അടുത്തിടെ ആഞ്ഞുവീശിയ കാറ്റില്‍ നേരിട്ട നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുന്നതിന് ഇടെ യുകെയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സ്‌കോട്ട്‌ലണ്ടിലെയും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും ചില ഭാഗങ്ങളിലാണ് മഴ നാശം വിതയ്ക്കുക. രണ്ടാഴ്ച കൊണ്ട് പെയ്യേണ്ട മഴ ഒരൊറ്റ രാത്രി കൊണ്ട് പെയ്തിറങ്ങുന്നതാണ് കാര്യങ്ങള്‍ വഷളാക്കുന്നത്.
യുകെയില്‍ രണ്ടിടങ്ങളിലാണ് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കംബ്രിയയിലും, ലങ്കാഷയറിലും മഴയ്ക്കുള്ള സാധ്യതയും, സതേണ്‍ സ്‌കോട്ട്‌ലണ്ട് നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ 50 എംഎം വരെ മഴയുമാണ് വ്യാപകമായി പെയ്തിറങ്ങുക. ഇന്ന് അര്‍ദ്ധരാത്രി വരെയാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാഹന ഗതാഗതത്തെ മഴ സാരമായി ബാധിക്കുമെന്നാണ് സൂചന. കൂടാതെ വെള്ളപ്പൊക്ക സാധ്യതയും നിലനില്‍ക്കുന്നു.
കോണ്‍വാള്‍ മുതല്‍ ഈസ്റ്റ് ആംഗ്ലിയ വരെയുള്ള പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യത നല്‍കി യെല്ലോ മുന്നറിയിപ്പാണ് നല്‍കിയിരുന്നത്. റോഡില്‍ യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കംബ്രിയ പോലീസ് ആവശ്യപ്പെട്ടു. യുകെയിലെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥ മോശമാകുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണ്.
മിക്ക കൊടുങ്കാറ്റുകളും കടന്നുപോയിട്ടുണ്ടെങ്കിലും ജൂണ്‍ മാസത്തിലെ ചൂട് കാലാവസ്ഥ തിരിച്ചെത്താന്‍ ഇനിയും സമയമെടുക്കും. അടുത്ത ഏഴ് ദിവസത്തെ സാഹചര്യങ്ങള്‍ ഒരു തരത്തിലും ഉറപ്പിച്ച് പറയാന്‍ കഴിയാത്തതാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.