എന്‍എച്ച്എസ് ടാക്‌സ് ആവിഷ്‌കരിക്കണമെന്ന ആവശ്യവുമായി ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് രംഗത്ത്. ഹെല്‍ത്ത് സര്‍വ്വീസിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗ് എങ്ങിനെ കണ്ടെത്തുമെന്ന വിഷയത്തില്‍ അന്വേഷണം നടത്താന്‍ നൂറോളം എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നതിനിടെയാണ് ഹണ്ട് ഈ ആവശ്യം ഉന്നയിക്കുന്നത്. എന്‍എച്ച്എസ് ടാക്‌സ് വഴി ശേഖരിക്കുന്ന പണം നേരിട്ട് ആരോഗ്യ മേഖലയിലേക്ക് ഒഴുക്കുന്നതിനെ ജനം പിന്തുണയ്ക്കുമെന്നും ഹണ്ട് കൂട്ടിച്ചേര്‍ത്തു.
ട്രഷറിയുമായുള്ള എതിര്‍പ്പ് മറനീക്കിക്കൊണ്ടാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ പുതിയ ടാക്‌സിന് വേണ്ടിയുള്ള ആവശ്യം. നിലവില്‍ വലിയസാമ്പത്തിക പ്രശ്‌നത്തിലൂടെയാണ് എന്‍എച്ച്എസ് കടന്നുപോകുന്നത്. 1 പെന്‍സ് മാത്രം ടാക്‌സ് ഉയര്‍ത്തിയാല്‍ 5 ബില്ല്യണ്‍ പൗണ്ട് കണ്ടെത്താന്‍ കഴിയുമെന്നാണ് ഹണ്ടിന്റെ പ്രതീക്ഷ. പരമ്പരാഗത രീതി മാറ്റിവെച്ച് അടുത്ത 10 വര്‍ഷത്തേക്ക് പണമിറക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്നും സെക്രട്ടറി ഓര്‍മ്മിപ്പിച്ചു.
അടുത്ത 10 വര്‍ഷം കൊണ്ട് 75 വയസ്സിന് മുകളിലുള്ള ഒരു മില്ല്യണ്‍ പേര്‍ നാട്ടിലുണ്ടാകും. എന്‍എച്ച്എസിനും, സോഷ്യല്‍ കെയറിനും പണം വേണം. പൊതുജനങ്ങള്‍ക്കും ഇതേക്കുറിച്ച് അറിയാം, പക്ഷെ കൂടുതല്‍ നല്‍കുന്ന ടാക്‌സ് കൃത്യമായി ചെലവഴിക്കുന്നു എന്ന ഉറപ്പാണ് അവര്‍ക്ക് തിരിച്ച് നല്‍കേണ്ടത്, ജെറമി ഹണ്ട് വ്യക്തമാക്കി.
പുതിയ ടാക്‌സിനുള്ള ആരോഗ്യ സെക്രട്ടറിയുടെ നീക്കങ്ങള്‍ പ്രധാനമന്ത്രി കാര്യാലയത്തെ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ ഏതാനും നാളായി ജെറമി ഹണ്ട് സ്വകാര്യമായി പറഞ്ഞത് ഇപ്പോള്‍ തുറന്ന് പറഞ്ഞെന്ന് മാത്രമാണ് ഇദ്ദേഹവുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കി.