പര്‍ദീപ് സെയ്‌നി, ഹീത്രൂ വിമാനത്താവളത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. എന്നാല്‍ 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സെയ്‌നി ബ്രിട്ടനില്‍ എത്തുന്നത് സ്വപ്‌നം മാത്രം കണ്ട വ്യക്തിയായിരുന്നു. അതിനായി അയാള്‍ ചെയ്ത കടുംകൈ ഓര്‍മ്മിക്കാന്‍ ഇന്ന് സെയ്‌നിക്ക് പോലും ധൈര്യമില്ല.
ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്കുള്ള പത്ത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമാനയാത്രയില്‍ ജംബോ ജെറ്റിന്റെ അണ്ടര്‍ക്യാരേജില്‍ ഒളിച്ചിരുന്നാണ് പര്‍ദീപ് സെയ്‌നി ഒളിച്ചുകടന്നത്. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ആ സാഹസിക യാത്രയില്‍ ഭാഗ്യം കൊണ്ട് ജീവന്‍ നഷ്ടമായില്ല. 40,000 അടി മുകളിലൂടെ 4000 മൈല്‍ -60 സെല്‍ഷ്യസ് താപനിലയില്‍ നടത്തിയ ആ സഞ്ചാരത്തിനൊടുവിലും എയര്‍പോര്‍ട്ടില്‍ ജീവനോടെ വന്നിറങ്ങാന്‍ സെയ്‌നിക്ക് വിധി അവസരം നല്‍കി. ഓക്‌സിജന്‍ കിട്ടാന്‍ പോലും ഏറെ ബുദ്ധിമുട്ടായിരുന്നിട്ടും ആയുസ്സിന്റെ ബലം പ്രദീപ് സെയ്‌നിക്ക് കൂട്ടുണ്ടായിരുന്നു.
ലാന്‍ഡ് ചെയ്ത ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന്റെ ടാര്‍മാകിലാണ് ബാഗ്ഗേജ് ഹാന്‍ഡ്‌ലേഴ്‌സ് ഹൈപ്പോതെര്‍മിയ ബാധിച്ച സെയ്‌നിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ച ഇയാള്‍ ജീവന്‍ നിലനിര്‍ത്തുന്നത് കണ്ട് ഡോക്ടര്‍മാര്‍ പോലും അത്ഭുതപ്പെട്ടു. പക്ഷെ ആ യാത്രയില്‍ ഒരിക്കലും മറക്കാത്ത ഒരു ദുരന്തം കൂടി സെയ്‌നി നേരിട്ടു. ഒപ്പം യാത്ര ചെയ്ത ഇളയ സഹോദരന്‍ വിജയ് ആ ഒളിച്ചോട്ടം പൂര്‍ത്തിയാക്കാന്‍ നിന്നില്ല. തണുത്തുവിറങ്ങലിച്ച് മരിച്ച വിജയുടെ മൃതദേഹം സൗത്ത് വെസ്റ്റ് ലണ്ടനിലെ റിച്ച്മണ്ടിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലേക്ക് വീഴുകയും ചെയ്തു. അഞ്ച് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ആഴ്ച ആഫ്രിക്കന്‍ കുടിയേറ്റക്കാരന്‍ സമാനമായ തരത്തില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ച് മൃതദേഹമായി സൗത്ത് ലണ്ടനിലെ ക്ലാപ്ഹാമില്‍ വീണ സംഭവത്തിന് പിന്നാലെയാണ് 44-കാരനായ സെയ്‌നിയുടെ കഥ പുറത്തുവരുന്നത്. നാടുകടത്തല്‍ നേരിട്ടെങ്കിലും സിഖ് തീവ്രവാദിയെന്ന് തെറ്റിദ്ധാരണ ഉള്ളതിനാല്‍ തന്നെ പോലീസ് കൊലപ്പെടുത്തുമെന്ന് സെയ്‌നി വാദിച്ചു. 2014-ല്‍ മാത്രമാണ് ഈ നിയമപോരാട്ടം അവസാനിച്ചത്.
ബ്രിട്ടനില്‍ തുടരാന്‍ അനുവാദം കിട്ടിയ സെയ്‌നി വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. നോര്‍ത്ത് ലണ്ടനിലെ വെംബ്ലിയില്‍ താമസിക്കുന്ന സെയ്‌നിക്ക് സഹോരന്റെ മരണം ഇപ്പോഴും ആഘാതമായി തുടരുന്നു.