരന്‍ വധുവിന്റെ പിതാവിനെയും സമാനമായ തരത്തില്‍ സ്വാധീനിച്ച് ചാക്കിലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഗാന്റെ പിതാവ് കുടുംബവുമായി അകന്ന് മെക്‌സിക്കോയിലെ റിട്ടയര്‍മെന്റ് ഹോമിലാണ് കഴിയുന്നത്. എന്നാല്‍ മകളുടെ കൈപിടിക്കാന്‍ ഒരുങ്ങുന്ന ഹാരി യഥാര്‍ത്ഥത്തില്‍ ഈ കുടുംബത്തെ തന്നെ ഒരുമിപ്പിക്കുന്ന ലക്ഷണമാണ്. തോമസ് മാര്‍ക്കിളുമായി സ്ഥിരമായി ഫോണില്‍ ബന്ധപ്പെടുന്ന ഹാരി വിവാഹത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് ഇദ്ദേഹവുമായി ചര്‍ച്ചയും നടത്തുന്നുണ്ട്.
കുടുംബപ്രശ്‌നങ്ങളെക്കുറിച്ച് ഹാരി തോമസിനെ വിഷമിപ്പിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സുഹൃത്തായ ലോറി ഡേവിസ് വ്യക്തമാക്കി. ഹാരി നല്ലൊരു മനുഷ്യനാണെന്നാണ് തോമസ് കരുതുന്നു, ഇതിലും നല്ലൊരു മരുമകനെ കിട്ടില്ലെന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. മെഗാനും പിതാവും തമ്മില്‍ ബന്ധമില്ലെന്നും മെയ് 19-ന് നടക്കുന്ന രാജകീയ വിവാഹത്തിലേക്ക് ക്ഷണം ലഭിക്കില്ലെന്നുമൊക്കെയാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായി മെഗാന്റെ കൈപിടിച്ച് വിന്‍ഡ്‌സര്‍ കാസിലില്‍ തോമസ് എത്തുമെന്നാണ് ഇപ്പോള്‍ കരുതുന്നത്.
2016-ല്‍ പാപ്പരായതിനെത്തുടര്‍ന്നാണ് മുന്‍ ഹോളിവുഡ് ലൈറ്റിംഗ് ഡയറക്ടറായിരുന്ന തോമസ് മെക്‌സിക്കോയില്‍ സമാധാന ജീവിതത്തിലേക്ക് ചുവടുമാറിയത്. കുടുംബവുമായി വലിയ ബന്ധമില്ലാതെ ജീവിക്കുന്ന മെഗാന്റെ വിവാഹത്തിലേക്ക് പക്ഷെ ഇവരെയെല്ലാം എത്തിച്ച് സന്തോഷിപ്പിക്കാനാണ് ഹാരി രാജകുമാരന്റെ ശ്രമം.