അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ പോയിന്റ് ബേസ്ഡ് വിസ സിസ്റ്റം ആരംഭിച്ച് യുകെ. ഒക്ടോബര്‍ 5ന് പ്രാബല്യത്തില്‍ വരുന്ന പുതിയ വിസ റൂട്ട് വഴി വിസ ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ 70 പോയിന്‍ഫുകള്‍ നേടണം. അംഗീകൃത എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ ഓഫറിന് പുറമെ ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയുമെന്നും, യുകെയിലെ പഠനകാലത്ത് സ്വയം സപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുമെന്നും തെളിയിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പോയിന്റ് ലഭിക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.
കോഴ്‌സ് ആരംഭിക്കുന്നതിന് ആറ് മാസം മുന്‍പ് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ വിസയ്ക്കുള്ള അപേക്ഷ നല്‍കാം. നേരത്തെ ഇത് മൂന്ന് മാസം മുന്‍പാണ് സാധിച്ചിരുന്നത്. കൂടാതെ വിസ ആപ്ലിക്കേഷനൊപ്പം അക്കാഡമിക് യോഗ്യതകള്‍ സംബന്ധിച്ച രേഖകള്‍ വീണ്ടും സമര്‍പ്പിക്കേണ്ട ബുദ്ധിമുട്ടും ഒഴിവാകും. എല്ലാ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെയും ഒരുപോലെ കാണുന്നതാണ് പുതിയ റൂട്ട്.
യൂറോപ്പില്‍ നിന്നും ഉള്‍പ്പെടെയുള്ളവര്‍ പഠിക്കാന്‍ എത്തുമ്പോള്‍ ഒരേ തരത്തിലാണ് നടപടിക്രമങ്ങളെന്ന് യുകെ ഹോം ഓഫീസ് വ്യക്തമാക്കി. പുതിയ റൂട്ട് വഴി യുകെയില്‍ എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ പരിമിതികള്‍ ഉണ്ടാകില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. യുകെ ഹയര്‍ എഡ്യുക്കേഷന്‍ സിസ്റ്റത്തില്‍ പഠിക്കാന്‍ എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണമുയര്‍ത്തി 2030-ഓടെ 6,00,000 എത്തിക്കുകയാണ് ലക്ഷ്യം.
നിലവിലെ കണക്കനുസരിച്ച് യുകെയില്‍ എത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിദ്യാര്‍ത്ഥി സമൂഹമാണ് ഇന്ത്യക്കാര്‍. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മുന്‍ഗണനാ ക്രമത്തില്‍ ഉള്‍പ്പെടുത്തി ഒന്നാം സ്ഥാനത്തുള്ള ചൈനക്കാരെ മറികടക്കാന്‍ സഹായിക്കണമെന്ന ആവശ്യം യുകെയില്‍ ശക്തമാണ്.