കൂടത്തായി കൊലപാതകങ്ങളുടെ അന്വേഷണ സംഘം വിപുലീകരിക്കും. അന്വേഷണ സംഘത്തെ ആറായി തിരിച്ച് കൂടത്തായിയിലെ ഓരോ മരണവും ഓരോ സംഘം അന്വേഷിക്കാനാണ് തീരുമാനം. മികച്ച ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയാണ് വിപുലീകരണം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.
ഓരോ അന്വേഷണ സംഘത്തിനും ഒരു ചീഫ് ഉദ്യോഗസ്ഥന്‍ ഉണ്ടാകും. ഇവര്‍ക്ക് കീഴിലായിരിക്കും മറ്റ് ഉദ്യോഗസ്ഥര്‍. ആറ് സംഘങ്ങളെയും നിയന്ത്രിക്കുന്നതിനുള്ള ചുമതല വടകര റൂറല്‍ എസ്പി കെ ജി സൈമണിനാണ്. അന്വേഷണ സംഘത്തെ തെരഞ്ഞെടുക്കാനും സൈമണിനെയാണ് നിയോഗിച്ചിരിക്കുന്നത്. നിലവിലുള്ള അന്വേഷണ സംഘത്തില്‍ 11 അംഗങ്ങളുണ്ട്. സൈബര്‍, ഫോറന്‍സിക് തുടങ്ങിയ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഉദ്യോഗസ്ഥരെയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നത്. എത്രയും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.
അതേസമയം കൂടത്തായി കേസ് വെല്ലുവിളി നിറഞ്ഞതാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. എല്ലാ വെല്ലുവിളികളും അതിജീവിക്കുമെന്നാണ് പ്രതീക്ഷ. കല്ലറകള്‍ തുറന്ന് പുറത്തെടുത്ത മൃതദേഹങ്ങളില്‍ നിന്നും സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുന്നതിലാണ് വെല്ലുവിളി. ആവശ്യമെങ്കില്‍ സാമ്പിളുകള്‍ വിദേശത്തേക്ക് അയക്കും. ആദ്യ അന്വേഷണത്തിലെ പാളിച്ചയെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. തെളിവു ശേഖരിക്കുന്നതിലും പ്രതിയെ പിടിക്കുന്നതിലുമാണ് മുന്‍ഗണനയെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.