പല സത്യാവസ്ഥകളും മറച്ചുപിടിച്ചാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ രാഷ്ട്രീയക്കാര്‍ സംസാരിക്കുക. കേള്‍ക്കുന്നവരെ കോരിത്തരിപ്പിക്കുന്ന പല വാഗ്ദാനങ്ങളുടെ പിന്നിലും എന്തെങ്കിലും ഊരാക്കുടുക്ക് ചേര്‍ത്തുപിടിപ്പിച്ചിരിക്കും. എന്തായാലും ബിബിസിയുടെ ആന്‍ഡ്രൂ നീലിന് നല്‍കിയ അഭിമുഖത്തില്‍ ഇത്തരം ചതിക്കുഴികള്‍ പൊളിഞ്ഞുവീണതോടെ ലേബര്‍ പാര്‍ട്ടി കുഴപ്പത്തിലാണ്. ലേബര്‍ ഭരണം പിടിച്ചാല്‍ തികച്ചും സാധാരണ വേതനമുള്ളവരുടെയും ടാക്‌സ് ഉയരുമെന്ന് സമ്മതിച്ചതോടെയാണ് കോര്‍ബിന്‍ പിടിക്കപ്പെട്ടത്.
പാര്‍ട്ടി നയം അനുസരിച്ച് ബിസിനസ്സുകള്‍ക്കും, 80000 പൗണ്ടില്‍ കൂടുതല്‍ വരുമാനം ഉള്ളവര്‍ക്കുമാണ് ടാക്‌സ് വര്‍ദ്ധനവെന്നാണ് ലേബര്‍ നേതാവ് ഇതുവരെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സത്യാവസ്ഥ ഇതല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു, പ്രത്യേകിച്ച് മാര്യേജ് ടാക്‌സ് അലവന്‍സ് പോലുള്ളവ ഇല്ലാതാക്കുന്നത് ഇതിന് കാരണമാകുമെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. ഇത് മൂലം ആളുകള്‍ക്ക് 250 പൗണ്ട് അധികം വേണ്ടിവരുമെന്ന് കോര്‍ബിന്‍ അഭിമുഖത്തില്‍ സമ്മതിച്ചു.
അതേസമയം താന്‍ പ്രഖ്യാപിച്ച പദ്ധതികള്‍ മൂലം എത്ര ടാക്‌സ് വര്‍ദ്ധിക്കുമെന്ന് കോര്‍ബിന് യാതൊരു പിടിയുമില്ലെന്ന് അഭിമുഖത്തില്‍ വ്യക്തമായി. പണമുള്ളവര്‍ക്ക് എത്ര ടാക്‌സ് കൂടുമെന്ന് അറിയില്ലെന്ന് ലേബര്‍ നേതാവ് സമ്മതിച്ചു. കൂടാതെ ലേബറിന്റെ ഉയര്‍ന്ന ഡിവിഡന്റ് ടാക്‌സ് അനുസരിച്ച് വര്‍ഷത്തില്‍ കേവലം 14000 പൗണ്ടുള്ളവര്‍ക്ക് 400 പൗണ്ട് അധിക ടാക്‌സ് അടയ്‌ക്കേണ്ടി വരുമെന്ന് നീല്‍ ചൂണ്ടിക്കാണിച്ചു. ഇതൊന്നും കോര്‍ബിന്‍ അറിഞ്ഞിട്ട് പോലുമില്ലെന്നതാണ് അവസ്ഥ.
ടാക്‌സ് കൂടിയാലും ലിവിംഗ് വേജ് വര്‍ദ്ധിപ്പിക്കുന്നത് മൂലം ശമ്പളം കൂടുമെന്നാണ് ജെറമി കോര്‍ബിന്‍ ഇതിന് പറഞ്ഞ ന്യായീകരണം. ഇതിന് പുറമെ ലേബര്‍ പാര്‍ട്ടിയുടെ ജൂതവിരുദ്ധ നിലപാടുകളില്‍ മാപ്പ് പറയാനും കോര്‍ബിന്‍ തയ്യാറായില്ല. എന്തായാലും അഭിമുഖത്തോടെ പാര്‍ട്ടിക്ക് എതിരെ ഉയരുന്ന ഓണ്‍ലൈന്‍ അഭിപ്രായ പ്രകടനങ്ങളുടെ ആധിക്യം കുറയ്ക്കാനുള്ള ശ്രമങ്ങളിലാണ് ലേബര്‍ പാര്‍ട്ടിക്കാര്‍.