ലേബര്‍ ഗവണ്‍മെന്റിന് കനത്ത തിരിച്ചടി നല്‍കി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്ക് തീയതി പ്രഖ്യാപിച്ചു. കേവലം രണ്ടാഴ്ച അകലെ പണിമുടക്കുമെന്ന് അറിയിച്ചതോടെ യൂണിയനുകളുമായി വലിയ അടുപ്പം സൂക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഗവണ്‍മെന്റ് പ്രതിസന്ധിയിലായി. എന്‍എച്ച്എസിനെ സ്വന്തം കാലില്‍ തിരിച്ചെത്തിക്കാനുള്ള പദ്ധതികള്‍ വെള്ളത്തിലാകുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സമ്മതിക്കുന്നു.
അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നടപടി അന്യായമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി കുറ്റപ്പെടുത്തി. ജൂലൈ 25 രാവിലെ 7 മുതല്‍ തങ്ങള്‍ പണിമുടക്കുമെന്ന് മുന്‍പ് ജൂനിയര്‍ ഡോക്ടര്‍മാരെന്ന് വിളിച്ച റസിഡന്റ് ഡോക്ടര്‍മാര്‍ പ്രഖ്യാപിക്കുന്നു. 29 ശതമാനം ശമ്പളവര്‍ദ്ധന കിട്ടണമെന്നാണ് ആവശ്യം.
എന്നാല്‍ ഈ പിടിവാശിയില്‍ 200,000 അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളും റദ്ദാക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ശമ്പളവര്‍ദ്ധന വിഷയത്തില്‍ വിലപേശലിന് തയ്യാറല്ലെന്നാണ് സ്ട്രീറ്റിംഗ് ആവര്‍ത്തിക്കുന്നത്. സമരം ചെയ്യാനുള്ള തിടുക്കം ഒഴിവാക്കി, റസിഡന്റ് ഡോക്ടര്‍മാര്‍ സേവനം മെച്ചപ്പെടുത്തി ചര്‍ച്ചകള്‍ക്ക് തയ്യാറാകുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
'ബ്രിട്ടീഷ് ചരിത്രത്തില്‍ ഒരു ട്രേഡ് യൂണിയനും അംഗങ്ങള്‍ 28.9 ശതമാനം വര്‍ദ്ധന ആവശ്യപ്പെട്ട് അടിയന്തരമായി സമരം പ്രഖ്യാപിച്ചിട്ടില്ല. ബിഎംഎ റസിഡന്റ് ഡോക്ടര്‍മാരില്‍ ഭൂരിഭാഗവും സമരത്തെ അനുകൂലിച്ചിട്ടുമില്ല. ഇത് അന്യായമാണ്. എന്‍എച്ച്എസ് തിരിച്ചുവരവ് ഞാണിന്മേല്‍ തൂങ്ങുകയാണ്', ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു.
ലേബര്‍ തങ്ങളുടെ 10 വര്‍ഷത്തെ ഹെല്‍ത്ത് പ്ലാന്‍ പ്രഖ്യാപിച്ച് ഒരാഴ്ച തികയുന്നതിന് മുന്‍പാണ് രോഗികളെ ദുരിതത്തിലാക്കാന്‍ ഡോക്ടര്‍മാരുടെ നടപടി വരുന്നത്. ലേബര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് 22% ശമ്പളവര്‍ദ്ധന അനുവദിച്ച ശേഷമാണ് ഈ വര്‍ഷവും വന്‍ ഓഫര്‍ ആവശ്യപ്പെടുന്നത്.