CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 36 Minutes 15 Seconds Ago
Breaking Now

കൊറോണാവൈറസില്‍ വിറച്ച് ഇറ്റലി; മരണം മൂന്ന്, 150 പേര്‍ രോഗബാധിതര്‍; അതിര്‍ത്തി കടന്നെത്തിയ ട്രെയിനുകള്‍ തടഞ്ഞ് ഓസ്ട്രിയ; വെനീസ് കാര്‍ണിവല്‍ റദ്ദാക്കി; അര്‍മാനി ഫാഷന്‍ ഷോ വെട്ടിച്ചുരുക്കി; 12 പട്ടണങ്ങള്‍ അടച്ചിട്ടു

വിദേശത്ത് പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധയുമായി നേരിട്ട് ബന്ധമില്ലെന്നത് അധികൃതര്‍ക്ക് ആശങ്കയായി മാറുകയാണ്

കൊറോണാവൈറസ് ഭീഷണിയെത്തുടര്‍ന്ന് ഓസ്ട്രിയയ്ക്കും, ഇറ്റലിക്കും ഇടയിലുള്ള യാത്രാ സംവിധാനം താല്‍ക്കാലികമായി തടഞ്ഞു. അതിര്‍ത്തി കടന്ന് വൈറസ് എത്തുന്നത് തടയാന്‍ വിയന്ന അധികൃതര്‍ നെട്ടോട്ടത്തിലാണ്. റോമില്‍ കുതിച്ചുയരുന്ന കേസുകളുടെ എണ്ണം നേരിടാനാണ് മന്ത്രിമാരുടെ ശ്രമം. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ച് വരികയാണ്. 

വെനീസിലെ സുപ്രധാനമായ കാര്‍ണിവല്‍ പരിപാടികള്‍ ഇതേത്തുടര്‍ന്ന് മാറ്റിവെച്ചു. ഇറ്റാലിയന്‍ ഡിസൈനര്‍ ജിയോര്‍ജിയോ അര്‍മാനി തന്റെ മിലാന്‍ ഫാഷന്‍ ഷോ റദ്ദാക്കുന്നതായി അറിയിച്ചു. പകരം ഓണ്‍ലൈനായി സ്ട്രീം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 155 ആയി ഉയര്‍ന്നു. ഇതോടെ അയല്‍രാജ്യങ്ങളും ഭയാശങ്കയിലാണ്. ട്രെയിനില്‍ വൈറസ് ബാധിതരുള്ളതായി സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഓസ്ട്രിയ ഒരു ട്രെയിന്‍ അതിര്‍ത്തി കടക്കുന്നത് തടയുകയും ചെയ്തു. 

വെനീസില്‍ നിന്നും മ്യൂനിച്ചിലേക്ക് പോകുകയായിരുന്ന 300 യാത്രക്കാര്‍ അടങ്ങുന്ന ട്രെയിനാണ് ഇറ്റാലിയന്‍ ഭാഗത്തെ ബ്രെണ്ണര്‍ പാസില്‍ നാല് മണിക്കൂര്‍ തടഞ്ഞത്. പനിയുടെ ലക്ഷണങ്ങള്‍ കാണിച്ച രണ്ട് പേരുടെ പരിശോധന നെഗറ്റീവായി കണ്ടെത്തി. കൊറോണ ആശങ്കകളെത്തുടര്‍ന്ന് മൂന്ന് ഫുട്‌ബോള്‍ മത്സരങ്ങളും ഇറ്റാലിയന്‍ അധികൃതര്‍ റദ്ദാക്കി. ഡസന്‍ കണക്കിന് പട്ടണങ്ങളാണ് വൈറസ് ഭീതിയെത്തുടര്‍ന്ന് ഇറ്റലിയില്‍ അടച്ചിരിക്കുന്നത്. 50,000 വരുന്ന ജനങ്ങളോട് വീടുകളില്‍ തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

മരണങ്ങളും, കേസുകളുടെ എണ്ണമേറുകയും ചെയ്തതോടെയാണ് ഈ നടപടികള്‍. അതേസമയം വിദേശത്ത് പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധയുമായി നേരിട്ട് ബന്ധമില്ലെന്നത് അധികൃതര്‍ക്ക് ആശങ്കയായി മാറുകയാണ്. സ്‌കൂളുകളും, ബിസിനസ്സുകളും, റെസ്റ്റൊറന്റുകളും അടച്ചതിന് പുറമെ പള്ളികളില്‍ കുര്‍ബാനകളും ഉപേക്ഷിച്ചിരിക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.