മാറ്റിവെച്ച സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കല്‍ പദ്ധതി അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് നടത്താന്‍ ടോറികള്‍. വീട് വാങ്ങുന്നവര്‍ സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കുന്ന പരിധി 250,000 പൗണ്ടില്‍ നിന്നും 300,000 പൗണ്ടിലേക്ക് ഉയര്‍ത്തുകയാണ് ചാന്‍സലര്‍ ജെറമി ഹണ്ടിന്റെ പദ്ധതിയെന്നാണ് ടൈംസ് റിപ്പോര്‍ട്ട്.
വോട്ടര്‍മാര്‍ വീണ്ടും പോളിംഗ് ബൂത്തില്‍ എത്തുന്നതിന് മുന്‍പ് സാമ്പത്തിക ആശ്വാസം ഉണ്ടാകുമെന്ന് ഹണ്ട് നേരത്തെ സൂചന നല്‍കിയിരുന്നു. ടാക്‌സ് വെട്ടിക്കുറയ്ക്കുന്ന കണ്‍സര്‍വേറ്റീവ് കാഴ്ചപ്പാടിന് അടിവരയിടാനാണ് ഈ ശ്രമം. തുക അടയ്ക്കുന്ന പരിധി ഉയര്‍ത്തുന്നത് വഴി വര്‍ഷത്തിന്റെ അവസാനത്തോടെ പ്രതിവര്‍ഷം 3 ബില്ല്യണ്‍ പൗണ്ടോളമാണ് ചെലവ് വരിക.
ഇത് പ്രാവര്‍ത്തികമായാല്‍ വീട് വാങ്ങുന്ന പകുതിയോളം പേരും സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കുന്നതില്‍ നിന്നും ഒഴിവാകും. ഹൗസിംഗ് മേഖലയില്‍ ശക്തമായ ഓഫര്‍ നല്‍കാന്‍ നടപടി വേണമെന്ന് ലെവലിംഗ് അപ്പ് സെക്രട്ടറി മൈക്കില്‍ ഗോവ്, പ്രധാനമന്ത്രിയോടും, ചാന്‍സലറോടും ആവശ്യപ്പെട്ട് വരികയാണ്.
ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറച്ച് നല്‍കി വോട്ടര്‍മാരുടെ മനസ്സ് കീഴടക്കാനാണ് ഗോവ് ആവശ്യപ്പെടുന്നത്. ഭവന ഉടമസ്ഥത സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്ന ഘടകമാണ്, ഇത് കണ്‍സര്‍വേറ്റീവ് മൂല്യങ്ങളുടെ ഹൃദയഭാഗത്തുള്ളതാണ്, മുതിര്‍ന്ന ടോറി എംപി ടൈംസിനോട് പറഞ്ഞു.
ഡ്യൂട്ടി കുറച്ചാല്‍ ഗവണ്‍മെന്റിന് വോട്ടര്‍മാര്‍ക്ക് സൂചന നല്‍കാന്‍ കഴിയുമെന്ന് ഇദ്ദേഹം കരുതുന്നു. നിലവില്‍ 250,000 പൗണ്ടിന് മുകളില്‍ മൂല്യമുള്ള പ്രോപ്പര്‍ട്ടിക്ക് 5 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയാണ് ആളുകള്‍ നല്‍കുന്നത്. ഇത് 925,000 പൗണ്ടിന് മുകളിലായാല്‍ ഡ്യൂട്ടി 10 ശതമാനത്തിലേക്ക് ഉയരും.