മാധ്യമസ്ഥാപനങ്ങളുടെ ഉടമകള്‍ക്കെതിരെ സസെക്‌സ് ഡ്യൂക്ക് നിയപോരാട്ടം തുടങ്ങി. ദി സണ്‍, ഡെയ്‌ലി മിറര്‍ തുടങ്ങിയ പത്രഉടമകള്‍ക്കെതിരെയാണ് വോയ്‌സ്‌മെയില്‍ സന്ദേശങ്ങള്‍ അനധികൃതമായി കൈക്കലാക്കിയെന്ന ആരോപണത്തില്‍ കേസ് കൊടുത്തിരിക്കുന്നത്. 35-കാരനായ ഹാരി രാജകുമാരന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതായി ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു.
ഹാരിയുടെ അഭിഭാഷകരായ ക്ലിന്റണ്‍സ് എല്‍എല്‍പിയാണ് കോടതിയില്‍ കേസ് നല്‍കിയതെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. സെപ്റ്റംബര്‍ 27-നാണ് ഫയല്‍ ചെയ്തിരിക്കുന്നത്. അകന്ന് കഴിയുന്ന പിതാവ് തോമസ് മാര്‍ക്കിളിന് അയച്ച കത്ത് പ്രസിദ്ധീകരിച്ചതിന് ഭാര്യ മെഗാന്‍ നിയമനടപടി ആരംഭിക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് ഇത് നല്‍കിയിരിക്കുന്നത്.
അമ്മ ഡയാന മരണത്തിന് മുന്‍പ് നേരിട്ട അതേ ശക്തികള്‍ക്ക് ഇരയാവുകയാണ് ഭാര്യ മെഗാനെന്ന് ഭയപ്പെടുന്നതായി ഹാരി നേരത്തെ വ്യക്തമാക്കിയിരുന്നു. മാധ്യമസ്ഥാപനങ്ങളുടെ തുടര്‍ച്ചയായ അജണ്ടയും, പരിഹാസങ്ങളും ഇത് ലക്ഷ്യമാക്കിയാണെന്ന് ഹാരി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. തന്നെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നതിനായി നിയമവിരുദ്ധമായ രീതിയില്‍ പത്രക്കാര്‍ വിവരങ്ങള്‍ കൈക്കലാക്കിയെന്നാണ് ഹാരിയുടെ പരാതിയെന്നാണ് കരുതുന്നത്.
മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്ന കൗമാരകാലത്ത് നിന്നുള്ളതാണ് പരാതികളെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തങ്ങള്‍ക്കെതിരെ പരാതി നല്‍കിയെന്ന് ദി സണ്‍ ഉടമകളായ ന്യൂസ് ഗ്രൂപ്പ് ന്യൂസ്‌പേപ്പേഴ്‌സ് വ്യക്തമാക്കി. ഡെയ്‌ലി മിറര്‍ ഉടമകളായ എംജിഎന്‍ ലിമിറ്റഡും വാര്‍ത്തകള്‍ സ്ഥിരീകരിച്ചു. 2011-ല്‍ ഫോണ്‍ ഹാക്കിംഗ് ആരോപണങ്ങളെത്തുടര്‍ന്ന് ന്യൂസ് ഓഫ് ദി വേള്‍ഡ് പത്രം പൂട്ടിയ സമയത്ത് ഹാക്കിംഗിന് വിധേയരായ വ്യക്തികളില്‍ ഒരാള്‍ ഹാരി രാജകുമാരനായിരുന്നു.