ഒരു ഇടവേളയ്ക്ക് ശേഷം ബ്രിട്ടനില്‍ പ്രതിദിന മരണങ്ങള്‍ വീണ്ടും ഉയരുന്നു. ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ജനത്തിന് സ്വാതന്ത്ര്യം അനുവദിച്ചതിന് പിന്നാലെയാണ് രാജ്യത്ത് മരണസംഖ്യ വീണ്ടും കുതിപ്പ് നേടിയത്. 186 പേരുടെ മരണമാണ് ബ്രിട്ടീഷ് അധികൃതര്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസം പ്രതിദിന ഇരകളുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തിയത് ആശങ്കയായി മാറുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച 173 പേര്‍ മരിച്ച ഇടത്താണ് ഈ മുന്നേറ്റം. ലോക്ക്ഡൗണ്‍ ഇളവുകള്‍ രണ്ടാം ഘട്ട വ്യാപനത്തിലേക്ക് നയിക്കുമെന്ന ആശങ്കയാണ് ഇതോടെ ശക്തമാകുന്നത്. ഇതോടെ സ്ഥിരീകരിച്ച മരണസംഖ്യ 43,414-ല്‍ എത്തി. മരണസംഖ്യ ഉയരുന്നുണ്ടെങ്കിലും ഇത് താല്‍ക്കാലികമാണെന്നാണ് അധികൃതര്‍ വിശ്വസിക്കുന്നത്. തല്‍ക്കാലം വൈറസ് അടങ്ങുകയാണെന്നും ഇവര്‍ പറയുന്നു. വൈറസ് പകരുമെന്ന ഭയമില്ലാതെ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിക്കുന്നവരുടെ എണ്ണം ഉയരുകയാണെന്ന് നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം സെപ്റ്റംബറില്‍ എല്ലാ വിദ്യാര്‍ത്ഥികളെയും സ്‌കൂളില്‍ മടക്കിയെത്തിക്കുമെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ ടീച്ചിംഗ് യൂണിയനുമായി മൃദുസമീപനം സ്വീകരിക്കുമെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍ പ്രതികരിച്ചു. അടുത്ത സ്‌കൂള്‍ ഇയറില്‍ എന്ത് സംഭവിച്ചാലും കുട്ടികളെ തിരിച്ചെത്തിക്കുകയാണ് ഉദ്ദേശം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണാവൈറസ് പ്രതിസന്ധിക്കിടെ സ്‌കൂള്‍ തുറക്കാന്‍ ശ്രമിച്ച് വില്ല്യംസണ്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇതോടെ സമ്മറിന് മുന്‍പ് സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം അദ്ദേഹം തിരുത്തി. എന്നാല്‍ സെപ്റ്റംബറിന് അപ്പുറത്തേക്ക് പഠനം പുനരാരംഭിക്കാതിരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ടോറി എംപിമാര്‍. ഈ സമയത്തും ക്ലാസ് തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ചുവടുറപ്പിച്ചിരിക്കുകയാണ് എഡ്യുക്കേഷന്‍ യൂണിയനുകള്‍.