CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 23 Minutes 48 Seconds Ago
Breaking Now

എന്‍എച്ച്എസിലേക്ക് 50,000 പുതിയ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള ബോറിസിന്റെ വാഗ്ദാനം പാഴാകുമോ? ഇയു നഴ്‌സുമാരുടെ എണ്ണം വീണ്ടും കുറഞ്ഞു; ലോകത്തിലെ നഴ്‌സുമാരുടെ വരവ് തടഞ്ഞ് കൊറോണയും; യുകെയെ നോട്ടമിടുന്ന ഇന്ത്യന്‍ നഴ്‌സുമാരുടെ എണ്ണം കുറയുന്നില്ല

കൊവിഡ്-19 സൃഷ്ടിച്ച ആഘാതങ്ങളുടെ ഭാഗമായി ഭാവിയില്‍ എത്തുന്ന വിദേശ നഴ്‌സുമാരുടെയും, മിഡ്‌വൈഫുമാരുടെയും എണ്ണത്തില്‍ കുറവ് സംഭവിക്കുമെന്നാണ് എന്‍എംസി കരുതുന്നത്

50,000 എന്‍എച്ച്എസ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുമെന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വാഗ്ദാനം കൂട്ടക്കുഴപ്പത്തില്‍. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്‌സുമാരുടെ എണ്ണം വീണ്ടും കുറയുന്നതിനൊപ്പം ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് നഴ്‌സുമാരുടെ വരവ് കൊറോണാവൈറസ് മൂലം പ്രതിസന്ധിയിലാകുകയും ചെയ്തതാണ് തലവേദനയായി മാറുന്നത്. കഴിഞ്ഞ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ സുപ്രധാനമായിരുന്നു നഴ്‌സുമാരുടെ രിക്രൂട്ട്‌മെന്റ്, 

ഇതിന് ശേഷം പലകുറി ഈ വാഗ്ദാനം അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യൂറോപ്യന്‍ ഇക്കണോമിക് ഏരിയയില്‍ (ഇഇഎ) നിന്നും തങ്ങളുടെ രജിസ്റ്ററിലുള്ള നഴ്‌സുമാരുടെയും, മിഡ്‌വൈഫുമാരുടെയും എണ്ണത്തില്‍ കുറവ് വന്നിട്ടുള്ളതായി നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ വ്യക്തമാക്കി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് യുകെയില്‍ ജോലി ചെയ്യുന്ന ഇയു ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നത്. നിലവില്‍ 31,385 പേര്‍ മാത്രമാണ് രജിസ്റ്ററിലുള്ളത്. 2018-19 കാലത്തെ വാര്‍ഷിക കണക്കില്‍ നിന്നും 1650 പേരുടെ കുറവാണ് സംഭവിച്ചിട്ടുള്ളത്. യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിടവാങ്ങാന്‍ വോട്ട് ചെയ്ത 2016-17 വര്‍ഷത്തിലെ 38,024 പേരില്‍ നിന്നും 6639 പേരുടെ കുറവും നേരിട്ടു. 

കഴിഞ്ഞ വര്‍ഷം എന്‍എംസി പെര്‍മനന്റ് രജിസ്റ്ററില്‍ ഇഇഎയില്‍ നിന്നും 913 പേര്‍ മാത്രമാണ് പുതുതായി ജോയിന്‍ ചെയ്തത്. 2015-16 വര്‍ഷത്തില്‍ പുതിയ ഇഇഎ നഴ്‌സുമാരുടെയും, മിഡ്‌വൈഫുമാരുടെയും എണ്ണം 9389 ആയിരുന്നു. സ്‌പെയിന്‍, ഇറ്റലി, റൊമാനിയ, പോര്‍ച്ചുഗല്‍, അയര്‍ലണ്ട് റിപബ്ലിക് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ എണ്ണത്തിലാണ് വലിയ ഇടിവ് സംഭവിച്ചത്. എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ 40,000-ലേറെ നഴ്‌സുമാരുടെ വേക്കന്‍സികളാണ് ഒഴിവുള്ളത്. 

രജിസ്റ്ററില്‍ ആകെയുള്ളവരുടെ എണ്ണം പുതിയ റെക്കോര്‍ഡാണ്- 716,607. കഴിഞ്ഞ വര്‍ഷം ഏറ്റവും വലിയ വാര്‍ഷിക വര്‍ദ്ധനവുമായി 18370 പേര്‍ ജോയിന്‍ ചെയ്തു. ഇതില്‍ 11,008 പേരുടെ ഇഇഎയ്ക്ക് പുറത്ത് നിന്നാണ്. ഇന്ത്യയും, ഫിലിപ്പൈന്‍സുമാണ് റിക്രൂട്ട്‌മെന്റില്‍ മുന്നില്‍, മേല്‍പ്പറഞ്ഞ കണക്കില്‍ 8944 പേരുടെ ഇരുരാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 

എന്നാല്‍ കൊവിഡ്-19 സൃഷ്ടിച്ച ആഘാതങ്ങളുടെ ഭാഗമായി ഭാവിയില്‍ എത്തുന്ന വിദേശ നഴ്‌സുമാരുടെയും, മിഡ്‌വൈഫുമാരുടെയും എണ്ണത്തില്‍ കുറവ് സംഭവിക്കുമെന്നാണ് എന്‍എംസി കരുതുന്നത്. വിദേശ ഹെല്‍ത്ത് പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ബോറിസ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച എന്‍എച്ച്എസ് വിസ സ്‌കീമും പര്യാപ്തമല്ലെന്നാണ് വിദഗ്ധരുടെ പക്ഷം. കൂടാതെ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ഉപേക്ഷിച്ച 6000 നഴ്‌സുമാരും, മിഡ്‌വൈഫുമാരും അമിതജോലിയും, തൊഴില്‍ സമ്മര്‍ദവും, മാനസിക ആരോഗ്യ പ്രശ്‌നങ്ങളും മൂലമാണ് രാജിവെച്ചതെന്ന് എന്‍എംസി സര്‍വ്വെ വ്യക്തമാക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.