സറേയിലെ ലെതര്‍ഹെഡില്‍ ജംഗ്ഷന്‍ 8നും 9നും ഇടയില്‍ വെച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഒരു ഡ്രൈവറെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ വഴിയില്‍ എയര്‍ ആംബുലന്‍സ് ഇറക്കേണ്ടിയും വന്നു. രണ്ട് ലോറികളും ഒരു വാനുമാണ് അപകടത്തില്‍ പെട്ടത്. ഇതുമൂലം എം25യില്‍ തൊണ്ണൂറ് മിനിറ്റോളം ഗതാഗത തടസ്സം നേരിട്ടു.
അപകടം നടന്നയുടനെ എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്തെത്തി. റോഡില്‍ ഓയില്‍ പരന്നൊഴുകിയത് മൂലം ജാഗ്രതയിലായിരുന്നു അധികൃതര്‍. ഒരു ലോറി ഡ്രൈവറെയാണ് ടൂട്ടിംഗ് സെന്റ് ജോര്‍ജ്ജ് ആശുപത്രിയിലേക്ക് എത്തിച്ചത്. മറ്റുള്ളവര്‍ക്ക് ചെറിയ പരുക്കുകളാണ് ഏറ്റത്. ഗതാഗത തടസ്സം ഒഴിവാക്കാന്‍ ഒരു വശത്തേക്കുള്ള റോഡ് പോലീസ് തുറന്നുനല്‍കി.
നാല് ലെയിനുകളിലും ഇന്ധനം ഒഴുകിയിട്ടുള്ളതായി സറേ പോലീസ് വ്യക്തമാക്കി. ഉച്ചയ്ക്ക് ശേഷം റോഡില്‍ ഗതാഗതത്തില്‍ കൂടുതല്‍ തടസ്സങ്ങള്‍ നേരിടാനാണ് സാധ്യത. റോഡില്‍ മണിക്കൂറുകളോളം കുടുങ്ങിയ ആളുകള്‍ ട്വീറ്റ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. കാറില്‍ കുടുങ്ങിയവര്‍ക്ക് വിശന്ന് വലഞ്ഞെന്നും ജോലിക്ക് എത്താന്‍ കഴിയില്ലെന്നും തുടങ്ങി പരാതികളാണ് ജനങ്ങള്‍ ഉന്നയിക്കുന്നത്.