CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 9 Minutes 13 Seconds Ago
Breaking Now

കുട്ടികളെ ലൈംഗികതയ്ക്കായി കടത്തിയ കുറ്റത്തിന് ജെഫ്രി എപ്സ്റ്റീന്റെ 'മാഡം' ന്യൂ ഹാംപ്ഷയറില്‍ അറസ്റ്റില്‍; പഴയൊരു 'കൂട്ടുകാരന്' ചങ്കിടിപ്പ്; ജിസെലിന്‍ മാക്‌സ്‌വെല്ലിനെ ന്യൂയോര്‍ക്കില്‍ വിചാരണ നേരിടാന്‍ അയയ്ക്കും; ആന്‍ഡ്രൂ രാജകുമാരന്‍ കുരുക്കിലാകുമോ?

എപ്സ്റ്റീന്‍ കേസില്‍ ആന്‍ഡ്രൂ രാജകുമാരന് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറാണെന്ന് ആക്ടിംഗ് യുഎസ് അറ്റോണി ഓഡ്രെ സ്‌ട്രോസ്

കുപ്രശസ്തനായ ജെഫ്രി എപ്സ്റ്റീന്റെ മുന്‍ കാമുകിയും, ഇയാള്‍ക്ക് വേണ്ടി ചെറിയ പെണ്‍കുട്ടികളെ എത്തിച്ച് നല്‍കുകയും ചെയ്ത കുറ്റം നേരിടുകയും ചെയ്യുന്ന ജിസെലിന്‍ മാക്‌സ്‌വെല്ലിനെ ന്യൂ ഹാംപ്ഷയറില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് കടത്തും. ചൈല്‍ഡ് സെക്‌സ് ട്രാഫിക്കിംഗ് കുറ്റങ്ങളാണ് മാക്‌സ്‌വെല്ലിന് നേരിടാനായി അമേരിക്കയില്‍ കാത്തിരിക്കുന്നത്. ന്യൂ ഹാംപ്ഷയറിലെ ബ്രാഡ്‌ഫോര്‍ഡില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. രഹസ്യമായി ഇവിടേക്ക് താമസം മാറിയെങ്കിലും എഫ്ബിഐ മാക്‌സ്‌വെല്ലിനെ നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് സ്‌പെഷ്യല്‍ ഏജന്റ് വില്ല്യം സ്വീനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

പൂര്‍ണ്ണമായി പണം നല്‍കിയാണ് ബ്രാഡ്‌ഫോര്‍ഡിലെ 156 ഏക്കര്‍ പ്രോപ്പര്‍ട്ടി മാക്‌സ്‌വെല്‍ വാങ്ങിയതെന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്. തന്റെ പേര് മറച്ചുവെയ്ക്കാന്‍ ഒരു എല്‍എല്‍സി വഴിയായിരുന്നു ഇടപാട്. വീഡിയോലിങ്ക് വഴി കോടതിയില്‍ ഹാജരാക്കിയ ഇവരുടെ കേസ് കുറ്റം ചാര്‍ത്തിയിട്ടുള്ള ന്യൂയോര്‍ക്കിലേക്ക് മാറ്റാന്‍ അറ്റോണിമാര്‍ സമ്മതിച്ചു. അതേസമം യാതൊരു സാഹചര്യത്തിലും ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. അന്താരാഷ്ട്ര സുഹൃത്തുക്കളുടെ ശൃംഖലയുള്ള മാക്‌സ്‌വെല്ലിന് പരിധിയില്ലാത്ത ശ്രോതസ്സുകളുമുണ്ട്. അതുകൊണ്ട് ജാമ്യത്തില്‍ അയച്ചാല്‍ ഇവര്‍ നാടുവിടാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. 

നിലവില്‍ ജാമ്യം നല്‍കാതെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. തിങ്കളാഴ്ചയോടെ ന്യൂയോര്‍ക്ക് സിറ്റി കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എപ്സ്റ്റീന് മുന്നില്‍ കാഴ്ചവെയ്ക്കാനായി ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചെന്ന ഗുരുതര കുറ്റമാണ് മാക്‌സ്‌വെല്‍ നേരിടുന്നത്. പരാതി നല്‍കിയവരില്‍ ഒരാളായ വിര്‍ജിനിയ റോബര്‍ട്ട്‌സ് തന്റെ 17-ാം വയസ്സില്‍ ആന്‍ഡ്രൂ രാജകുമാരനുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടതായി വാദിക്കുന്നുണ്ട്. 1994 മുതല്‍ 1997 വരെയുള്ള കാലയളവില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ മൂന്ന് പേരുവെളിപ്പെടുത്താത്ത ഇരകളുണ്ട്, ഇവരില്‍ പ്രായം കുറഞ്ഞ കുട്ടിക്ക് വെറും 14 വയസ്സായിരുന്നു. 

എപ്സ്റ്റീന്റെ ന്യൂയോര്‍ക്ക്, ഫ്‌ളോറിഡ, ന്യൂ മെക്‌സിക്കോ, ലണ്ടനിലെ മാക്‌സ്‌വെല്ലിന്റെ ഭവനം എന്നിവിടങ്ങളിലാണ് അതിക്രമങ്ങള്‍ അരങ്ങേറിയത്. ഡസന്‍ കണക്കിന് മറ്റ് പെണ്‍കുട്ടികളെയും എപ്സ്റ്റീന്‍ പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം. മാക്‌സ്‌വെല്‍ ഈ അതിക്രമങ്ങള്‍ക്ക് ഇടനിലക്കാരിയായി. കഴിഞ്ഞ വര്‍ഷം ജൂണില്‍ എപ്സ്റ്റീന്‍ അറസ്റ്റിലായ ശേഷം ഒളിവിലായിരുന്ന മാക്‌സ്‌വെല്ലിന് ക്ലിന്റണ്‍ കുടുംബം ഉള്‍പ്പെടെയുള്ള അടുത്ത സുഹൃത്തുക്കളുണ്ട്. 2001-ലാണ് ആന്‍ഡ്രൂ രാജകുമാരനെ ഇവര്‍ വിര്‍ജിനിയ റോബര്‍ട്‌സിന് പരിചയപ്പെടുത്തുന്നത്. 

എപ്സ്റ്റീന്‍ കേസില്‍ ആന്‍ഡ്രൂ രാജകുമാരന് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറാണെന്ന് ആക്ടിംഗ് യുഎസ് അറ്റോണി ഓഡ്രെ സ്‌ട്രോസ് വ്യക്തമാക്കി. മാക്‌സ്‌വെല്ലിനെ കുറ്റക്കാരിയായി കണ്ടെത്തിയാല്‍ ജീവപര്യന്തം തടവ് ശിക്ഷയാണ് കാത്തിരിക്കുന്നത്. നേരത്തെ അറസ്റ്റിലായ എപ്സ്റ്റീനെ സെല്ലില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്!




കൂടുതല്‍വാര്‍ത്തകള്‍.