
















ലേബറിന്റെ ബ്രക്‌സിറ്റ് റീസെറ്റ് ഏത് വിധേനയും തടയുമെന്ന് പ്രഖ്യാപിച്ച് നിഗല്‍ ഫരാഗ്. ലോക്കല്‍ തെരഞ്ഞെടുപ്പിന് കീര്‍ സ്റ്റാര്‍മറുടെ ചതി ആയുധമാക്കാനാണ് റിഫോം യുകെ ഒരുങ്ങുന്നത്. യൂറോപ്യന്‍ യൂണിയനുമായി സൗഹൃദം കൂടാനുള്ള പ്രധാനമന്ത്രിയുടെ പുതിയ നീക്കങ്ങള്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹാരമാകില്ലെന്നും, തെരഞ്ഞെടുക്കപ്പെടാത്ത ഇയു ഉദ്യോഗസ്ഥര്‍ക്ക് പരമാധികാരം കൈമാറുകയും ചെയ്യുമെന്ന് നിഗല്‍ ഫരാഗ് ചൂണ്ടിക്കാണിക്കുന്നു.
ഇതിന് പുറമെ ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവെച്ച് തിരിച്ചടി ഒഴിവാക്കാനുള്ള ഗവണ്‍മെന്റ് നീക്കങ്ങളെയും ചെറുക്കുമെന്ന് ഫരാഗ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി റിഫോം യുെക കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
ബ്രക്‌സിറ്റ് തിരുത്തില്ലെന്ന ലേബര്‍ പ്രകടനപത്രികയിലെ വാഗ്ദാനം തെറ്റിച്ച് ഇയു സിംഗില്‍ മാര്‍ക്കറ്റിലേക്ക് യുകെയെ തിരികെ കെട്ടാനാണ് സ്റ്റാര്‍മര്‍ ഒരുങ്ങുന്നതെന്ന് ഇദ്ദേഹത്തിന്റെ അനുയായി തന്നെ വെളിപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി ഇക്കാര്യം ബിബിസിയില്‍ സ്ഥിരീകരിച്ചതോടെ വലിയ വിവാദത്തിനും തിരികൊളുത്തി.
'നമ്മള്‍ അവരോട് അടുക്കണം. ഇത് ദേശ താല്‍പര്യത്തിന് ഗുണമാണ്. സിംഗിള്‍ മാര്‍ക്കറ്റില്‍ തിരിച്ചെത്തണമെങ്കില്‍ അതും ചെയ്യണം. ഗുണമാണെങ്കില്‍ മുന്നോട്ട് പോകണം', സ്റ്റാര്‍മര്‍ പറഞ്ഞു.
എന്നാല്‍ നിഗല്‍ ഫരാഗ് ഈ പ്രഖ്യാപനങ്ങള്‍ക്കെതിരെ രംഗത്തെത്തി. ബ്രക്‌സിറ്റ് തിരുത്താനുള്ള ശ്രമം രാജ്യത്തിന് ദോഷമാകുകയും, ലേബറിന് വോട്ട് പെട്ടിയില്‍ തിരിച്ചടിയും സമ്മാനിക്കുമെന്ന് റിഫോം നേതാവ് ഓര്‍മ്മിപ്പിച്ചു. ഡൊണാള്‍ഡ് ട്രംപും, സീ ജിന്‍പിംഗും കളിക്കുന്ന ആഗോള വേദിയില്‍ ഇയുവിന്റെ പ്രസക്തി തന്നെ നഷ്ടമാകുന്ന ഘട്ടത്തിലാണ് തിരിച്ചുപോകാനുള്ള ആലോചന പ്രധാനമന്ത്രി സജീവമാക്കുന്നതെന്ന് ഫരാഗ് പറയുന്നു.