CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 46 Seconds Ago
Breaking Now

ആരോഗ്യപ്രവര്‍ത്തകര്‍ നമ്മുടെ ഹീറോകള്‍; യുകെ മലയാളികളുടെ സ്‌നേഹത്തിനും കരുതലിനും നന്ദി പറഞ്ഞും ആരോഗ്യസുരക്ഷാ ഉപദേശങ്ങള്‍ നല്‍കിയും ശൈലജ ടീച്ചര്‍

ലണ്ടന്‍: 'ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാണ് നമ്മുടെ ഹീറോകള്‍' കോവിഡ് കാലത്ത് കേരളം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുകെ മലയാളികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച കേരളത്തിന്റെ ബഹുമാന്യയായ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറാണ് ലോകത്തിന്റെ നാനാഭാഗത്തുമുള്ള ആരോഗ്യപ്രവര്‍ത്തകരെ നമ്മുടെ ഹീറോകളെന്ന് വിശേഷിപ്പിച്ചത്. ഇന്നലെ വൈകുന്നേരം (ജൂണ്‍ 27 ശനിയാഴ്ച്ച) യുകെയിലെ പ്രമുഖ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ ചേതന യുകെയുടെ ഫേസ്ബുക്ക് ലൈവിലാണ് ടീച്ചര്‍ യുകെ മലയാളികളെ അഭിമുഖീകരിച്ചത്.

ചേതന യുകെ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച ശൈലജ ടീച്ചര്‍ കോവിഡ് കാലത്ത് യുകെയിലും നാട്ടിലും യുകെ മലയാളികള്‍ നടത്തുന്ന കരുതലിനും സ്‌നേഹത്തിനും നന്ദി പ്രകാശിപ്പിച്ചു. ഒപ്പം യുകെയിലെ മുഴുവന്‍ ആളുകളും ആരോഗ്യ സുരക്ഷാ മാനദണ്ഠങ്ങള്‍ പാലിച്ച് സുരക്ഷിതരായിരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ ആരോഗ്യവകുപ്പ് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലൈവില്‍ വിവരിച്ച ടീച്ചര്‍ ലോകത്തിന്റെ നാനഭാഗങ്ങളില്‍ നിന്നുമെത്തുന്ന പ്രവാസികള്‍ക്ക് നല്‍കുന്ന പിന്തുണയും വിവരിച്ചു.

കോവിഡ് ചൈനയിലെ വുഹാനില്‍ പിടിപെട്ട സമയത്ത് തന്നെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളവും ശക്തമായ മുന്നൊരുക്കം നടത്തി. മുഴുവന്‍ നിരീക്ഷണ ശൃംഖലയും സജീവമാക്കി സ്‌ക്രീനിങ്, രോഗനിര്‍ണയം, പൊതുജനാരോഗ്യ ഇടപെടലുകള്‍ എന്നിവയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും എസ്ഒപികളും രാജ്യാന്തര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടപ്പാക്കി. ഒന്നാം ഘട്ടത്തില്‍ മൂന്നു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാവരേയും ചികിത്സിച്ച് ഭേദമാക്കാനായി. വ്യാപനവും മരണനിരക്കും പൂജ്യമായിരുന്നു. രണ്ടാം ഘട്ടത്തിലും ശക്തമായ പ്രതിരോധമാണ് സൃഷ്ടിച്ചത്. അണുബാധയുടെ സാധ്യതയുള്ള ഉറവിടങ്ങള്‍ കണ്ടെത്തി നിരീക്ഷണം ശക്തമാക്കുക, സമൂഹത്തില്‍ വൈറസിന്റെ അളവ് കുറയ്ക്കുക, പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ക്കായി റിവേഴ്‌സ് ക്വാറന്റൈന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കി. വൈറസിന്റെ കണ്ണി പൊട്ടിക്കാനായികേരളം നടപ്പിലാക്കിയ ബ്രേക്ക് ദ ചെയിന് വലിയ സ്വീകാര്യത ലഭിച്ചു. ഈ മൂന്ന് പ്രധാന തന്ത്രങ്ങളിലൂടെ വൈറസിനെ ഫലപ്രദമായി തടയാനും സമ്പര്‍ക്ക വ്യാപനവും മരണനിരക്ക് 0.6 ശതമാനവും ആക്കാന്‍ സാധിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.

ഏറെ തിരക്കുകള്‍ മാറ്റിവച്ച് അല്പസമയം യുകെ മലയാളികള്‍ക്കൊപ്പം ഫേസ്ബുക്ക് ലൈവിലെത്തിയ ടീച്ചര്‍ക്ക് ചേതന യുകെക്ക് വേണ്ടി സെക്രട്ടറി ലിയോസ് പോള്‍ നന്ദി പറഞ്ഞു.

നേരത്തെ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ബ്രിട്ടന്റെ ദേശീയ മാദ്ധ്യമങ്ങളായ  ബിബിസി ന്യൂസും ഗാര്‍ഡിയനും  രംഗത്തെത്തിയിരുന്നു.

https://www.facebook.com/chethanauklive/videos/599453157669405/?epa=SEARCH_BOX

 




കൂടുതല്‍വാര്‍ത്തകള്‍.