CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 9 Minutes 46 Seconds Ago
Breaking Now

ബോട്ടിലേറി വരുന്നവരെ, ബോട്ടില്‍ മടക്കും! ചെറുബോട്ടുകളില്‍ ബ്രിട്ടീഷ് തീരത്ത് എത്തുന്നവരെ ഫ്രാന്‍സിലേക്ക് തിരിച്ചയയ്ക്കാന്‍ കരാര്‍ പ്രഖ്യാപിച്ച് സ്റ്റാര്‍മര്‍; ബ്രിട്ടനില്‍ ബന്ധുബലമുണ്ടെങ്കില്‍ ഫ്രാന്‍സില്‍ നിന്നും അഭയാര്‍ത്ഥികളെ സ്വീകരിക്കും; പാതിവെന്ത കരാര്‍ കൊണ്ട് ഗുണമുണ്ടോ?

കുടിയേറ്റക്കാരെ മടക്കി അയയ്ക്കുന്നതിനുള്ള സമയനിബന്ധനയോ, മറ്റ് വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ല

യുകെയിലേക്ക് ചെറുബോട്ടുകളില്‍ കയറി അനധികൃതമായി ഇംഗ്ലീഷ് ചാനല്‍ കടക്കുന്നവരെ പിടികൂടി മടക്കി അയയ്ക്കാനുള്ള കരാര്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും. ചാനല്‍ പ്രതിസന്ധി കൈവിട്ട് കുതിക്കുന്നതിനിടെയാണ് ഈ നീക്കം. എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ സ്റ്റാര്‍മറുടെ 'ഒരാള്‍ അകത്ത്, ഒരാള്‍ പുറത്ത്' സ്‌കീം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. 

പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഒരു തരത്തിലും സഹായിക്കാത്ത നിബന്ധനകളാണ് ഇതിലുള്ളതെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ചെറുബോട്ടുകളില്‍ എത്തുന്നവരെ ഫ്രാന്‍സിലേക്ക് തിരിച്ച് അയയ്ക്കുമെന്നാണ് സ്റ്റാര്‍മര്‍ അവകാശപ്പെടുന്നത്. ഈ സ്‌കീം കൊണ്ടൊന്നും പ്രതിസന്ധി അവസാനിക്കില്ലെന്ന് പ്രധാനമന്ത്രി തന്നെ സമ്മതിക്കുന്നു. 

നോര്‍ത്തേണ്‍ ഫ്രാന്‍സില്‍ നിന്നും നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാര്‍ ചാനല്‍ കടന്ന ദിവസമാണ് കരാര്‍ പ്രഖ്യാപനം. അതേസമയം ഈ അഭയാര്‍ത്ഥികളെ ഫ്രാന്‍സിലേക്ക് നാടുകടത്തുന്നതിന് മുന്‍പ് കോടതികളെ സമീപിക്കാന്‍ കഴിയുമെന്നതിനാല്‍ കോടതികളില്‍ കേസ് കുമിഞ്ഞ് കൂടാനുള്ള സാധ്യതയാണ് തെളിയുന്നത്. 

ഫ്രാന്‍സിലേക്ക് തിരികെ അയച്ചാലും, ഇവര്‍ സ്വതന്ത്രരായിരിക്കുമെന്നതിനാല്‍ വീണ്ടും ബ്രിട്ടനിലേക്ക് വരാനുള്ള സാധ്യതയുണ്ട്. ലേബര്‍ അധികാരത്തിലെത്തിയ ശേഷം 44,359 കുടിയേറ്റക്കാരാണ് ഡോവറില്‍ പ്രവേശിച്ചത്. ഈ വര്‍ഷം ഇതുവരെ 21,117 പേര്‍ എത്തിയിട്ടുണ്ട്. 

കുടിയേറ്റക്കാരെ മടക്കി അയയ്ക്കുന്നതിനുള്ള സമയനിബന്ധനയോ, മറ്റ് വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ല. ഇത് വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് മാത്രമാണ് അറിയിപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.