CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 34 Minutes 51 Seconds Ago
Breaking Now

ഇടുക്കി പാര്‍ലമെന്റ് സീറ്റില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഡീന്‍ കുര്യാക്കോസിന് വെല്ലുവിളിയാകും ?

ലേഖനം : ( സോണി കല്ലറയ്ക്കല്‍ )

 

ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഡീന്‍ കുര്യാക്കോസിന് വെല്ലുവിളിയാകുമോ ?.

ഈ ചോദ്യം നിലവിലെ രാഷ്ട്രിയ സാഹചര്യത്തില്‍ വളരെ ഏറെ പ്രസക്തമാണ്.

കാരണം, ആ രിതിയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. നമ്മുടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത്

വന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ദേശീയ രാഷ്ട്രിയത്തില്‍ ചലനം

സൃഷ്ടിക്കുക എന്നത് ഇടതുമുന്നണിയെയും പ്രത്യേകിച്ച് മുന്നണിയിലെ പ്രധാന

 കക്ഷിയായ  സി.പി.എം നെയും സംബന്ധിച്ച് തങ്ങളുടെ പ്രസ്റ്റീജ് വിഷയം ആണ്.

 തുടര്‍ഭരണത്തിന്റെ ആഹ്ലാദത്തില്‍ അവര്‍ മുന്നോട്ടു നീങ്ങുമ്പോള്‍ കേരളത്തില്‍

നിന്ന് വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ എം.പി മാരെ സൃഷ്ടിച്ച് ഡല്‍ഹിയ്ക്ക് വിടുക എന്നത് അവരുടെ

ആവശ്യമായിരിക്കുന്നു. അതിന് എന്ത് വിട്ടുവീഴ്ചയ്ക്കും അവര്‍ സാധ്യമായ ആരുമായും

തയാറായെന്നും വരാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജോസ്.കെ.മാണി

നേതൃത്വം നല്‍കുന്ന കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസിനെ പി.ജെ.ജോസഫില്‍

നിന്നും പിളര്‍ത്തി ഇടതുമുന്നണിയുടെ ഭാഗമാക്കിയപ്പോള്‍ ജോസ് .കെ.മാണിയെ

 അനുകൂലിക്കുന്നവര്‍ പോലും വിചാരിച്ചത് ഇടതുമുന്നണിയില്‍ നിന്ന് കൂടുതല്‍

നിയമസഭാ സീറ്റുകള്‍ ജോസ്.കെ. മാണിയുടെ പാര്‍ട്ടിക്ക് ലഭിക്കുകയില്ലെന്നാണ്.

എന്നാല്‍ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് റാന്നി പോലുള്ള സി.പി.എമ്മിന്റെ

 സിറ്റിംഗ് സീറ്റുകള്‍ക്കു പുറമേ  ഘടകകക്ഷികളില്‍ നിന്നു പോലും സീറ്റ് പിടിച്ചെടുത്ത്

 സി.പി.എം ജോസ്.കെ.മാണിക്ക് താലത്തില്‍ വെച്ചു നല്‍കുകയായിരുന്നു.

 ഏതാണ്ട് 12 ഓളം സീറ്റാണ് ഇത്തരത്തില്‍ ജോസ്.കെ.മാണി

നേതൃത്വം കൊടുക്കുന്ന കേരള കോണ്‍ഗ്രസ് എം ന് ലഭിച്ചത്. യു.ഡി.എഫില്‍

പി.ജെ. ജോസഫിന് പോലും കിട്ടാത്ത പരിഗണനയാണ് ജോസ്.കെ.മാണിക്ക്

എല്‍.ഡി.എഫില്‍ നിന്ന് ലഭിച്ചത്. ഈ പരീക്ഷണത്തില്‍ എല്‍.ഡി.എഫ്

വിജയിക്കുകയും ചെയ്തു. മധ്യകേരളത്തില്‍ കാലാകാലങ്ങളായി യു.ഡി.എഫിനൊപ്പം

നിന്ന പല മണ്ഡലങ്ങളും പിടിച്ചെടുത്ത് ഇടതുമുന്നണി

ചരിത്രത്തിലാധ്യമായി തുടര്‍ഭരണത്തിലെത്തിയെന്ന് വേണമെങ്കില്‍ പറയാം.

ഇതിന്റെ തനിയാവര്‍ത്തനം തന്നെയാകും അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും

കാണാന്‍ സാധിക്കുക. ഇടതുമുന്നണിയെ സംബന്ധിച്ച് പറഞ്ഞാല്‍ ക്രൈസ്തവ

ഭൂരിപക്ഷ മണ്ഡലങ്ങളായ കോട്ടയവും  ഇടുക്കിയും എന്നും അവര്‍ക്ക്

ഒരു ബാലികേറാമലയാണ്. ചില പ്രത്യേക സാഹചര്യങ്ങളൊഴിച്ചാല്‍

 ഈ രണ്ട് മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് ജയിക്കുക

അസാധ്യമാണ്. ജോസ്.കെ.മാണിയുടെ പാര്‍ട്ടിക്ക് കാലകാലങ്ങളായി

യു.ഡി.എഫ് നല്‍കി വരുന്നത്  കോട്ടയം പാര്‍ലമെന്റ് സീറ്റാണ്. ഇവിടുത്തെ

നിലവിലെ എം.പി   തോമസ് ചാഴികാടനാണ്. അദേഹം യു.ഡി.എഫിനൊപ്പം

 നിന്നാണ് ജയിച്ചതെങ്കിലും  ഇപ്പോള്‍ ഇടതുമുന്നണിയ്ക്കും ജോസ്.കെ.മാണിയ്ക്കും

ഒപ്പവുമാണ്.  അടുത്ത് തെരഞ്ഞെടുപ്പിലും ഇടതുമുന്നണി കോട്ടയം സീറ്റ്

ജോസ്.കെ.മാണിയുടെ പാര്‍ട്ടിക്ക് വിട്ടു നല്‍കും എന്നതില്‍ ആര്‍ക്കും

 തര്‍ക്കമൊന്നുമില്ല. പക്ഷേ, തെരഞ്ഞെടുപ്പില്‍ നിലവിലെ കോട്ടയം കൂടാതെ

മറ്റൊരു സീറ്റ് കൂടി ജോസ്.കെ മാണി വിഭാഗം ആവശ്യപ്പെട്ടാലും

അത് നല്‍കുന്നതിലും ഇടതുമുന്നണിയില്‍ തര്‍ക്കമുണ്ടാകുമെന്ന് തോന്നുന്നില്ല.

അങ്ങനെ വന്നാല്‍ ജോസ്.കെ.മാണി ചോദിക്കുക പാര്‍ട്ടിയ്ക്ക് വലിയ വേരോട്ടം

 ഉള്ളതും ക്രൈസ്തവര്‍ക്ക് അല്ലെങ്കില്‍ കത്തോലിക്കര്‍ക്ക് നിര്‍ണ്ണായക

സ്വാധീനമുള്ള ഇടുക്കി മണ്ഡലം തന്നെ ആയിരിക്കും. ഇനി കോട്ടയം സി.പി.എം ന്

വിട്ടുകൊടുത്ത് ഇടുക്കിയിലേയ്ക്ക് ചേക്കാറാനും ജോസ്.കെ.മാണി ഇപ്പോഴത്തെ

 സാഹചര്യത്തില്‍  മടികാണിച്ചെന്നും വരില്ല. കോട്ടയത്തെക്കാള്‍ സുരക്ഷിത സീറ്റും

 തങ്ങളുടെ ലക്ഷ്യത്തിന് പറ്റിയ സീറ്റും ഇടുക്കിയാവുമെന്ന്

ജോസ്.കെ.മാണിയും അദേഹത്തെ അനുകൂലിക്കുന്നവരും

 കണക്ക് കൂട്ടിയാലും അതില്‍ തെറ്റ് പറയാനാവില്ല.

ഏത് രീതിയിലായാലും ഇടുക്കി സീറ്റ് ലഭിച്ചാല്‍ അവിടെ പരിഗണിക്കാന്‍

ഏറെ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി  മന്ത്രി റോഷി അഗസ്റ്റിന്‍

തന്നെയാവും. ഇടുക്കിയെ നന്നായി അറിയാവുന്ന ഇടുക്കിയിലെ

ജനങ്ങളെ നന്നായി അറിയാവുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കണ്ട്

ഇരുമുന്നണിയുടെയും ഭാഗമായി മത്സരിച്ച്

 പരിചയമുള്ള മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കി പാര്‍ലമെന്റില്‍ നിന്നും

 സ്ഥാനാര്‍ത്ഥിയായാല്‍ നിലവിലെ എം.പി കോണ്‍ഗ്രസിന്റെ ഡീന്‍ കുര്യാക്കോസിന്

എതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താനാവും. ഒരു പക്ഷേ, ജയിക്കാനും

സാധ്യത ഏറെയാണ്. കൂടാതെ റോഷിയെ പാര്‍ലമെന്റിലൂടെ ഡല്‍ഹിയ്ക്ക് വിട്ട്

ജോസ് കെ.മാണിക്ക് കേരളത്തിലെ സ്ഥാനം ഉറപ്പിക്കാനും ആവും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനും ഇടയ്ക്കാണ് ജോസ്.കെ.മാണിയ്ക്ക്

നിയമസഭയിലെ മന്ത്രിമാരില്‍ മൂന്നാമന്‍ എന്ന പദവി നഷ്ടപ്പെട്ടത്. പാലായില്‍

ജോസ്.കെ.മാണി നേരിട്ട അപ്രതീക്ഷിതമായ തോല്‍വിയില്‍ ഈ ഭാഗ്യം ഇടുക്കിയില്‍ നിന്ന് ജയിച്ച

റോഷിക്ക് വന്നു ചേരുകയായിരുന്നു. വൈകാതെ സംസ്ഥാനത്തിന്റെ

മന്ത്രിയെന്നുള്ള നിയന്ത്രണം തിരിച്ചു പിടിച്ചില്ലെങ്കില്‍

തന്റെ കാലിന്‍ ചുവട്ടിലെ മണ്ണ് ഒഴുകി പോകുമെന്ന വിവരം മറ്റാരെക്കാളും

അറിവുള്ളത് ജോസ്.കെ.മാണിയ്ക്ക് തന്നെയാവും. ഈ തിരിച്ചറിവ് ആകും

ഇടുക്കി പാര്‍ലമെന്റ് സീറ്റ്  ചോദിക്കാനും റോഷി ഇവിടെ മത്സരിക്കാനും ഇടയാവുക.

 റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ നിന്ന് പാര്‍ലമെന്റിലേയ്ക്ക് മത്സരിച്ച്

ജയിച്ചാല്‍ സ്വഭാവികമായും ഇടുക്കിയില്‍ നിന്നുള്ള നിയമസഭാ അംഗത്വവും

മന്ത്രിസ്ഥാനവും രാജിവെയ്‌ക്കേണ്ടതായി വരും.

അപ്പോള്‍ ഇടുക്കി നിയമസഭാ സീറ്റില്‍ ഒരു ഉപതെരഞ്ഞെടുപ്പ് വരുക സ്വഭാവികം.

അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ ഒഴിവു വരുന്ന ഇടുക്കി നിയമസഭാ സീറ്റില്‍

നിന്നും ജോസ്. കെ.മാണിക്ക് മത്സരിക്കാനാവും. ജയിച്ചാല്‍ തങ്ങളുടെ പാര്‍ട്ടിക്ക്

ഇടതുമുന്നണി നല്‍കിയിരിക്കുന്ന മന്ത്രിസ്ഥാനം പാര്‍ട്ടി ചെയര്‍മാന്‍ ജോസ്.കെ.മാണിയുടെ കൈയ്യില്‍ സുരക്ഷിതമായി

എത്തിച്ചേരും. ജോസ്.കെ.മാണിക്ക് റോഷിയുടെ വകുപ്പ് തിരിച്ച് പിടിച്ച് മന്ത്രിയായി

സ്വന്തം പാര്‍ട്ടിയില്‍ അജയ്യനായി മാറുകയും ചെയ്യാം. റോഷിയെ രണ്ടാമനായി തന്നെ നിലനിര്‍ത്തുകയും ചെയ്യാം.

ഈ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജോസ്.കെ.മാണിയുടെ രാജ്യസഭ അംഗത്വ

 കാലാവധിയും അവസാനിക്കാറാവും

അപ്പോള്‍ കാര്യങ്ങളും ഏതാണ്ട് എളുപ്പവുമാക്കാം. പണ്ട് മന്ത്രിയായിരിക്കുമ്പോള്‍

ഏ.സി.ഷണ്‍മുഖദാസ് കണ്ണൂരില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ച

ചരിത്രവുമുണ്ട്. വീണ്ടും ഇടതുമുന്നണി ജോസ്.കെ.മാണിയെ ഒപ്പം നിര്‍ത്തി ഇടുക്കിയില്‍

അത്തരമൊരു നീക്കാം ആവര്‍ത്തിച്ചാലും അത്ഭുതപ്പെടാനില്ല. ജോസ്.കെ.മാണി

ആഗ്രഹിക്കുന്നു എത്രയും വേഗം നിയമസഭയില്‍ എത്തി മന്ത്രിസ്ഥാനം തിരിച്ചു

പിടിക്കുക എന്നത്. അതിന് ഈ ഒറ്റപോംവഴിയെ ഉള്ളു,

റോഷിയെ ഇടുക്കിയില്‍ നിന്ന് പാര്‍ലമെന്റിലേയ്ക്ക് മത്സരിപ്പിച്ച് എം.പിയാക്കുക.

പാര്‍ട്ടിയും ഇടതുമുന്നണിയും ഒന്നിച്ച് ആവശ്യപ്പെട്ടാല്‍ മന്ത്രി റോഷിയ്ക്കും അതില്‍ നിന്ന്

 പിന്മാറാന്‍ സാധിച്ചെന്ന് വരില്ല. എന്തായാലും കാത്തിരുന്ന് കാണാം,

റോഷിയാണോ ഡീന്‍ കുര്യാക്കോസ് ആണോ ഇടുക്കിയിലെ അടുത്ത് എം.പി യെന്ന്.

ശേഷം കാഴ്ചയില്‍... ( സോണി കല്ലറയ്ക്കല്‍  മൊബൈല്‍  9188446305)

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.