CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 35 Minutes 29 Seconds Ago
Breaking Now

ഇന്‍ഫെക്ഷന്‍ റേറ്റ് കുറഞ്ഞിട്ടും ലെസ്റ്ററില്‍ ലോക്ക്ഡൗണില്‍ ഇളവില്ല; രണ്ടാഴ്ച കൂടി വിലക്ക് തുടരും; 155 പേര്‍ കൂടി കൊറോണയ്ക്ക് ഇരകളായി; യുകെ മരണസംഖ്യ 44,391

യുകെയില്‍ ലോക്കല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ നഗരമാണ് ലെസ്റ്റര്‍

ലെസ്റ്ററില്‍ രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ തുടരുമെന്ന് വ്യക്തമാക്കി ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്. ഇന്‍ഫെക്ഷന്‍ റേറ്റ് കുറയുകയാണെങ്കിലും ലോക്ക്ഡൗണ്‍ നീക്കാന്‍ സമയമായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കേസുകള്‍ കൈവിട്ട് പോയതോടെയാണ് നഗരത്തില്‍ വിലക്കുകള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. 

കോമണ്‍സില്‍ ലേബറിലെ ജോന്നാഥന്‍ ആഷ്‌വര്‍ത്താണ് വിലക്കുകള്‍ നീക്കുന്നത് എപ്പോഴാണെന്ന ചോദ്യം ഉയര്‍ത്തിയത്. രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ അനുവദിച്ച സ്വാതന്ത്ര്യം അനുവദിക്കാന്‍ ലെസ്റ്ററിലെ രണ്ട് ആഴ്ചയിലെ കണക്കുകള്‍ പരിശോധിക്കേണ്ടി വരുമെന്ന് ഹെല്‍ത്ത് സെക്രട്ടറി മറുപടി നല്‍കി. ജൂലൈ 18ന് അടുത്ത നടപടികള്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തും, നിയന്ത്രണങ്ങള്‍ ആവശ്യമായി വന്നാല്‍ ഇതിലേക്ക് പോകും, ഹാന്‍കോക് കൂട്ടിച്ചേര്‍ത്തു.

യുകെയില്‍ ലോക്കല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ നഗരമാണ് ലെസ്റ്റര്‍. രാജ്യത്തെ മറ്റിടങ്ങളില്‍ പബ്ബുകള്‍ ഉള്‍പ്പെടെ തുറന്നപ്പോള്‍ നഗരം അടഞ്ഞ് കിടക്കുകയാണ്. മഹാമാരി തുടങ്ങിയ ശേഷം 3216 കേസുകളാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഇവിടെ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയില്‍ 944 കേസുകളും രേഖപ്പെടുത്തി. ഇതോടെ രോഗത്തെ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. 

ലെസ്റ്ററിലെ ഫുഡ് പ്രൊഡക്ഷന്‍ യൂണിറ്റുകള്‍, ക്ലോത്തിംഗ് ഫാക്ടറികള്‍ തുടങ്ങിയ ഇടങ്ങള്‍ക്ക് പുറമെ വലിയ കുടുംബങ്ങളിലുമാണ് പ്രധാനമായും വൈറസ് പടര്‍ന്നുപിടിച്ചത്. ലെസ്റ്ററിലെ 28 ശതമാനം ജനസംഖ്യയും ഇന്ത്യന്‍ പാരമ്പര്യമുള്ളവരാണ്. 21 ശതമാനം കറുത്തവരും, ഏഷ്യന്‍ പശ്ചാത്തലവുമുള്ളവരും. ഭാഷാ പ്രശ്‌നങ്ങളും, ഉയര്‍ന്ന പ്രമേഹവും, ദാരിദ്ര്യവും വൈറസ് കേസുകള്‍ കൂടാന്‍ കാരണമായെന്നാണ് കരുതുന്നത്.

155 പേര്‍ കൂടി യുകെയില്‍ കൊറോണ ബാധിച്ച് മരിച്ചതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലും, വെയില്‍സിലും നോര്‍ത്ത് ഈസ്റ്റ് ഒഴികെയുള്ള എല്ലാ മേഖലയിലും മരണങ്ങള്‍ കുറയുന്നതായാണ് വിലയിരുത്തല്‍. യുകെയിലെ മരണസംഖ്യ 44,391 എത്തിയിട്ടുണ്ട്. പോസിറ്റീവ് കേസുകള്‍ 286,349 ആണ്.




കൂടുതല്‍വാര്‍ത്തകള്‍.