CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 26 Minutes 42 Seconds Ago
Breaking Now

തോറ്റാല്‍ പ്രധാനമന്ത്രി കസേര പോയത് തന്നെ; എംപിമാരുടെ മുറവിളി ഭയന്ന് കോമണ്‍സ് വോട്ട് തെരേസ മേയ് മാറ്റിവെച്ചു; ഇയുവില്‍ നിന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി യാചിക്കും; ഈ പടി ചവിട്ടേണ്ടെന്ന് ഡൊണാള്‍ഡ് ടസ്‌ക്; തകര്‍ന്നടിഞ്ഞ് പൗണ്ട്

യൂറോപ്യന്‍ അനുകൂലികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ മറ്റൊരു കച്ചിത്തുരുമ്പ് കൂടി യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് നല്‍കി

തെരേസ മേയ് സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാക്കിയ ബ്രക്‌സിറ്റ് കരാറിലെ കോമണ്‍സ് വോട്ടെടുപ്പ് മാറ്റിവെച്ചു. വോട്ടെടുപ്പില്‍ പരാജയം മണത്തതോടെയാണ് പ്രധാനമന്ത്രി കസേര ഉപേക്ഷിച്ച് ഇറങ്ങേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ തെരേസ മേയ് അന്തിമനിമിഷത്തില്‍ ഈ പിന്‍മാറ്റം പ്രഖ്യാപിച്ചത്. എംപിമാരില്‍ നിന്നും കടുത്ത അക്രമം നേരിട്ടതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി ശ്രമിക്കാമെന്നാണ് മേയുടെ പ്രഖ്യാപനം. എന്നാല്‍ ഐറിഷ് അതിര്‍ത്തിയിലെ ബാക്ക്‌സ്‌റ്റോപ്പ് രീതിയില്‍ നിന്നും ഒരു പിന്‍മാറ്റം പ്രതീക്ഷിക്കേണ്ടെന്നും മേയ് ഓര്‍മ്മിപ്പിച്ചു. ജനുവരി 21ന് ശേഷം മാത്രമാകും ഹൗസ് ഓഫ് കോമണ്‍സില്‍ ബ്രക്‌സിറ്റ് കരാര്‍ അവതരിപ്പിക്കുക. 

നാടകീയ നീക്കങ്ങള്‍ ബ്രിട്ടീഷ് വിപണിയെ സാരമായി ബാധിച്ചു. പൗണ്ടിന്റെ വില കഴിഞ്ഞ 20 മാസത്തിനിടെ ഏറ്റവും മോശം നിരക്കിലേക്ക് താഴ്ന്നു. എന്നാല്‍ കരാറില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് തെരേസ മേയ് ബ്രസല്‍സിലേക്ക് വരേണ്ടെന്നാണ് ഇയു കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പങ്കുവെച്ച നിലപാട്. ഇയു തീരുമാനിച്ച എഗ്രിമെന്റിലെ ലീഗല്‍ ടെക്സ്റ്റില്‍ നിന്നും മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയത്. കൂടാതെ മാര്‍ച്ച് മാസത്തോടെ യുകെയെ ചവിട്ടിപ്പുറത്താക്കാനുള്ള നീക്കങ്ങള്‍ ഇയു നടത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിട്ടുണ്ട്. വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് അന്ത്യനിമിഷത്തില്‍ തെരേസ മേയ്ക്ക് നാണംകെട്ട് വോട്ടിംഗ് മാറ്റിവെയ്‌ക്കേണ്ടി വന്നത്. 

നിലവിലെ കരാറിനെ പിന്തുണയ്ക്കില്ലെന്ന് ടോറി എംപിമാര്‍ തന്നെ തറപ്പിച്ച് പറഞ്ഞതോടെ മറ്റ് വഴികള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ ഇല്ലായിരുന്നു. 200 വോട്ടിനെങ്കിലും തോല്‍ക്കുമെന്നതായിരുന്നു അവസ്ഥ. സര്‍ക്കാര്‍ നിലപാടില്ലാത്ത അവസ്ഥയിലാണെന്നും ലേബര്‍ പാര്‍ട്ടിക്ക് അധികാരത്തിലെത്താന്‍ വഴിമാറി കൊടുക്കണമെന്നുമാണ് ജെറമി കോര്‍ബിന്റെ നിലപാട്. രണ്ടാം ഹിതപരിശോധന വേണമെന്ന് യൂറോപ്യന്‍ അനുകൂല എംപിമാരും ആവശ്യപ്പെട്ടു. നാല് ദിവത്തെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ വോട്ട് വേണ്ടെന്ന് തീരുമാനിച്ച പ്രധാനമന്ത്രിയുടെ നടപടിയെ സ്പീക്കര്‍ ജോണ്‍ ബെര്‍കോ വിമര്‍ശിച്ചു. 

ഇതിനിടെ യൂറോപ്യന്‍ അനുകൂലികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ മറ്റൊരു കച്ചിത്തുരുമ്പ് കൂടി യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് നല്‍കി. ബ്രക്‌സിറ്റ് നടപടികള്‍ ഏകപക്ഷീയമായി അവസാനിപ്പിച്ച് യുകെയ്ക്ക് ഇയുവില്‍ തുടരാമെന്നാണ് ജഡ്ജിമാര്‍ സ്ഥിരീകരിച്ചത്. ഇതിന് മറ്റ് അംഗരാജ്യങ്ങളുടെ അനുവാദം വേണ്ടെന്ന് കോടതി വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.