CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 13 Minutes 37 Seconds Ago
Breaking Now

എ-ലെവല്‍ 2020 ഫലങ്ങള്‍ ഇന്ന്; ചങ്കിടിപ്പ് വിദ്യാര്‍ത്ഥികള്‍ക്കും, സര്‍ക്കാരിനും? ആശയക്കുഴപ്പത്തില്‍ മാപ്പ് പറഞ്ഞ് വിദ്യാഭ്യാസ സെക്രട്ടറി; ഗ്രേഡുകള്‍ യൂണിവേഴ്‌സിറ്റി പ്രവേശനത്തെ എങ്ങിനെ ബാധിക്കും; ഗ്രേഡില്‍ തൃപ്തിയില്ലെങ്കില്‍ എങ്ങിനെ അപ്പീല്‍ നല്‍കാം?

മോക്ക് ടെസ്റ്റ് ഫലങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഈ പരീക്ഷ കടുപ്പമായിരുന്നുവെന്ന് സ്‌കൂളുകള്‍ ഓഫ്ക്വാലിന് മുന്നില്‍ തെളിയിക്കണം

എ-ലെവല്‍ ഫലങ്ങള്‍ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളോട് മാപ്പ് പറഞ്ഞ് എഡ്യുക്കേഷന്‍ സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍. എ-ലെവല്‍ അപ്പീല്‍ നടപടികള്‍ കൂട്ടക്കുഴപ്പത്തില്‍ ചെന്നുചാടുമെന്ന ആശങ്ക ശക്തമായതോടെയാണ് വില്ല്യംസന്റെ മുന്‍കൂര്‍ ജാമ്യം. അന്ത്യനിമിഷത്തില്‍ ഗ്രേഡുകള്‍ നല്‍കുന്ന രീതി മാറ്റിയ ശേഷമാണ് ഇന്ന് സിക്‌സ്ത് ഫോര്‍മേഴ്‌സിന് ഫലങ്ങള്‍ ലഭ്യമാക്കുന്നത്. 

സ്‌കോട്ട്‌ലണ്ടില്‍ ഗ്രേഡുകള്‍ നല്‍കിയത് പ്രതിഷേധങ്ങള്‍ക്ക് കാരണമായ സാഹചര്യം മുന്നില്‍ കണ്ടാണ് ലഭിക്കുന്ന ഗ്രേഡുകളില്‍ തൃപ്തരല്ലെങ്കില്‍ മോക്ക് എക്‌സാം ഫലങ്ങള്‍ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കുന്നത്. എന്നാല്‍ ഈ രീതി അപ്പീല്‍ സംവിധാനങ്ങളെ സമ്മര്‍ദത്തിലാഴ്ത്തുമെന്നാണ് ആശങ്ക. കമ്പ്യൂട്ടര്‍ അല്‍ഗോരിതം ഉപയോഗിച്ചുള്ള ഗ്രേഡുകള്‍ 40% കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കുട്ടികള്‍ക്ക് പ്രതീക്ഷിച്ച ഗ്രേഡ് ലഭ്യമാകാത്ത സാഹചര്യം വരും. ഇത് അപ്പീല്‍ പെരുമഴയ്ക്ക് ഇടയാക്കുകയും ചെയ്യും. 

എ-ലെവല്‍ ഫലങ്ങള്‍ വൈകുന്നത് യൂണിവേഴ്‌സിറ്റി പ്രവേശന നടപടികളെയും സ്തംഭിപ്പിക്കും. പുതിയ ടേം തുടങ്ങാന്‍ ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ക്ക് കുറഞ്ഞാല്‍ പോലും യൂണിവേഴ്‌സിറ്റിയില്‍ ഇക്കുറി സ്ഥാനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാഹചര്യം പരിഗണിച്ച് ഗ്രേഡുകള്‍ സ്വീകരിക്കുന്നതില്‍ മൃദുനിലപാടാണ് സ്ഥാപനങ്ങള്‍ എടുക്കുകയെന്നാണ് വ്യക്തമാകുന്നത്. കൊവിഡ് മൂലം പരീക്ഷകള്‍ റദ്ദായതോടെയാണ് അധ്യാപകര്‍ കണക്കാക്കുന്ന മാര്‍ക്ക് അനുസരിച്ച് ഗ്രേഡ് നിശ്ചയിക്കുന്നത്. 

ഫലങ്ങളില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകള്‍ വഴിയാണ് ഇതിനെ തിരുത്താന്‍ ശ്രമിക്കേണ്ടത്. മോക്ക് ടെസ്റ്റ് ഫലങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഈ പരീക്ഷ കടുപ്പമായിരുന്നുവെന്ന് സ്‌കൂളുകള്‍ ഓഫ്ക്വാലിന് മുന്നില്‍ തെളിയിക്കണം. ഈ നടപടിക്രമങ്ങള്‍ ഇപ്പോഴും തീര്‍ച്ചപ്പെടുത്തിയിട്ടില്ല. ഗ്രേഡുകളുടെ പേരില്‍ യൂണിവേഴ്‌സിറ്റി പ്രവേശനം നിഷേധിക്കപ്പെട്ടാല്‍ അഡ്മിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വിശദീകരണം അറിയിക്കാം. പരമാവധി വിട്ടുവീഴ്ച ചെയ്യുമെന്ന് യൂണിവേഴ്‌സിറ്റികള്‍ പറയുമ്പോഴും ടേം പൂര്‍ത്തിയാകും മുന്‍പ് ഇതെല്ലാം പൂര്‍ത്തിയാകുമെന്ന് യാതൊരു ഉറപ്പുമില്ല. 




കൂടുതല്‍വാര്‍ത്തകള്‍.