
















പുതുവര്‍ഷത്തിലേക്ക് കടന്നതോടെ ബ്രിട്ടനില്‍ ശൈത്യം ശക്തമാകുകയാണ് ചെയ്തത്. കൊടുങ്കാറ്റിന്റെ കൂടി പ്രഭാവത്തില്‍ കൊടുംതണുപ്പാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഇതിനിടെ ഫ്‌ളൂവിന്റെയും, മറ്റ് വിന്റര്‍ വൈറസുകളുടെയും കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് വ്യക്തമാകുന്നത്. എന്‍എച്ച്എസ് നേരിട്ട ദുരിതം ഇനിയും അവസാനിക്കാന്‍ സമയമായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍ 2940 ബെഡുകളിലേറെയും ഫ്‌ളൂ രോഗികളാണ് കൈവശപ്പെടുത്തി വെച്ചിരുന്നതെന്ന് കണക്കുകള്‍ പറയുന്നു. മുന്‍ ആഴ്ചയേക്കാള്‍ ഒന്‍പത് ശതമാനമാണ് വര്‍ദ്ധന. വിന്റര്‍ വൊമിറ്റിംഗ് വൈറസായ നോറോവൈറസ് മൂലം ആശുപത്രിയിലാകുന്ന രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്.
മുന്‍ ആഴ്ചയേക്കാള്‍ കൊവിഡ് രോഗികളുടെ എണ്ണവും ഉയര്‍ന്നതോടെ ശൈത്യകാല വൈറസുകള്‍ വീണ്ടും നടമാടാന്‍ തുടങ്ങിയെന്നാണ് ആശങ്ക. രോഗികളെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും പരിപാലിക്കുന്ന എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും ഇതില്‍ നിന്നൊരു ഇടവേള കിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
രണ്ടാഴ്ച കേസുകളുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഈ തിരിച്ചുവരവ്. ഫ്‌ളൂ കേസുകള്‍ താഴുന്നുവെന്ന് പ്രതീക്ഷ ഉയര്‍ന്ന ശേഷമാണ് ശൈത്യകാലം രോഗികളുടെ എണ്ണം കൂട്ടുന്നത്. 'എന്‍എച്ച്എസിന്റെ വിന്റര്‍ ദുരിതം അവസാനിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. കൊടും തണുപ്പില്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ള രോഗികള്‍ ശ്വാസകോശ പ്രശ്‌നങ്ങളുമായി എ&ഇയിലേക്ക് എത്തുമെന്നാണ് ഉറപ്പാകുന്നത്', എന്‍എച്ച്എസ് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ മേഘനാ പണ്ഡിറ്റ് മുന്നറിയിപ്പ് നല്‍കി.