CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 11 Minutes 43 Seconds Ago
Breaking Now

അടുത്ത മാസം സ്‌കൂള്‍ തുറക്കുമെന്ന് വാശിപിടിച്ച് ബോറിസ്; തുറന്നാല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉറപ്പെന്ന് വിദഗ്ധര്‍; വിശ്വസിക്കേണ്ടത് സര്‍ക്കാരിനെയോ, അധ്യാപക യൂണിയനുകളെയോ; ടെസ്റ്റ് & ട്രേസ് മെച്ചപ്പെടാതെ സ്‌കൂള്‍ തുറക്കുന്നത് അപകടമെന്ന ശാസ്ത്രജ്ഞരുടെ വാക്കുകള്‍ കേട്ടില്ലെന്ന് നടിക്കാമോ?

ക്ലാസ് തുടങ്ങാത്തതിനാല്‍ പല രക്ഷിതാക്കള്‍ക്കും ജോലിക്ക് പോകാന്‍ സാധിക്കുന്നില്ലെന്ന വിമര്‍ശനമാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്

സെപ്റ്റംബറില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന്റെ പേരില്‍ സര്‍ക്കാരും, അധ്യാപക യൂണിയനുകളും തമ്മിലുള്ള വടംവലിയില്‍ കുടുങ്ങി വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും. സ്‌കൂള്‍ ഏത് വിധേനയും തുറക്കണമെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുമ്പോള്‍, കൊറോണാവൈറസ് പ്രശ്‌നങ്ങളാണ് അധ്യാപകര്‍ ഉയര്‍ത്തുന്ന പ്രതിരോധം. അടുത്ത മാസം സ്‌കൂള്‍ തുറക്കേണ്ടത് ധാര്‍മ്മിക ഉത്തരവാദിത്വമാണെന്നാണ് ബോറിസ് ഇപ്പോള്‍ യൂണിയനുകള്‍ക്ക് മുന്നില്‍ വെയ്ക്കുന്ന സമ്മര്‍ദതന്ത്രം. 

ടീച്ചിംഗ് സാധാരണ ഗതിയില്‍ പുനരാരംഭിക്കേണ്ടത് ദേശീയ മുന്‍ഗണനയാണെന്നാണ് പ്രധാനമന്ത്രി മെയിലിന് വേണ്ടി എഴുതിയ ലേഖനത്തില്‍ പ്രഖ്യാപിക്കുന്നത്. സ്‌കൂള്‍ തുറക്കുന്നത് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണെന്ന് ഇരിക്കവെയാണ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സുരക്ഷിതമായ തരത്തില്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നത് ധാര്‍മ്മികമായ ആവശ്യമാണെന്ന് പ്രധാനമന്ത്രി കുറിച്ചത്. ലോക്ക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ചിലാണ് വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് മടക്കിവിട്ടത്. ക്ലാസ് തുടങ്ങാത്തതിനാല്‍ പല രക്ഷിതാക്കള്‍ക്കും ജോലിക്ക് പോകാന്‍ സാധിക്കുന്നില്ലെന്ന വിമര്‍ശനമാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. 

എന്നാല്‍ രാജ്യത്തെ ടെസ്റ്റ് & ട്രേസ് പരിപാടി മെച്ചപ്പെടുത്താതെ ഈ ദൗത്യത്തിന് ഇറങ്ങിയാല്‍ ദുരന്തമാണ് കാത്തിരിക്കുന്നതെന്ന് മുന്‍ ഉന്നത സര്‍ക്കാര്‍ ഉപദേശകന്‍ മുന്നിയിപ്പ് നല്‍കി. മറ്റൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണിനെയാണ് ബ്രിട്ടന്‍ ഇതുവഴി ക്ഷണിച്ച് വരുത്തുന്നതെന്ന് സര്‍ ഡേവിഡ് കിംഗ് പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ആഗസ്റ്റില്‍ തന്നെ ഈ സംവിധാനങ്ങള്‍ ശരിപ്പെടുത്താനാണ് കിംഗ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നത്, ഇതിന് സാധിച്ചില്ലെങ്കില്‍ രണ്ടാംഘട്ട കൊറോണാ വ്യാപനത്തിന് സാധ്യതയുണ്ട്. ഇതോടെ സമ്പദ് ഘടന വീണ്ടും സ്തംഭിക്കും, കൂടാതെ ആയിരങ്ങള്‍ മരിക്കും, അദ്ദേഹം മുന്നറിയിപ്പില്‍ വ്യക്തമാക്കി. 

കഴിഞ്ഞ 24 മണിക്കൂറില്‍ 758 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ലോക്ക്ഡൗണിലുള്ള നോര്‍ത്ത് വെസ്റ്റ് മേഖലയിലെ ആശുപത്രികളില്‍ ഒരു മരണം പോലും സംഭവിച്ചതുമില്ല. എന്നാല്‍ വീക്കെന്‍ഡും, ചൂട് കാലാവസ്ഥയും ആസ്വദിക്കാന്‍ എല്ലാ വിലക്കും ലംഘിക്കുന്ന കാഴ്ചയാണ് ബ്രിട്ടനിലെ ബീച്ചുകളിലും, ബാറുകളിലും ദൃശ്യമായത്. ഇത് മറ്റൊരു വ്യാപനത്തിന് വഴിയൊരുക്കുമെന്നാണ് ആശങ്ക. 




കൂടുതല്‍വാര്‍ത്തകള്‍.