CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 35 Minutes 2 Seconds Ago
Breaking Now

രാജകുടുംബത്തിലെ 'പൊട്ടിത്തെറി' ഹാരിയുടെ തലയില്‍ ഏല്‍പ്പിച്ച് മെഗാന്‍ കാനഡയിലേക്ക് പറന്നു; സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഹാരിയ്ക്കും ഭാര്യക്കും രാജകീയ പദവികള്‍ നഷ്ടമാകില്ല; പ്രതിസന്ധി ഒഴിവാക്കാന്‍ പരിഹാരം കണ്ടെത്താന്‍ രാജ്ഞിയുടെ ഉത്തരവ്

പ്രതിസന്ധി കൂടുതല്‍ വഷളാകാതിരിക്കാന്‍ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു

ഹാരി രാജകുമാരനെ തട്ടിക്കൊണ്ടുപോയെന്ന ആരോപണം ഏറ്റുവാങ്ങുന്ന മെഗാന്‍ മാര്‍ക്കിള്‍ ബ്രിട്ടന്‍ ഉപേക്ഷിച്ച് കാനഡയിലേക്ക് പറന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാനുള്ള ഉത്തരവാദിത്വം ഹാരി രാജകുമാരന്റെ തലയില്‍ ഏല്‍പ്പിച്ചാണ് കാനഡയില്‍ ആയയ്‌ക്കൊപ്പമുള്ള എട്ട് മാസം പ്രായമായ മകന്‍ ആര്‍ച്ചിയുടെ അരികിലേക്ക് സസെക്‌സ് ഡച്ചസ് പറന്നത്. ഇനി അടുത്തൊന്നും മെഗാന്‍ ബ്രിട്ടനിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തിങ്കളാഴ്ച ബ്രിട്ടനില്‍ എത്തിയ മെഗാന്‍ ഏറെനാള്‍ ഇവിടെ തുടരാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. രാജകീയ ദൗത്യങ്ങളില്‍ നിന്നും ഇടവേളയെടുത്ത് വാന്‍കോവറില്‍ ഏഴാഴ്ച നീണ്ട താമസത്തിനൊടുവിലാണ് രാജകീയ ദമ്പതികള്‍ ബ്രിട്ടനില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ രാജകീയ ദൗത്യങ്ങളില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് ഇരുവരും സോഷ്യല്‍ മീഡിയ വഴി നടത്തിയത്. കുടുംബത്തില്‍ നടക്കുന്ന പോരാട്ടത്തിന് പരിഹാരം കാണാന്‍ രാജ്ഞി ഉത്തരവിട്ടിട്ടുണ്ട്. പേരക്കുട്ടിയും, ഭാര്യയും മുന്‍നിര രാജകീയ ഉത്തരവാദിത്വങ്ങള്‍ ഉപേക്ഷിച്ചതോടെ രൂപപ്പെട്ട പ്രതിസന്ധി കുടുംബ ബന്ധങ്ങളെ ബാധിക്കുകയാണ്. 

വെയില്‍സ് രാജകുമാരന്‍, വില്ല്യം രാജകുമാരന്‍, ഹാരി എന്നിവരുമായി രാജ്ഞി സംസാരിച്ചു. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാന്‍ നടപടി കണ്ടെത്താനാണ് നിര്‍ദ്ദേശം. 35-കാരനായ ഹാരിയ്ക്കും, 38-കാരിയായ മെഗാനും രാജകീയ പദവികള്‍ നഷ്ടമാകില്ലെന്നാണ് അന്തപ്പുരവാസികള്‍ വിവരം നല്‍കുന്നത്. ഇവര്‍ ആഗ്രഹിച്ച സ്വാതന്ത്ര്യം നല്‍കാനും കൊട്ടാരം ഒരുങ്ങുകയാണ്. പ്രതിസന്ധി കൂടുതല്‍ വഷളാകാതിരിക്കാന്‍ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. രാജദമ്പതികളുടെ നിലവിലെ സുരക്ഷയെ ബാധിക്കാതിരിക്കാന്‍ പ്രീതി പട്ടേല്‍ ശ്രദ്ധചെലുത്തും. 

എന്നാല്‍ ഇവര്‍ കാനഡയിലേക്ക് പറന്നാല്‍ സുരക്ഷയ്ക്കായി വേണ്ടിവരുന്ന ചെലവുകളുടെ കാര്യവും ഹോം സെക്രട്ടറി പരിശോധിക്കും. രാജകീയ ദൗത്യങ്ങളില്‍ നിന്നും പിന്‍മാറുമ്പോള്‍ നികുതിദായകന്റെ ചെലവില്‍ സുരക്ഷ ഒരുക്കുന്നത് വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.