CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 28 Minutes 55 Seconds Ago
Breaking Now

മലയാള സിനിമയില്‍ നാല് വര്‍ഷം കൊണ്ട് 40 സിനിമയില്‍ അഭിനയിച്ച വിജയശ്രീയുടെ മരണവും ദുരൂഹത നിറഞ്ഞത് റജി നന്തികാട്ട്

മലയാളത്തിലെ മര്‍ലിന്‍ മണ്‍റോ എന്ന പേരില്‍ അറിയപ്പെട്ട വിജയശ്രീ പോലെ  അപാരമായ സൗന്ദര്യം കൊണ്ട്  മലയാളികളെ ഒരു കാലഘട്ടത്തില്‍  ഇത്രമാത്രം ആകര്‍ഷിച്ച മറ്റൊരു  നടിയുണ്ടോ എന്ന് സംശയമാണ്. അഭിനയത്തില്‍ ഷീലയും ശാരദയും മത്സരിച്ചു കത്തി നിന്ന സമയം കൂടെ  ജയഭാരതിയും. ആ സമയം സൗന്ദര്യത്തിന്റെ മൂര്‍ത്തിഭാവം പോലെ വിജയശ്രീ എത്തുന്നു. അഭിനയത്തിലും മോശമല്ലാത്ത വിജയശ്രീ പെട്ടെന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. അല്പം ഗ്ലാമര്‍സായി  അഭിനയിക്കാന്‍ മടിയില്ലായിരുന്നത് കൊണ്ട് സിനിമാകൊട്ടകകള്‍  നിറഞ്ഞു. ഒരു നടിയുടെ പേരില്‍ തീയറ്ററിലേക്ക് ആളുകള്‍ എത്തിയത് വിജയശ്രീയോട് കൂടിയാണ്.

തിരുവനന്തപുരത്ത് മണക്കാട് എന്ന സ്ഥലത്ത് വിളക്കാട് കുടുംബത്തില്‍ വാസുപിള്ളയുടേയും  വിജയമ്മയുടേയും  മകളായി  1953 ജനുവരി 8 ന്  ആയിരുന്നു ജനനം. രണ്ടു സഹോദരന്മാരും  ഉണ്ടായിരുന്നു. ആദ്യ സിനിമ 1966 ല്‍ പുറത്തിറങ്ങിയ 'ചിത്തി' എന്ന തമിഴ് ചിത്രമായിരുന്നു. മലയാളത്തിലെ ആദ്യ ചിത്രം 1969 ല്‍ റിലീസ് ചെയ്യപ്പെട്ട   തിക്കുറിശ്ശി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത 'പൂജാപുഷ്പം'  ആയിരുന്നു.

ആദ്യ ചിത്രമായ ചിത്തിക്കു ശേഷം  1966 ല്‍ തന്നെ  ഒരു തെലുഗു  സിനിമയിലും അഭിനയിച്ചിരുന്നു. 1967 ല്‍ രണ്ടു തമിഴ് സിനിമകളിലും  1968 ല്‍  രണ്ടു തമിഴ് സിനിമകളിലും ബാംഗ്ലൂര്‍ മെയില്‍ എന്ന കന്നഡ സിനിമയിലും ഒരു തെലുഗു സിനിമയിലും  അഭിനയിച്ച ശേഷമാണ് മലയാളത്തില്‍ എത്തിയത്. പൂജാപുഷ്പം ശ്രദ്ധ നേടിയതോടെ മലയാളത്തില്‍ തിരക്കുള്ള നടിയായെങ്കിലും തമിഴിലും കന്നടയിലും അഭിനയിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. 1970 ല്‍ കെ. പി. കൊട്ടാരക്കര നിര്‍മ്മിച്ച് ശശികുമാര്‍ സംവിധനം ചെയ്ത രക്തപുഷ്പം വലിയ വിജയമായതോടെ വിജയശ്രീയുടെ  ഡേറ്റിനായി നിര്‍മ്മാതാക്കള്‍  കാത്തു  നിന്നു. നിത്യഹരിത  നായകന്‍ പ്രേംനസീറുമൊത്ത് നിരവധി ചിത്രങ്ങളാണ് ഈ കാലയളവില്‍ വന്നത്. ഏറ്റവും നല്ല വിജയജോഡിയായി  പ്രേംനസീര്‍  വിജയശ്രീ കൂട്ടുകെട്ട് മാറി. അവര്‍ 

അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകളായി. പോസ്റ്റ്മാനെ കാണാനില്ല ( 1972 ), ലങ്കാദഹനം ( 1971 ),  മറവില്‍ തിരിവ് സൂക്ഷിക്കുക (1972 ), പച്ചനോട്ടുകള്‍ ( 1973 ), പൊന്നാപുരം കോട്ട ( 1973 ), പത്മവ്യൂഹം ( 1973 ), പഞ്ചവടി ( 1973 ), ആരോമലുണ്ണി ( 1972 ) തുടങ്ങിയ ചിത്രങ്ങള്‍  പ്രേംനസീര്‍  വിജയശ്രീ  കൂട്ടുകെട്ടില്‍  പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ചിലത് മാത്രം. 

ഗ്ലാമര്‍ നടിയെന്നും, ഗ്‌ളാമര്‍ നര്‍ത്തകിയെന്നും അറിയപ്പെട്ടിരുന്ന വിജയശ്രീ നല്ല അഭിനേത്രി എന്ന് അറിയപ്പെടാന്‍ അതിയായി ആഗ്രഹിച്ചു. സ്വര്‍ഗ്ഗപുത്രി, ജീവിക്കാന്‍ മറന്ന് പോയ സ്ത്രീ, യൗവ്വനം, ആദ്യത്തെ കഥ  തുടങ്ങിയ ചിത്രങ്ങളില്‍ നല്ല അഭിനേത്രിഎന്ന പേര് നേടാന്‍ കഴിഞ്ഞു. ഉദയ ചിത്രങ്ങളില്‍  സ്ഥിരം നായികയായിരുന്നു. വിജയശ്രീയുടെ കൂടുതല്‍ ചിത്രങ്ങളുടെയും സംവിധായകന്‍ കുഞ്ചാക്കോ ആയിരുന്നു. 

എന്നാല്‍ പെട്ടന്നാണ്  കാര്യങ്ങള്‍ മാറിയത് ഉദയായുടെ പൊന്നാപുരംകോട്ടയുടെ ചിത്രീകരണ വേളയില്‍ പുഴയില്‍ നീരാട്ട് ചിത്രീകരിക്കുന്ന സമയം അവിചാരിതമായി അവരുടെ വസ്ത്രം അഴിഞ്ഞു വീണു. വിജയശ്രീ അറിയാതെ സൂം ലെന്‍സ് ഉപയോഗിച്ച് അവരുടെ നഗ്‌നത ചിത്രീകരിക്കുകയും  ചെയ്തു. ആ വീഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച് സംവിധായകന്‍ കുഞ്ചാക്കോ അവരെ നിരന്തരം ബ്ലാക്ക് മെയില്‍ ചെയ്തുകൊണ്ടിരുന്നു. ഈ കാര്യം 1973 മാര്‍ച്ച് മാസത്തില്‍ പുറത്തിറങ്ങിയ നാന സിനിമ വാരികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ വിജയശ്രീ പറഞ്ഞിട്ടുണ്ട്.  മര്‍ലിന്‍ മണ്‍റോയെപ്പോലെ വിജയശ്രീയുടെ ജീവിതവുംസാമാനം    ആയിരുന്നു. വളരെ ചെറുപ്പത്തില്‍   1974 മാര്‍ച്ച് 21 ന് വിജയശ്രീയെ ആത്മഹത്യ ചെയ്ത നിലയില്‍ ചെന്നൈയില്‍ ഒരു ഹോട്ടലില്‍ കണ്ടെത്തി. ബ്ലാക്ക് മെയിലില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നും അതല്ല വേറെ ചില കാരണങ്ങള്‍ ഉണ്ടെന്നും പറയപ്പെടുന്നു.

പ്രശക്തിയുടെ ഉത്തുംഗത്തില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു  വിജയശ്രീയുടെ മരണം.  വിജയശ്രീയുടെ മരണത്തിന് ശേഷം അഭിനയിച്ചു പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്ന  യവ്വനം എന്ന സിനിമയും വണ്ടിക്കാരി എന്ന സിനിമയും ചേര്‍ത്ത് യവ്വനംവണ്ടിക്കാരി എന്ന ഒറ്റ സിനിമയായി 1974 ല്‍  പുറത്തിറങ്ങുകയും അത് വന്‍ ഹിറ്റാവുകയും ചെയ്തു. അവസാന ചിത്രത്തിലെ നായകന്‍ രാഘവന്‍ ആയിരുന്നു. നാല് എന്ന വര്‍ഷം ചുരുങ്ങിയ കാലയളവില്‍ മലയാളത്തില്‍ മാത്രം 40 സിനിമകളില്‍ വിജയശ്രീ അഭിനയിച്ചു. ജയനെ പുരുഷ   സൗന്ദര്യത്തിന്റെ പ്രതീകമായി കാണുകയാണെങ്കില്‍ വിജയശ്രീ സ്!ത്രീ സൗന്ദര്യത്തിന്റെ അവസാനവാക്കായി കാണുന്നവരാണ് മലയാളികളുടെ പഴയ തലമുറ.

ബ്ലാക്ക്  ആന്‍ഡ് വൈറ്റ് കാലഘട്ടത്തില്‍ ജ്വലിച്ചു നിന്ന വിജയശ്രീയെ ഇന്നും പ്രേഷകര്‍ ഹൃദയത്തില്‍ ചേര്‍ത്തു  വെയ്ക്കുന്നു. നിഷ്‌കളങ്കമായ പെരുമാറ്റത്തിലൂടെ ആരെയും ആകര്‍ഷിച്ച  വിജയശ്രീയെക്കുറിച്ചു സമകാലീകര്‍ക്ക് നല്ലത് മാത്രമേ ഓര്‍മ്മകളില്‍ ഉള്ളൂ.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.