യേശുവിന്റെ ആദ്യത്തെ അത്ഭുതത്തെക്കുറിച്ചും, അത് നടന്ന സ്ഥലത്തെക്കുറിച്ചും പലവിധ കഥകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഒടുവില്‍ ഇതുമായി ബന്ധപ്പെട്ട ഒരു ഉത്തരമാണ് ആര്‍ക്കിയോളജിസ്റ്റുകളുടെ കൈയില്‍ എത്തിയിരിക്കുന്നത്. കാനായിലെ വിവാഹത്തില്‍ വെള്ളം വീഞ്ഞാക്കിയെന്നാണ് ജോണിന്റെ സുവിശേഷത്തില്‍ പറയുന്നത്.
നോര്‍ത്തേണ്‍ ഇസ്രയേലിലെ പട്ടണമായ കാഫര്‍ കാനായിലാണ് ഈ അത്ഭുതം നടന്നതെന്ന് വിശ്വാസികള്‍ കരുതിപ്പോന്നു. ഇവിടുത്തെ 20-ാം നൂറ്റാണ്ടിവലെ വെഡ്ഡിംഗ് ചര്‍ച്ച് ഇവര്‍ സന്ദര്‍ശിക്കുന്നുമുണ്ട്. എന്നാല്‍ ഈ അത്ഭുതം നടന്ന യഥാര്‍ത്ഥ സ്ഥലത്തെക്കുറിച്ച് പല എതിരഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്. ബൈബിളില്‍ പറയുന്ന ഇടം അനുസരിച്ച് യഥാര്‍ത്ഥ കാന തങ്ങള്‍ കണ്ടെത്തിയെന്നാണ് ആര്‍ക്കിയോളജിസ്റ്റുകള്‍ കരുതുന്നത്.
ജൂത ഗ്രാമമായ ഖിര്‍ബെര്‍ട്ട് ഖാന നിലനിന്നിരുന്ന സ്ഥലമാണിത്. ആര്‍ക്കിയോളജിസ്റ്റുകള്‍ തങ്ങളുടെ വാദം ഉറപ്പിക്കുന്ന നിരവധി തെളിവുകള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ക്രിസ്തീയ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്ന ടണല്‍ ശൃംഖലയും ഖനനത്തില്‍ പുറത്തുവന്നു. യേശുദേവന്റെ ഗ്രീക്ക് വാക്കായ കൈറെ ലെസോ എന്ന പദത്തെ സൂചിപ്പിക്കുന്നതും, കുരിശിനെ സൂചിപ്പിക്കുന്നതുമായ രേഖപ്പെടുത്തലുകളുമുണ്ട്.
കാനായിലെ വിവാഹത്തില്‍ വീഞ്ഞ് തീര്‍ന്നുപോയെന്നും യേശു വെള്ളം വീഞ്ഞാക്കി മാറ്റിയെന്നുമാണ് പറയുന്നത്. ഇതോടെയാണ് ശിഷ്യന്‍മാര്‍ ഇദ്ദേഹത്തെ വിശ്വസിച്ച് തുടങ്ങിയത്.