കര്‍ശനമായ കൊറോണാവൈറസ് വിലക്കുകള്‍ പ്രഖ്യാപിക്കുന്ന പുതിയ ഇടമായി ഓള്‍ഡാം. കഴിഞ്ഞ ആഴ്ചയില്‍ കേസുകളില്‍ 240 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതോടെയാണ് മേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജൂലൈ 25 വരെയുള്ള ഒരാഴ്ചയില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പട്ടണത്തില്‍ 119 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചതെന്ന് എന്‍എച്ച്എസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒരു ലക്ഷം ആളുകളില്‍ 50.5 കേസുകള്‍ എന്ന തലത്തിലാണ് ഈ കണക്ക്. ബ്ലാക്ക്‌ബേണ്‍ വിത്ത് ഡാര്‍വെന്‍, ലെസ്റ്റര്‍ എന്നിവിടങ്ങള്‍ക്ക് പിന്നില്‍ മൂന്നാമതാണ് ഓള്‍ഡാം ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. അടുത്ത രണ്ട് ആഴ്ചത്തേക്ക് വീടുകളില്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്നാണ് ബറോയിലെ 235,000 താമസക്കാര്‍ക്ക് കൗണ്‍സില്‍ മേധാവികള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ലെസ്റ്ററിന് സമാനമായ ലോക്ക്ഡൗണിലേക്ക് കാര്യങ്ങള്‍ പോകുന്നത് ഒഴിവാക്കാനാണ് ഈ വിലക്കുകള്‍.
വീടിന് പുറത്ത് വെച്ച് സുഹൃത്തുക്കളെയും, കുടുംബത്തെയും കാണുമ്പോള്‍ രണ്ട് മീറ്റര്‍ അകലം പാലിക്കാനാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ബറോയിലെ ആളുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ദേശീയ തലത്തില്‍ ഒരു മീറ്റര്‍ (പ്ലസ്) അകലമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെങ്കിലും കഴിയാവുന്ന ഇടങ്ങളില്‍ രണ്ട് മീറ്റര്‍ പാലിക്കണം. വൈറസിനെ പ്രതിരോധിക്കാന്‍ ബ്ലാക്ക്‌ബേണ്‍ വിത്ത് ഡാര്‍വെന്‍, ലൂട്ടണ്‍ എന്നിവിടങ്ങളിലും വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓള്‍ഡാമിലെ 20 ശതമാനം ജനസംഖ്യയുടെ പാകിസ്ഥാനി, ബംഗ്ലാദേശി പാരമ്പര്യം ഉള്ളവരാണ്. ഈ വിഭാഗങ്ങള്‍ക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലുമാണ്.
യുകെയില്‍ കൊവിഡ്-19 കേസുകളുടെ ശരാശരി ഇപ്പോഴും ഉയരുന്നതാണ് മറ്റൊരു ആശങ്കയ്ക്ക് കാരണം. 581 പേര്‍ക്ക് കൂടി ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 119 പേരുടെ മരണമാണ് യുകെ ഒടുവിലായി സ്ഥിരീകരിച്ചത്. സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് മേഖലകളിലാണ് കേസുകള്‍ വര്‍ദ്ധിക്കുന്നതെന്ന് ഒഎന്‍എസ് കണക്കുകള്‍ വ്യക്തമാക്കുന്നു.