
















ലോകബാങ്കില്‍ നിന്നുള്ള 14,000 കോടി രൂപ ബീഹാര്‍ തിരഞ്ഞെടുപ്പിനായി കേന്ദ്രസര്‍ക്കാര്‍ വകമാറ്റിയെന്ന് പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി. പാര്‍ട്ടിയുടെ വക്താവും പ്രധാന ശില്‍പ്പികളില്‍ ഒരാളുമായ പവന്‍ വര്‍മ്മമയാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചത്. ലോകബാങ്കില്‍ നിന്ന് മറ്റേതോ പദ്ധതിക്കായി നീക്കിവച്ചിരുന്ന ഫണ്ട് കേന്ദ്രസര്‍ക്കാര്‍ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി വകമാറ്റി സംസ്ഥാനത്തെ സ്ത്രീ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജന പ്രകാരം 1.25 കോടി വനിതാ വോട്ടര്‍മാരുടെ അക്കൗണ്ടിലേക്ക് 10,000 രൂപ നല്‍കുമെന്ന എന്‍ഡിഎയുടെ വാഗ്ദാനം പരാമര്‍ശിച്ചുകൊണ്ടായിരുന്നു ആരോപണം.
'ബിഹാറിലെ പൊതു കടം നിലവില്‍ 4,06,000 കോടിയാണ്. പ്രതിദിനം പലിശ 63 കോടിയാണ്. ട്രഷറി കാലിയാണ്. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് നല്‍കിയ 10,000 രൂപ ലോകബാങ്കില്‍ നിന്ന് മറ്റേതെങ്കിലും പദ്ധതിക്കായി ലഭിച്ച 21,000 കോടി രൂപയില്‍ നിന്നാണ് നല്‍കിയതെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.'' അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് ഒരു മണിക്കൂര്‍ മുമ്പ്, 14,000 കോടി രൂപ പുറത്തെടുത്ത് സംസ്ഥാനത്തെ 1.25 കോടി സ്ത്രീകള്‍ക്ക് വിതരണം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ശരിയോ തെറ്റോ ആകാം. ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. തെറ്റാണെങ്കില്‍, ക്ഷമ ചോദിക്കുന്നു. എന്നാല്‍ അത് ശരിയാണെങ്കില്‍, എത്രത്തോളം ധാര്‍മ്മികമാണ് എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. നിയമപരമായി, ഒന്നും ചെയ്യാന്‍ കഴിയില്ലായിരിക്കാം. സര്‍ക്കാരിന് ഫണ്ട് വഴിതിരിച്ചുവിടാനും പിന്നീട് വിശദീകരണങ്ങള്‍ നല്‍കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമ ബംഗാള്‍, തമിഴ്നാട്, മറ്റ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയാണെന്നും പണം നല്‍കുന്നത് വോട്ടര്‍മാരെ വ്യത്യസ്തമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ബീഹാറില്‍ നാല് കോടി സ്ത്രീ വോട്ടര്‍മാരുണ്ട്, 2.5 കോടി പേര്‍ക്ക് തുക ലഭിച്ചിട്ടില്ല. എന്‍ഡിഎ അധികാരത്തില്‍ വന്നില്ലെങ്കില്‍ ആനുകൂല്യം ലഭിക്കില്ലെന്ന് ബാക്കിയുള്ള സ്ത്രീകള്‍ക്ക് തോന്നി.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.