റോയല്‍ മെയിലില്‍ പോസ്റ്റ്മാനോ, പോസ്റ്റ്‌വുമണോ ഒക്കെയായി ജോലി ചെയ്യുന്നവര്‍ക്ക് വീട്ടില്‍ വളര്‍ത്തുന്ന നായകളെ കാണുമ്പോള്‍ അത്ര സന്തോഷം തോന്നാറില്ല. കാരണം അവര്‍ കത്തുമായി ചെല്ലുമ്പോള്‍ പലപ്പോഴും ഏല്‍ക്കേണ്ടി വരുന്ന കടി തന്നെ! ദിവസേന എട്ട് പോസ്റ്റികള്‍ക്കാണ് ജോലിക്കിടെ പട്ടികളുടെ കടിയേല്‍ക്കുന്നതെന്നാണ് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 2484 അക്രമങ്ങളാണ് കഴിഞ്ഞ വര്‍ഷം വര്‍ദ്ധിച്ചത്, 12 മാസം കൊണ്ട് 9 ശതമാനം കുതിപ്പ്.
883 അക്രമങ്ങളും, പരുക്കുകളും കസ്റ്റമേഴ്‌സിന്റെ പടിവാതില്‍ക്കല്‍ വെച്ചോ, അവരുടെ ഫ്രണ്ട് ഗാര്‍ഡനുകളിലോ ആണ് നേരിട്ടതെന്ന് റോയല്‍ മെയില്‍ വ്യക്തമാക്കി. ചെഷയര്‍ വാറിംഗ്ടണില്‍ പോസ്റ്റിയായി ജോലി ചെയ്യുന്ന ടീന ഒ'ടൂളിന്റെ കാല്‍വണ്ണയാണ് ഒരു നായ കടിച്ചെടുത്തത്. ഇതുമൂലം സ്‌കിന്‍ ഗ്രാഫ്റ്റ് ചെയ്യേണ്ടി വന്ന ഇവര്‍ക്ക് അഞ്ചാഴ്ച ജോലിക്ക് പോകാനും സാധിച്ചില്ല. മൂന്ന് വര്‍ഷമായി ടീന ഈ ജോലി ചെയ്യുന്നു.
'ഉടമകള്‍ പലപ്പോഴും പട്ടി കടിക്കില്ലെന്ന് പറയുമെങ്കിലും ഇക്കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ഏത് നായയും പൊടുന്നനെ അക്രമത്തിലേക്ക് തിരിഞ്ഞേക്കാം', കാലില്‍ നിന്നും ചോര ഒലിച്ചിറങ്ങുന്നത് കണ്ട് ഭയന്ന പോസ്റ്റി ടീന പറയുന്നു. റോയല്‍ മെയില്‍ ഡോഗ് എവെയര്‍നെസ് വീക്ക് ആചരിക്കുന്നതിന്റെ ഭാഗമായാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
ഇതിന്റെ ഭാഗമായി മെയിലില്‍ പോസ്റ്റ്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കും. പോസ്റ്റികള്‍ സ്ഥലത്തെത്തുമ്പോള്‍ ആളുകള്‍ അവരുടെ വളര്‍ത്തുമൃഗങ്ങളെ നീക്കണമെന്നാണ് ഇത് ആവശ്യപ്പെടുക. നായകള്‍ അക്രമിച്ചാല്‍ ഉടമകള്‍ വന്‍ ഫൈനുകളും, ജയില്‍ശിക്ഷയും വരെ നേരിടേണ്ടി വരും. കഴിഞ്ഞ വര്‍ഷം എസെക്‌സ് റോംഫോര്‍ഡിലെ ഒരാളുടെ ഹൗണ്ട് പോസ്റ്റ്‌വുമണിന്റെ കാലില്‍ കൊത്തിയ സംഭവത്തില്‍ 9000 പൗണ്ടാണ് ഇയാള്‍ക്ക് ചെലവ് വന്നത്. ഓക്‌സ്‌ഫോര്‍ഡില്‍ നായ പോസ്റ്റ്മാന്റെ കൈകടിച്ച സംഭവത്തില്‍ 16 മാസത്തെ സസ്‌പെന്‍ഡഡ് ജയില്‍ശിക്ഷയാണ് മറ്റൊരു ഉടമയ്ക്ക് സിദ്ധിച്ചത്.