CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 41 Seconds Ago
Breaking Now

റഫാല്‍ കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളി ; ശബരിമല കേസ് വിശാല ബെഞ്ചിന് ; കോടതിയലക്ഷ്യ കേസില്‍ രാഹുലിന് താക്കീത് ; സുപ്രീം കോടതിയിലെ ഇന്നത്തെ നിര്‍ണ്ണായക വിധികള്‍ ഇങ്ങനെ

വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സുപ്രീം കോടതി വിധി.

റഫാല്‍ കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളി. റഫാല്‍ ഇടപാടില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി കൊണ്ടുള്ളതായിരുന്നു സുപ്രീം കോടതി വിധി. ഇത് പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജികളില്‍ ആണ് കോടതി വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. അതേ സമയം രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ നടപടി ഉണ്ടാകില്ല. രാഹുല്‍ ഗാന്ധിക്ക് ഭാവിയില്‍ ശ്രദ്ധ ഉണ്ടായിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് 2018 ഡിസംബര്‍ 14ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൌള്‍, കെഎം ജോസഫ് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മുന്‍ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ശൂരി, യശ്വന്ത് സിന്‍ഹ, സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍, ആം ആദ്മി പാര്‍ട്ടി എം.പി സജ്ഞയ് സിംഗ് എന്നിവരാണ് പുനഃപരിശോധന ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഹര്‍ജികളില്‍ കഴിഞ്ഞ മെയ് 10ന് വാദം പൂര്‍ത്തിയായി

ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍നിന്നു 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സുപ്രീം കോടതി വിധി. ഇതിനെതിരെ ബിജെപി വിമതരും മുന്‍കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, എന്നിവരുമാണ് പുനഃപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. മേയില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയാന്‍ മാറ്റി വെയ്ക്കുകയായിരുന്നു

ചൗക്കിദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയ്‌ക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ സുപ്രീം കോടതി റദ്ദാക്കി. കൂടുതല്‍ നടപടികളിലേക്ക് തല്‍ക്കാലം കടക്കുന്നില്ലെന്നും ഭാവിയില്‍ സൂക്ഷിക്കണം എന്ന താക്കീതും കോടതി നല്‍കി. റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നല്‍കിയ പുനപരിശോധനാ ഹര്‍ജിയും സുപ്രീം കോടതി തള്ളിയിരുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് എസ് കെ കൗളും കെ എം ജോസഫും ചേര്‍ന്ന ബെഞ്ചാണ് രാഹുലിനെ വിമര്‍ശിച്ചത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ റഫാല്‍ ഇടപാടില്‍ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ഗാന്ധി ഉന്നയിച്ചിരുന്നത്. തിരഞ്ഞെടുപ്പ് കാലങ്ങളില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ ഉന്നയിച്ച പ്രധാന ആരോപണവും റാഫേലില്‍ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന് പ്രധാനമന്ത്രി മോദി സ്വയം വിശേഷിപ്പിച്ചപ്പോഴാണ് കാവല്‍ക്കാരന്‍ കള്ളനാണെന്ന് തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി എത്തിയത്. പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ ഈ വാക്കുകള്‍ ഏറ്റെടുക്കുകയും സോഷ്യല്‍മീഡിയയില്‍ അടക്കം നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. 

പ്രസ്താവനയില്‍ ബോധപൂര്‍വ്വമായി അപമാനിച്ചിട്ടില്ലെന്നും മാപ്പു പറയുന്നുവെന്നുമായിരുന്നു രാഹുല്‍ഗാന്ധി നേരത്തെ വ്യക്തമാക്കിയത്. ഏതായാലും കോടതി വിമര്‍ശനം കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിയ്ക്കും ക്ഷീണമായിരിക്കുകയാണ് .

നേരത്തെ കേരളത്തില്‍ നിര്‍ണ്ണായകമായ ശബരിമല വിധിയും എത്തി. ശബരിമല യുവതിപ്രവേശന കേസ് വിശാലബെഞ്ചിന് വിട്ടു. ശബരിമല വിധിക്ക് മുസ്‌ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ടെന്ന് പ്രസ്താവിച്ച കോടതി, കേസ് ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ് ഏഴംഗ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

വിധി പ്രസ്താവം വായിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, മതത്തിന് വലിയ പ്രാധാന്യമാണുള്ളതന്ന് വ്യക്തമാക്കി. ശബരിമല വിധിക്ക് മുസ്‌ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണ്.

യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയുമായി ബന്ധപ്പെട്ട് 56 റിവ്യൂ ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. റിട്ട് ഹര്‍ജികളും സര്‍ക്കാരിന്റെ ഹര്‍ജികളും ചേര്‍ത്ത് മൊത്തം 65 ഹര്‍ജികള്‍ കോടതിയിലെത്തി. ഏഴ് പ്രമുഖ കക്ഷികളുടെ വാദങ്ങളാണ് സുപ്രീംകോടതി തുറന്ന കോടതിയില്‍ കേട്ടത്. മറ്റു കക്ഷികള്‍ വാദം എഴുതി നല്‍കുകയായിരുന്നു. 2018 സെപ്തംബര്‍ 28ലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് യോജിച്ചു. എന്‍.എസ്.എസും തന്ത്രിയും ഉള്‍പ്പെടെ ഒരു വിഭാഗം യുവതീ പ്രവേശനം അനുവദിക്കരുതെന്നാണ് ആവശ്യപ്പെട്ടത്.

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.