'നിന്നോട് എനിക്ക് പഴയത് പോലെ സ്‌നേഹമില്ല', ഈ ഡയലോഗ് അടിച്ച ശേഷം അമ്മ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് 38-കാരി ലിന്‍ഡ ആന്‍ ഫോറസ്റ്റര്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ച് കാണില്ല. വിരമിച്ച നഴ്‌സായ ഐറീന്‍ ഫോറസ്റ്റര്‍ ഇതിന് ശേഷം സ്വന്തം മകള്‍ക്ക് നേരെ കത്തി അക്രമണം അഴിച്ചുവിടുകയായിരുന്നു. ഗ്ലാസ്‌ഗോ പാട്രിക്കിലെ ഇവരുടെ ഫ്‌ളാറ്റില്‍ നടന്ന അക്രമത്തില്‍ ലിന്‍ഡയുടെ ശ്വാസകോശം തകര്‍ന്നതിന് പുറമെ വാരിയെല്ല് ഒടിയുകയും ചെയ്തു.
എന്റെ തലവേദന ഒഴിവാക്കാന്‍ പോകുകയാണെന്ന് പറഞ്ഞതിന് ശേഷമാണ് കറിക്കത്തി ഉപയോഗിച്ച് അമ്മ ഐറീന്‍ നാല് തവണ കുത്തിയത്. മകള്‍ക്ക് കടുത്ത പരുക്കുകള്‍ സമ്മാനിക്കുകയും, ജീവന്‍ തന്നെ അപകടത്തിലാക്കുകയും ചെയ്‌തെന്ന് സമ്മതിച്ച ഐറീന്‍ ഫോറസ്റ്ററിനെ ജയില്‍ശിക്ഷയാണ് കാത്തിരിക്കുന്നത്. അമ്മയുടെ വീട്ടില്‍ ഇരിക്കവെയാണ് പൊടുന്നനെ സ്‌നേഹമില്ലെന്ന് പറഞ്ഞ് അക്രമണം തുടങ്ങിയത്.
അമ്മയോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പ്രഖ്യാപിച്ച് ലിന്‍ഡ ആന്‍ കിടക്കാന്‍ പോയെങ്കിലും ഒരു കറിക്കത്തിയുമായി ഐറീന്‍ തിരിച്ചെത്തിയെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. മുറിവേറ്റ ലിന്‍ഡ ഫ്‌ളാറ്റില്‍ നിന്നും രക്ഷപ്പെട്ട് തന്റെ കാറില്‍ കയറി. ഇവിടെ ഇരുന്നാണ് ആംബുലന്‍സ് വിളിച്ചത്. അമ്മയും 999-ല്‍ വിളിച്ച് വിവരം അറിയിച്ചു. 'മകളെ കുത്തി പരുക്കേല്‍പ്പിച്ചു. അവള്‍ മരിച്ചിട്ടില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ ഖേദമുണ്ട്', അവര്‍ പറഞ്ഞു.
മകളെ അക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും മതിയായി പോയതോടെ ചെയ്തതാണെന്ന് അറസ്റ്റ് ചെയ്ത പോലീസിനോട് ഐറീന്‍ പ്രതികരിച്ചു. ഗ്ലാസ്‌ഗോ ഷെറിഫ് കോടതി അടുത്ത മാസം ഇവരുടെ ശിക്ഷ വിധിക്കും.