ഓങ്കോളജി നഴ്‌സിന് ബാധിച്ച ബവല്‍ ക്യാന്‍സര്‍ സ്‌റ്റേജ് 4നുള്ള ചികിത്സ എന്‍എച്ച്എസില്‍ ലഭ്യമല്ലെന്ന് വ്യക്തമാക്കിയ വാര്‍ത്ത നേരത്തെ ആളുകളെ ഞെട്ടിച്ചിരുന്നു. എന്നാല്‍ എന്‍എച്ച്എസിന് പുറത്ത് നിന്നും ജീവന്‍ നിലനിര്‍ത്താനുള്ള ചികിത്സ നേടാനായി ഫണ്ട് സ്വരൂപിക്കാനിറങ്ങിയ 42-കാരി ലോറ ഹാരിസിനെ ഞെട്ടിച്ച് കൊണ്ട് അപരിചിതര്‍ കൈയയച്ച് സഹായിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
മൂന്ന് മാസം മാത്രമാണ് ക്യാന്‍സര്‍ ബാധ തിരിച്ചറിയുമ്പോള്‍ നഴ്‌സിന് ഡോക്ടര്‍മാര്‍ വിധിച്ചിരുന്നത്. എന്നാല്‍ എന്‍എച്ച്എസില്‍ ചികിത്സ ലഭിക്കാതെ വന്നതോടെ സ്വകാര്യ ചികിത്സയ്ക്ക് പണം കണ്ടെത്തേണ്ട ഗതികേടിലായി ലോറ. പൊതുജനങ്ങളില്‍ നിന്നും ധനം ശേഖരിക്കാന്‍ ആരംഭിച്ച് 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ 40,000 പൗണ്ട് എന്ന കടമ്പ കടന്നു. ഇപ്പോള്‍ പ്രതീക്ഷിച്ച സംഖ്യയും കടന്ന് 81,000 പൗണ്ട് സ്വരൂപിച്ച് കഴിഞ്ഞു.
അവാസ്റ്റിന്‍ എന്നറിയപ്പെടുന്ന മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയാണ് ഓങ്കോളജി നഴ്‌സ് ആശ്രയിക്കുന്നത്. ഇതുവഴി തന്റെ ജീവിതം കുറച്ച് കാലം കൂടി പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്‍എച്ച്എസില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച 42-കാരി തന്റെ രണ്ട് മക്കള്‍ക്കൊപ്പം കുറച്ച് കാലം കൂടി ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
സാധാരണ കീമോതെറാപ്പിയ്‌ക്കൊപ്പം അപരിചിതരുടെ സഹായത്തോടെ അവാസ്റ്റിന്‍ ഉപയോഗിച്ചുള്ള ചികിത്സയും ലോറ ഹാരിസിന് ലഭിക്കും.