CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 35 Seconds Ago
Breaking Now

പോപ്പും, ട്രംപും വരെ പിന്തുണച്ചിട്ടും കോടതി കനിയാതെ മരണത്തെ പുല്‍കിയ ചാര്‍ലി ഗാര്‍ഡിന് കുഞ്ഞ് സഹോദരന്‍ പിറന്നു; ഈ വരവ് നാലാം വാര്‍ഷികത്തില്‍; നിറകണ്ണുകളോടെ സന്തോഷം പങ്കുവെച്ച് അമ്മ; ഹൃദയം നിറഞ്ഞ് ചാര്‍ലി ആര്‍മി!

ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ചാര്‍ലിയുടെ മരണം

ചാര്‍ലി ഗാര്‍ഡിനെ ഓര്‍മ്മയില്ലേ? നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ കുഞ്ഞ് ജീവന്‍ രക്ഷിക്കാനായി ബ്രിട്ടന്‍ ഒരുമിച്ച് രംഗത്തിറങ്ങിയിരുന്നു. അപൂര്‍വ്വ ജനിതക രോഗം പിടിപെട്ട കുഞ്ഞ് ചാര്‍ലിയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഓഫാക്കാന്‍ എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ ഒരു വശത്തും, ആ തീരുമാനം കൈക്കൊള്ളാന്‍ തങ്ങള്‍ക്കാണ് അവകാശമെന്ന് വാദിച്ച് മാതാപിതാക്കള്‍ മറുവശത്തും നിലയുറപ്പിച്ച് അതിശക്തമായ കോടതി പോരാട്ടങ്ങള്‍ക്ക് വേദിയൊരുക്കി. ഒടുവില്‍ ചാര്‍ലിയെ യാത്രയാക്കേണ്ടി വരികയും ചെയ്തു. ചാര്‍ലിയുടെ നാലാം വാര്‍ഷികത്തിലാണ് ആ കുടുംബത്തിലേക്ക് സന്തോഷം കടന്നെത്തുന്നത്. ആ രക്ഷിതാക്കള്‍ക്ക് ഒരു കുഞ്ഞ് പിറന്നിരിക്കുന്നു, അതും ചാര്‍ലിയുടെ അതേ മുഖച്ഛായയില്‍ ഒരു കുഞ്ഞ്!

തങ്ങള്‍ക്കൊപ്പം നിന്നവരുമായി ആ സന്തോഷവാര്‍ത്ത പങ്കിട്ട് കൊണ്ടാണ് ചാര്‍ലി ഗാര്‍ഡിന്റെ മാതാപിതാക്കള്‍ ആ അത്ഭുതകുഞ്ഞിന്റെ വരവ് അറിയിച്ചത്. വിജയകരമായ സിസേറിയന് ശേഷം ടവലില്‍ പൊതിഞ്ഞ് പിടിച്ചപ്പോള്‍ അവര്‍ സന്തോഷാശ്രുക്കള്‍ പൊഴിച്ചു. ബുധനാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. ചാര്‍ലിയുടെ നാലാം വാര്‍ഷികത്തിന്റെ തൊട്ടടുത്ത ദിവസമാണ് ഈ പിറവിയെന്നതും സവിശേഷതയാണ്. ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ചാര്‍ലിയുടെ മരണം. 

തന്റെ രണ്ടാമത്തെ കുഞ്ഞിനെ നോക്കി സന്തോഷത്തോടെയുള്ള കരച്ചിലിലാണ് അമ്മ യേറ്റ്‌സ്. 'ലോകം കൂടുതല്‍ സുന്ദരമായി തോന്നുന്നു' എന്നാണ് പിതാവ് ഗാര്‍ഡ് ഇതേക്കുറിച്ച് പ്രതികരിച്ചത്. സൗത്ത് വെസ്റ്റ് ലണ്ടനിലെ ബെഡ്‌ഫോണില്‍ കെയര്‍ വര്‍ക്കറാണ് 34-കാരി യേറ്റ്‌സ്. ഇതേ പ്രായത്തില്‍ ചാര്‍ലിയുടെ അതേ മുഖമാണ് രണ്ടാമത്തെ കുഞ്ഞിനെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. 2016 ആഗസ്റ്റ് 4ന് പിറന്ന ചാര്‍ലിക്ക് അപൂര്‍വ്വമായ ജനിതക അവസ്ഥയുണ്ടായിരുന്നു. യുഎസില്‍ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ ബ്രിട്ടനിലെ മെഡിക്കല്‍ സിസ്റ്റത്തോട് തന്നെ പോരാടേണ്ട അവസ്ഥയാണ് ഈ രക്ഷിതാക്കള്‍ നേരിട്ടത്. 

ഹോസ്പിറ്റല്‍ മേധാവികള്‍ ഇതിനെ തടഞ്ഞു. പക്ഷെ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ചാര്‍ലിക്കായി പിന്തുണ പിന്നാലെയെത്തി. സാക്ഷാല്‍ പോപ്പും, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വരെ സഹായവുമായി എത്തി. എന്നാല്‍ കോടതികള്‍ ഇവര്‍ക്ക് മുന്നില്‍ തടസ്സമായി. 2017 ജൂലൈ 28ന് ചാര്‍ലി മരണത്തിന് കീഴടങ്ങി. 




കൂടുതല്‍വാര്‍ത്തകള്‍.