CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 50 Minutes 55 Seconds Ago
Breaking Now

ഓലപ്പുരയില്‍ നിന്നും ചക്രവാളം വരെ കീഴടക്കിയ ഡോ.വിജയന്‍ ഒടുക്കത്തില്‍ നിര്യാതനായി; വിടപറഞ്ഞത് അബ്ദുള്‍ കലാം ആസാദിനോടൊപ്പം ശാസ്ത്ര ലോകത്തു സഹചാരിയായ വ്യക്തിത്വം.

മലപ്പുറം ജില്ലയിലെ അയിരല്ലൂര്‍ വില്ലേജില്‍ ഒരു ഓലക്കുടിലില്‍ വളര്‍ന്നു, കുടുംബത്തിന്റെ ദുരിത അവസ്ഥയില്‍ മുണ്ടു മുറുക്കിയുടുത്തു ഉന്നത പഠനം നടത്തി രാജ്യത്തിനും നാട്ടാര്‍ക്കും അഭിമാനമായി മാറിയ ISRO ശാസ്ത്രജ്ഞന്‍ ഡോ.വിജയന്‍ ഒടുക്കത്തില്‍ നിര്യാതനായി.  പഠനത്തിനായുള്ള അതീവ താല്‍പ്പര്യവും, സാമര്‍ത്ഥ്യവും അതിലൂടെ ലോകം കീഴടക്കാനുള്ള ഏക ലക്ഷ്യമായിക്കണ്ടു വിട്ടുവീഴ്ചയില്ലാത്ത പരിശ്രമത്തിലൂടെ നേടിയ അറിവിലൂടെ ചക്രവാളം വരെ കുതിക്കുന്ന സ്‌പേസ് റോക്കറ്റ് സാങ്കേതികവിദ്യയില്‍ തന്റേതായ കയ്യൊപ്പു ചാര്‍ത്തിയ ശാസ്ത്രജ്ഞന്‍ വിജയന്‍ ഒടുക്കത്തില്‍ ആണ് വിടപറഞ്ഞത്. ലോകം കണ്ട അത്ഭുത പ്രതിഭ അബ്ദുള്‍ കലാം ആസാദിന്റെ കീഴില്‍ സ്‌പേസ് ടെക്‌നോളജിയില്‍ ശ്രദ്ധേയമായ പല നേട്ടങ്ങള്‍ക്കും വികസനങ്ങള്‍ക്കും തന്റേതായ പങ്കു വഹിച്ചിട്ടുള്ള ഡോ. വിജയന്‍ അര്‍ബുദ രോഗ ചികിത്സയിലിരിക്കെയാണ് കോഴിക്കോട്ട് മരിച്ചത്.

കോഴിക്കോട് ചാത്തങ്കോട്ടുനടയിലെ ഷാലി ഫ്രാന്‍സീസ് കണ്ണഞ്ചിറയാണ് പരേതന്റെ ഭാര്യ. കലാരംഗത്തുള്ള ഡോ.വിജയന്റെ അഭിനിവേശം ആണ് നൃത്തരംഗത്ത് രാജ്യാന്തര വേദികള്‍ കീഴടക്കുകയും, പരിശീലനം നല്കിപ്പോരുകയും ചെയ്യുന്ന, ചെന്നൈ കലാക്ഷേത്രയിലെ നൃത്താദ്ധ്യാപിക കൂടിയായ ഷാലിയെ ജീവിത സഖിയാക്കുന്നത്. വിശ്വജിത്ത്  ഒടുക്കത്തില്‍ ഛായാഗ്രാഹകന്‍ (ഹൃദയം), ഹേമന്ത് വിജയന്‍ (അര്‍ബണ്‍  കമ്പനി) എന്നിവരാണ് പരേതന്റെ മക്കള്‍. താന്‍ ജീവിച്ചിരിക്കെ മകന്റെ വിവാഹം കാണുവാനുള്ള പിതാവിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി കഴിഞ്ഞ ദിവസമാണ് വിശ്വജിത്തും എറണാകുളം സ്വദേശിനി തീര്‍ത്ഥയുമായുള്ള വിവാഹം നടത്തിയത്.

അടിയുറച്ച വിശ്വാസകൂടിയായ ഡോ. വിജയന്‍ അദ്ദേഹത്തിന്റെ ഭവനത്തില്‍ ഹൈന്ദവ, ക്രൈസ്തവ പ്രാര്‍ത്ഥനാ മുറികള്‍ ഒരുക്കിയിരുന്നുവെന്നത് അദ്ദേഹത്തിന്റെ മതസൗഹാര്‍ദ്ധത്തിന്റെയും മാനവികതയുടെയും വിശാലമനസ്‌കതയാണ് ഉയര്‍ത്തിക്കാണിക്കുക. പരിചയപ്പെട്ടവരുടെയിടയില്‍ 'വിജയന്‍ ഒടുക്കത്തില്‍' എന്ന വ്യക്തിത്വം മനസ്സില്‍ ചേക്കേറുന്ന ആകര്‍ഷക പ്രഭയാണ്.

ദാരിദ്ര്യത്തിന്റെ പടവുകള്‍ താണ്ടി ശാസ്ത്രലോകത്ത് ചക്രവാളം വരെ കീഴടക്കി രാജ്യത്തിനായി അഭിമാന നേട്ടങ്ങള്‍ സംഭാവന നല്‍കിയ ശാസ്ത്രകുതുകിയുടെ ഹൃദയസ്പര്‍ശിയായ ജീവിത പ്രയാണം, ഗള്‍ഫില്‍ പരസ്യക്കമ്പനിയില്‍ ജോലിചെയ്തുവരുന്ന ഇളയ സഹോദരന്‍ 'രാജ്കുമാര്‍ ഒടുക്കത്തില്‍' ഫേസ്ബുക്കില്‍ കുറിച്ച  ഓര്‍മ്മക്കുറിപ്പിലൂടെ തന്നെ മനസ്സിലാക്കാം.

രാജ്കുമാര്‍ ഒടുക്കത്തില്‍'

 

'ഏട്ടന്മാര്‍ അഞ്ചു പേരായിരുന്നു. ഓരോരുത്തരെക്കുറിച്ചോര്‍ക്കുമ്പോഴും അഭിമാനാമായിരുന്നു .....

 

സഹോദരിമാരില്ലാത്ത കുറവ് എടത്തിയമ്മമാര്‍ നികത്തി. പിന്നെ ഇഷ്ടംപോലെ പേരക്കുട്ടികളും...

 

അച്ഛന്‍ നേരത്തേ കളമൊഴിഞ്ഞു...കനിവും ഹൃദയ അലിവുമുള്ളവനായിരുന്നു. അമ്മയും അങ്ങനെതന്നെ.

 

അമ്മ ഞങ്ങള്‍ ആറുപേരുടെയും സുഹൃത്തുക്കള്‍ക്കും അമ്മയായിരുന്നു.

 

കുനിഞ്ഞു കയറിയില്ലെങ്കില്‍ തലയിടിക്കുമായിരുന്ന ഓലപ്പുരയിലായിരുന്നപ്പോള്‍ തുടങ്ങിയ സൗഹൃദങ്ങള്‍... വല്യേട്ടന്‍ ആദ്യമായി സൗദിയിലെത്തിയപ്പോള്‍ നിര്‍മ്മിച്ച ടെറസിട്ട വീട്ടിലേക്ക് ചേക്കേറിയപ്പോഴും സൗഹൃദങ്ങള്‍ തുടര്‍ന്നു.

 

ഓലവീട്ടില്‍ സ്ഥലപരിമിതിമൂലം പുറത്തു കോലായില്‍ ചരിച്ചുകെട്ടിയ വരാന്തയിലെ വലിയ കട്ടിലില്‍ ആയിരുന്നു വിജയേട്ടനും ശ്രീന്യേട്ടനും കിടന്നിരുന്നത്. ഞങ്ങള്‍ താഴെയുള്ള രണ്ടുപേര്‍ കട്ടിലിന്റെ ചുവടെയും. അമ്മ അകത്തും.

 

അച്ഛന്‍ റെയില്‍വേ ബംഗ്‌ളാവില്‍ പ്രധാന പാചകക്കാരനായിരുന്നു. ആഴ്ചയിലോ രണ്ടാഴ്ച കൂടുമ്പോഴും വരും...ടാര്‍പോളിന്‍ സഞ്ചിയില്‍ നിശ്ചയമായും ഉണ്ടാകുമായിരുന്ന വലിയ നാരങ്ങയായിരുന്നു എന്റെ പ്രിയവസ്തു. അച്ഛന്‍ മരിച്ചിട്ടും വര്‍ഷങ്ങളോളം ആ സഞ്ചിയ്ക്ക് നാരങ്ങയുടെ മണമുണ്ടായിരുന്നു.

 

ആറാണ്‍മക്കളെ വഴിതെറ്റാതെ വളര്‍ത്തിയെടുത്ത അമ്മ സഹിച്ച ത്യാഗം വലുതാണ്. മക്കളെ നല്ല വിദ്യാഭ്യാസം കൊടുത്തു വളര്‍ത്തണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. മൂത്ത മകനെ എഞ്ചിനീറിംഗിനു അയയ്ക്കാന്‍ വരുമാനമില്ലാത്തതുകൊണ്ട് രണ്ടാമത്തെയാളെ നിര്‍ബന്ധമായി പട്ടാളത്തില്‍ ചേര്‍ത്തി  ഏട്ടന് തീരെ ഇഷ്ടമില്ലായിരുന്നിട്ടും. രണ്ടുപേരും ജോലിയില്‍ ചേര്‍ന്നതിനുശേഷം പെട്ടന്നൊരുനാള്‍ ഹൃദയാഘാതം മൂലം അച്ഛന്‍ പോയി.

 

അമ്മയും ചെറിയ നാല് മക്കളും! അവരുടെ ഉത്തരവാദിത്വം ഏറ്റെടുത്തു വല്യേട്ടന്‍!

 

പഠിപ്പില്‍ മിടുക്കരായ വിയയേട്ടനെയും ശ്രീന്യേട്ടനെയും പഠിപ്പിച്ചുവിജയേട്ടന്‍ ഫിസിക്‌സില്‍ ഡോക്ടറേറ്റ് എടുത്ത് ആദ്യം മദ്രാസ് IIT യിലും, പിന്നെ ബാംഗ്ലൂര്‍ IISC യിലും പിന്നെ വിരമിക്കുന്നതുവരെ തിരുവനന്തപുരം വലിയമല ISRO യിലും ശാസ്ത്രജ്ഞനായി സേവനമനുഷ്ടിച്ചു. പ്രശസ്ത ഡോ അബ്ദുല്‍ കലാമിന്റെ കീഴില്‍ ജോലിചെയ്യാനുള്ള ഭാഗ്യവുമുണ്ടായി.

 

ആധുനിക റോക്കറ്റ് സാങ്കേതികവിദ്യയായ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം വികസിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

 

രണ്ടാമത്തെ ഏട്ടന്‍ (ചന്ദ്രന്‍) ആര്‍മിയില്‍നിന്നും വളന്ററി ആയി വിരമിച്ച ശേഷം റെയില്‍േവയില്‍ ജോലിചെയ്തുവരവേ 2004 ല്‍ ഹൃദയാഘാതം വന്നു മരണമടഞ്ഞു.

 

ശ്രീന്യേട്ടന്‍ പ്രത്രപ്രവര്‍ത്തനത്തില്‍ മാസ്റ്റര്‍ ബിരുദം നേടി കലാകൗമുദി, ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ഒമാന്‍ ഡെയിലി ഒബ്‌സര്‍വര്‍ എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചുവരവേ 2000 ല്‍ ഹൃദയാഘാതം വന്നു മരണമടഞ്ഞു.

 

എല്ലാവരുടെയും കാര്യത്തില്‍ ശ്രദ്ധയുണ്ടായിരുന്ന വിജയേട്ടന്‍ ഉദ്യോഗത്തില്‍നിന്നും വിരമിച്ച ശേഷം നാട്ടില്‍ സ്വസ്ഥജീവിതം നയിച്ചുവരവേ രണ്ടുവര്‍ഷംമുമ്പ് ക്യാന്‍സര്‍ബാധിതനായി ചികിത്സയിലായിരുന്നു. ആകാശത്തിനുതാഴെ ഏതുകാര്യത്തെക്കുറിച്ചും ഏട്ടനറിയാമായിരുന്നു. ഏത് കാര്യത്തിലും സ്വന്തമായ ഒരു കാഴ്ചപ്പാടുള്ള വ്യക്തി.

 

ശാസ്ത്രത്തോടൊപ്പം കലയിലും അതീവ തല്പരനായിരുന്നു. ജീവിതസഖിയെ തിരഞ്ഞെടുത്തതിലും കലയോടുള്ള താല്‍പ്പര്യം പ്രകടമാണ്. ഭാര്യ ഷാലി വിജയന്‍ ചെന്നൈ കലാക്ഷേത്രയില്‍ നൃത്താദ്യാപിക. രണ്ടാണ്മക്കള്‍. വിശ്വജിത് ഒടുക്കത്തില്‍ ഛായാഗ്രാഹകന്‍ (ഹൃദയം), ഹേമന്ത് വിജയന്‍ (അര്‍ബണ്‍  കമ്പനി).

 

തന്റേതായ നിലപാടുകളില്‍ ഉറച്ചു ജീവിച്ചു... മനസ്സുനിറയെ സൗഹൃദവലയം സൃഷ്ടിച്ച്...തന്റെ നിലപാടുകളില്‍ ജീവിച്ചു മരിച്ച എന്റെ പ്രിയ ഏട്ടന് ഹൃദയപ്രണാമം!'

 

വിജയന്‍ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തില്‍ തിരുവനന്തപുരം ഏരിയയില്‍ ഡിസംബര്‍ 1989  നവംബര്‍ 2013 വരെ ദീര്‍ഘമായ 24 വര്‍ഷം ശാസ്ത്രജ്ഞനായി സേവനം ചെയ്തു.

അവിടുത്തെ പ്രവര്‍ത്തന കാലഘട്ടത്തില്‍  പല നേട്ടങ്ങള്‍ രാജ്യത്തിനായി സമര്‍പ്പിക്കുവാന്‍ അദ്ദേഹത്തിനായിയിരുന്നു. ജിഎസ്എല്‍വിയുടെ ക്രയോജനിക് അപ്പര്‍ സ്റ്റേജിന്റെ ഇന്‍സുലേഷന്‍ സിസ്റ്റം രൂപകല്‍പ്പന ചെയ്യല്‍, ഇന്‍സുലേഷന്‍ വിലയിരുത്തുന്നതിനായി എന്‍ഡിഇ സാങ്കേതികത വികസിപ്പിക്കല്‍, LH, LOX  എന്നിവക്കായി ഡയോഡ് അറേ തരം ലിക്വിഡ് ലെവല്‍ സെന്‍സറുകള്‍ വികസിപ്പിക്കല്‍ എന്നിവ ശ്രദ്ധേയമായ നേട്ടങ്ങളാണ്. ISRO ഡിസൈന്‍ മാനുവല്‍ എഡിറ്റു ചെയ്തതും, എയ്‌റോസ്‌പേസ് ഫാസ്റ്റനറുകളില്‍ ഡോക്കുമെന്റ് മാനുവല്‍  തയ്യാറാക്കിയതും  ഡോ. വിജയനാണ്.

 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബാംഗ്ലൂരില്‍ ഏപ്രില്‍ 1987 ഡിസംബര്‍ 1989 വരെ 2 വര്‍ഷം 9 മാസം  ഇന്‍സ്ട്രുമെന്റേഷന്‍ & സര്‍വീസസ് യൂണിറ്റില്‍ (നിലവില്‍ ഇന്‍സ്ട്രുമെന്റേഷന്‍ വകുപ്പ്) സയന്റിഫിക് അസിസ്റ്റന്റ് ആയി ക്രയോജനിക് സിസ്റ്റങ്ങളുടെ വികസനത്തില്‍ പ്രധാന പങ്കാണ് അദ്ദേഹം വഹിച്ചത്.

 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മദ്രാസില്‍ ഡിസംബര്‍ 1983  ഏപ്രില്‍ 19873 വര്‍ഷം 5 മാസം പോസ്റ്റ്‌ഡോക്ടറല്‍ ഫെലോയായി. ലിക്വിഡ് നൈട്രജന്‍, ലിക്വിഡ് ഹീലിയം പ്ലാന്റുകള്‍, വാക്വം സിസ്റ്റങ്ങളുടെ   പ്രവര്‍ത്തനം, പരിപാലനം, നന്നാക്കല്‍, കൂടാതെ കുറഞ്ഞ താപനിലയില്‍ ഇലക്ട്രിക്കല്‍ റെസിസ്റ്റിവിറ്റിയും മാഗ്‌നറ്റിക് സസ്‌പെസ്റ്റിബിലിറ്റി അളവുകളും നിരീക്ഷിക്കുക ഒപ്പം ക്രയോജനിക് ദ്രാവകങ്ങളുടെ താപനില, മര്‍ദ്ദം, ദ്രാവക നില, ഫ്‌ലോ അളവുകള്‍ എന്നിവയ്ക്കുള്ള ഉപകരണ വികസനം,  നേര്‍ത്ത ഫിലിം ഡിപോസിഷന്‍ വികസനം തുടങ്ങിയവയും അദ്ദേഹത്തിന്റെ സംഭാവനകളാണ്.

 

പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്ന ഡോ. ഒടുക്കത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മദ്രാസില്‍ നിന്നും 19831987 കാലഘട്ടത്തില്‍ പോസ്റ്റ്‌ഡോക്ടറല്‍ റിസര്‍ച്ച് ക്രയോജനിക്‌സും, സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാല, ഗുജറാത്തില്‍ നിന്നും കുറഞ്ഞ താപനിലയിലുള്ള  ക്രയോജനിക് ടെക്‌നോളജി, വാക്വം ടെക്‌നോളജി എന്നിവയില്‍ പഠനം നടത്തിയ വിജയന്‍ സോളിഡ് സ്റ്റേറ്റ് ഫിസിക്‌സ് എന്‍എ യില്‍ 19791982 കാലഘട്ടത്തില്‍ പിഎച്ച്ഡിയും കരസ്ഥമാക്കിയിരുന്നു.

 

ഡോ. വിജയന്‍ ഒടുക്കത്തില്‍  ഫോട്ടോഗ്രാഫി, ഫിലിം സൊസൈറ്റി എന്നിവയോടു ചേര്‍ന്ന് ഗവേഷണത്തിലും പ്രവര്‍ത്തനങ്ങളിലും തന്റെ പ്രതിഭയും സാമീപ്യവും അറിയിച്ചിരുന്നു. (Mo W) Se2 സിംഗിള്‍ ക്രിസ്റ്റലുകളിലെ ഇലക്ട്രിക്കല്‍ & ഒപ്റ്റിക്കല്‍ പ്രോപ്പര്‍ട്ടികള്‍ എന്നിവയിലും ഇതിനായി പഠനം നടത്തി. ഡോ. ഒടുക്കത്തിലാണ്

പ്രസ്തുത പഠനത്തിനുള്ള ഉപകരണം വികസിപ്പിച്ചെടുത്തതെന്നതും ശ്രദ്ധേയമാണ്. എക്‌സ്‌റേ ഡിഫ്രാക്ഷന്‍, ഒപ്റ്റിക്കല്‍ മൈക്രോസ്‌കോപ്പി എന്നിവ ഉപയോഗിച്ച് ക്രിസ്റ്റല്‍ ഘടനയുടെ സ്വഭാവം കണ്ടെത്തുവാനുള്ള ടെക്‌നോളജി വികസിപ്പിക്കുകയും പ്രസ്തുത പഠനത്തിനായി ക്രിസ്റ്റലുകള്‍ അദ്ദേഹം തന്നെ ഉണ്ടാക്കിയിരുന്നു. ഈ ക്രിസ്റ്റലുകളില്‍ കണ്ടെത്തിയ ഇലക്ട്രിക്കല്‍ ത്രെഷോള്‍ഡ് സ്വിച്ചിംഗ് അദ്ദേഹം ശാസ്ത്ര ലോകത്തിനു നല്‍കിയ മറ്റൊരു സംഭാവനയാണ്.

 

വലിയ സ്വപ്നങ്ങള്‍ കാണുവാനും സാക്ഷാല്‍ക്കരിക്കുവാനും പറഞ്ഞു നടന്ന പ്രിയ അബ്ദുല്‍ കലാം ആസാദ് എന്ന അംബരചുംബിയായ വ്യക്തിത്വത്തിന്റെ ശിഷ്യഗണത്തില്‍ ശ്രദ്ധേയമായ റോള്‍ ചെയ്ത ആ വലിയ മനസ്സ് എത്രയോ സ്വപ്നങ്ങള്‍ ബാക്കിയാക്കിയാവും വിടപറഞ്ഞത്. സാമൂഹ്യ സാംസ്‌കാരിക ശാസ്ത്ര രംഗങ്ങളില്‍ തിളക്കമാര്‍ന്ന വ്യക്തിപ്രഭാവത്തിനുടമ കൂടിയായിരുന്നു അദ്ദേഹം. ഏതു വിഷയത്തിലും അഗാധമായ അറിവും, സൗഹാര്‍ദ്ദത്തിനു അങ്ങേയറ്റം വിലമതിക്കുന്ന വ്യക്തിത്വം , വിനയശീലം, വിശാല മനസ്‌കത എന്നിവ വിജയന്റെ മുഖ മുദ്രയായിരുന്നു.  

 

കാലചക്രം ഉരുളുമ്പോളും നാളെയുടെ ആകാശമുറ്റത്തു ചക്രവാളത്തിലും, ഗ്രഹങ്ങളിലും വരെ ഓര്‍മ്മകളും അഭിമാനവുമായി നമ്മുടെ ശാസ്ത്രകുതുകി ഡോ.വിജയന്‍ ഒടുക്കത്തില്‍ നിറഞ്ഞു നില്‍ക്കും എന്ന് തീര്‍ച്ച.   ശാസ്ത്രലോകത്തുനിന്നും വിടപറയുന്ന മാനവികതയുടെ വലിയ മനസ്സിന് ഹൃദയ പ്രണാമം.  

 

 

 
കൂടുതല്‍വാര്‍ത്തകള്‍.