Breaking Now

സംസ്ഥാനത്ത് ഭൂഗര്‍ഭ ജലവിതാനം ക്രമാതീതമായി കുറയുന്നു

സംസ്ഥാനത്ത് ഭൂഗര്‍ഭ ജലവിതാനം വലിയ തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന ഭൂഗര്‍ഭജല വകുപ്പ് മാര്‍ച്ച് മാസത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.

സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത കുറവാണ് ഈ വേനലില്‍ ഭൂഗര്‍ഭ ജലവിതാനത്തില്‍ ഉണ്ടായിട്ടുള്ളത്. 

കഴിഞ്ഞ രണ്ടര ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് സംസ്ഥാനം നേരിടുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആറു മീറ്റര്‍ വരെയാണ് പലയിടങ്ങളിലും ജലവിതാനം താഴ്ന്നത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 871 കുഴല്‍ക്കിണറുകളിലാണ് ഭൂഗര്‍ഭജല വകുപ്പ് പഠനം നടത്തിയത്. ആകെയുള്ള 186 ബ്ലോക്കുകളില്‍ 88 ഇടത്തും ജലനിരപ്പ് താഴ്ന്നതായാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം ജില്ലയില്‍ പാറശ്ശാല, നെയ്യാറ്റിന്‍കര എന്നിവയുള്‍പ്പെടെ 5 ബ്ലോക്കുകളില്‍ മൂന്നു മുതല്‍ ആറ് വരെ മീറ്ററാണ് ജലനിരപ്പ് കുറഞ്ഞിരിക്കുന്നത്. കൊല്ലം ജില്ലയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഇവിടെ 13 ബ്ലോക്കുകളില്‍ 1 മുതല്‍ 2 മീറ്റര്‍ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മൂന്ന് ബ്ലോക്കുകളില്‍് 2 മീറ്റര്‍ വീതവും ഇടുക്കിയിലെ 4 ബ്ലോക്കുകളില്‍ 5 മീറ്റര്‍ വരെയും കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. ആലപ്പുഴ ജില്ലയിലെ മുഴുവന്‍ ബ്ലോക്കുകളിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്

മഴയുടെ കുറവ് മാത്രമല്ല വന്‍ തോതിലുള്ള പ്രകൃതി നശീകരണവും ജലനിരപ്പ് കുറയാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് ഭൂഗര്‍ഭജല വകുപ്പ് ഡയറക്ടര്‍ ബാബു ജോസഫ് പറയുന്നു. മലപ്പുറം, കോട്ടയം, വയനാട് തുടങ്ങി സംസ്ഥാനത്തെ മറ്റ് ജില്ലകളിലയും സ്ഥിതി സമാനമാണ്.

ഇടവപ്പാതി കനിഞ്ഞില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകും.




കൂടുതല്‍വാര്‍ത്തകള്‍.