Breaking Now

'എല്ലാത്തിനും കൊറോണ പിടിക്കും'; യുകെയുടെ വൈറസ് പ്രതിരോധം തിരിച്ചടിച്ചത് ഈ ചിന്ത മൂലമെന്ന് എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വംശജയായ പ്രൊഫസറുടെ വെളിപ്പെടുത്തല്‍; ബ്രിട്ടന്‍ തെരഞ്ഞെടുത്ത പാത പിഴച്ചു, കുറ്റം ആരുടേത്?

ഇന്‍ഫെക്ഷന്‍ ബാധിച്ച രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തുന്നതും യുകെ അവസാനിപ്പിച്ചിരുന്നു

'ഹെര്‍ഡ് ഇമ്മ്യൂണിറ്റി', കൊറോണാവൈറസ് രാജ്യത്ത് പ്രത്യക്ഷപ്പെടുന്ന ഘട്ടത്തില്‍ തന്നെ ബ്രിട്ടീഷ് സര്‍ക്കാരും, സര്‍ക്കാരിനെ ഉപദേശിക്കുന്ന ശാസ്ത്രജ്ഞരും ഈ നയമാണ് ശരിയെന്ന് വിധിച്ചു. രാജ്യത്തെ 80 ശതമാനത്തോളം ആളുകള്‍ക്കും ഇന്‍ഫെക്ഷന്‍ പിടിപെടുന്ന അവസ്ഥ വന്നാല്‍ വൈറസിനെതിരെ സ്വാഭാവിക പ്രതിരോധ ശേഷി രൂപപ്പെടുമെന്ന് ആശ്വസിച്ച അധികാരികളുടെ ചിന്ത പിഴച്ചു. ഫലം യുകെയില്‍ മരണസംഖ്യ കുതിച്ചുയരുന്നതും ഒപ്പം വൈറസില്‍ പോസിറ്റീവായ ആളുകളുടെ എണ്ണവും. 

കൊറോണാവൈറസ് പകര്‍ച്ചവ്യാധിയെ പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ യുകെ വളരെ നേരത്തെ തന്നെ അവസാനിപ്പിച്ചതായി ഒരു മുന്‍നിര വിദഗ്ധയാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തിനും എന്ത് വന്നാലും ഇന്‍ഫെക്ഷന്‍ കിട്ടുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കിയത്. എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് പ്രൊഫസര്‍ ദേവി ശ്രീധറാണ് ഈ ചിന്ത മൂലം പകര്‍ച്ചവ്യാധിയുടെ വേഗത കുറയ്ക്കാനുള്ള നടപടികള്‍ ഉപേക്ഷിക്കാന്‍ കാരണമായതെന്ന് ഇവര്‍ വ്യക്തമാക്കി. 

കൂട്ടത്തോടെ ടെസ്റ്റിംഗ് നടത്തുന്നതും, സമ്പര്‍ക്കത്തില്‍ വരുന്നവരെ അതിവേഗം കണ്ടെത്തുന്നതുമാണ് പ്രതിരോധ നടപടികൡ സുപ്രധാനം. സൗത്ത് കൊറിയയില്‍ മരണസംഖ്യ 200-ല്‍ താഴെ പിടിച്ചുനിര്‍ത്തിയത് ഈ രണ്ട് നടപടികളുടെ സഹായത്തോടെയാണ്. എന്നാല്‍ യുകെയില്‍ ആദ്യഘട്ടത്തില്‍ 80 ശതമാനം പേര്‍ക്കും ഇന്‍ഫെക്ഷന്‍ പിടിപെടാന്‍ വഴിയൊരുക്കി 'ഹെര്‍ഡ് ഇമ്മ്യൂണിറ്റി' നല്‍കുന്നതാണ് വൈറസിനെ തോല്‍പ്പിക്കാനുള്ള ഒരു വഴിയെന്ന് സര്‍ക്കാര്‍ പോലും നിര്‍ദ്ദേശിച്ചു. 

എന്നാല്‍ ഇതുമൂലം പ്രാഥമിക ഘട്ടത്തില്‍ തന്നെ പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കുന്ന അവസ്ഥ സംജാതമാക്കിയെന്ന് പ്രൊഫസര്‍ ദേവി ശ്രീധര്‍ പറഞ്ഞു. 'മുന്‍പെങ്ങുമില്ലാത്ത പരിശോധനകള്‍ തയ്യാറാക്കി ഒരുങ്ങാനും, ഡാറ്റയും ആപ്പും പ്രയോഗിച്ച് ആളുകളെ ട്രേസ് ചെയ്യുന്നത് പോലുള്ളവ ആദ്യം തന്നെ ഒഴിവാക്കി. നമ്മള്‍ തെറ്റായ പാതയാണ് തെരഞ്ഞെടുത്തതെന്ന് ഞാന്‍ കരുതുന്നു', പ്രൊഫസര്‍ ട്വീറ്റ് ചെയ്തു. 

യുകെയില്‍ കൊറോണാവൈറസ് മരണങ്ങള്‍ 24 മണിക്കൂറില്‍ 381 എത്തുകയും, 3009 കേസുകള്‍ സ്ഥിരീകരിക്കുകയും ചെയ്ത ഘട്ടത്തിലാണ് വിദഗ്ധര്‍ ഈ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നത്. ടെസ്റ്റിംഗില്‍ ബ്രിട്ടന്‍ ഏറെ പിന്നിലുമാണ്. മാര്‍ച്ച് വരെ കേവലം 5000 സ്വാബുകളാണ് പരിശോധിച്ചത്. കൂടാതെ ഇന്‍ഫെക്ഷന്‍ ബാധിച്ച രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തുന്നതും യുകെ അവസാനിപ്പിച്ചിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാണ് ഇപ്പോള്‍ രാജ്യം വൈറസിനെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നത്. 

'സൗത്ത് കൊറിയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചില്ല, മരണം 152-ല്‍ പിടിച്ചുനിര്‍ത്തി. അടച്ചുപൂട്ടലിന്റെ ഓരോ ദിനവും ബുദ്ധിമുട്ടേറിയതാണ്. വൈറസ് പടരുന്നത് പോസ് ചെയ്ത് വച്ചിരിക്കുകയാണ് തല്‍ക്കാലം. പക്ഷെ ഈ സമയത്ത് ടെസ്റ്റുകളും, ട്രേസിംഗും, ഐസൊലേഷന്‍ പ്ലാനും കടുപ്പിച്ചില്ലെങ്കില്‍ ലോക്ക്ഡൗണ്‍ ദിനങ്ങള്‍ പാഴാക്കുകയാണ്', പ്രൊഫസര്‍ ദേവി ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു. 
കൂടുതല്‍വാര്‍ത്തകള്‍.