CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 29 Seconds Ago
Breaking Now

വിന്ററില്‍ കൊവിഡ്-19 കൂടുതല്‍ പടരും; പബ്ലിക് ടോയ്‌ലറ്റുകള്‍ അപകടം പിടിച്ച സ്ഥലമെന്ന് സേജ് ഫയല്‍; കൊറോണയില്‍ തകര്‍ന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ചുവരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി

ലോക്ക്ഡൗണ്‍ എന്ന വാക്ക് നിരോധിക്കണമെന്നും സേജ്

ശൈത്യകാലത്ത് കൊവിഡ്-19 കൂടുതല്‍ പടര്‍ന്നുപിടിക്കുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി ശാസ്ത്രജ്ഞര്‍. കൊറോണാവൈറസ് പിടിപെടാന്‍ സാധ്യതയുള്ള അപകടകരമായ ഇടമായി പബ്ലിക് ടോയ്‌ലറ്റുകള്‍ മാറിയെന്നും സേജ് ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചു. പബ്ലിക് ടോയ്‌ലറ്റുകളില്‍ തിരക്കേറുകയും, തണുപ്പുള്ള പ്രതലങ്ങളില്‍ വൈറസിന് വളരാനുള്ള സാധ്യതയും കൂടുമെന്നത് ആശങ്കയാകുകയാണ്. ഇതിന് പുറമെ മലമൂത്ര വിസര്‍ജ്ജനത്തിലൂടെയും വൈറസ് പകരാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി. 

സേജ് ഗ്രൂപ്പ് പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ എന്ന വാക്ക് നിരോധിക്കണമെന്നും സേജ് ആവശ്യപ്പെടുന്നു. ഇൗ വാക്ക് ഉപയോഗിക്കുന്നത് ശിക്ഷയെന്നും, കുറ്റപ്പെടുത്തലുമായുള്ള രീതിയിലേക്ക് മാറുന്നതായി ഇന്‍ഡിപെന്‍ഡന്റ് സയന്റിഫിക് പാന്‍ഡെമിക് ഇന്‍ഫ്‌ളുവെന്‍സ ഗ്രൂപ്പ് ഓണ്‍ ബിഹേവിയേഴ്‌സ് ചൂണ്ടിക്കാണിക്കുന്നു. ലെസ്റ്ററിലെ ജനങ്ങള്‍ ഇംഗ്ലണ്ടില്‍ പരിഹാസപാത്രമായെന്നാണ് ഇവരുടെ നിലപാട്. ഉച്ചത്തില്‍ സംസാരിക്കേണ്ടി വരുന്ന തിരക്കുള്ള പൊതുപരിപാടികളാണ് വൈറസിനെ എളുപ്പത്തില്‍ പടര്‍ത്തുന്നതെന്നും സേജ് ഗ്രൂപ്പ് വ്യക്തമാക്കി. 

അതേസമയം കൊവിഡ് പ്രതിസന്ധി നേരിടുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് ഇക്കണോമിസ്റ്റ് ആന്‍ഡി ഹാള്‍ഡെയിന്‍ പറഞ്ഞു. ഉപഭോക്താക്കളുടെ ശക്തമായ ചെലവഴിക്കല്‍ യുകെയുടെ മഹാമാരിക്ക് ഇടയിലുള്ള നഷ്ടം പകുതിയാക്കി കുറയ്ക്കാന്‍ അവസരം നല്‍കിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറ്റ് കോളര്‍ തൊഴില്‍ ചെയ്യുന്നവര്‍ ഓഫീസുകളില്‍ തിരിച്ചെത്തുന്നതില്‍ രേഖപ്പെടുത്തുന്ന വര്‍ദ്ധനവും ഔദ്യോഗിക കണക്കില്‍ ഇടംപിടിച്ചു. 

'വൈറസ് ആഞ്ഞടിച്ച സമ്പദ് വ്യവസ്ഥ തിരിച്ചുവരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വരവ് എളുപ്പമല്ല. നമ്മളെല്ലാം പങ്ക് വഹിക്കണം, ഓഫീസുകളില്‍ തിരിച്ചെത്തണം, പുറത്ത് ഭക്ഷണം കഴിക്കണം, ഒരുമിച്ച് നിന്നാല്‍ ശക്തമായി മറികടക്കാം', ചാന്‍സലര്‍ ഋഷി സുനാക് പ്രതികരിച്ചു. ബ്രിട്ടന്റെ ജിഡിപി വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 20.4 ശതമാനമായി ചുരുങ്ങിയിരുന്നു. ഇതോടെ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടന്നതായി വ്യക്തമായി. എന്നാല്‍ ലോക്ക്ഡൗണില്‍ തളര്‍ന്ന സമ്പദ് ഘടന മെയ്, ജൂണ്‍ മാസങ്ങളില്‍ തിരിച്ചുവരവ് രേഖപ്പെടുത്തിയതാണ് പ്രതീക്ഷയേകുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.