
















എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് എതിരായ അക്രമങ്ങള്‍ സര്‍വ്വസാധാരണമാണ്. ഇതിനെ ഫലപ്രദമായി നേരിടാനുള്ള പദ്ധതികളൊന്നും ആവിഷ്‌കരിക്കപ്പെടുകയോ, വിജയിക്കുകയോ ചെയ്യുന്നില്ല. ജോലിയില്‍ ഇതൊക്കെ ഉണ്ടാകുമെന്ന ചിന്ത ഇപ്പോള്‍ വ്യാപിച്ചിരിക്കുന്നത്. ഒരു വ്യക്തിയെ ചൂഷണം ചെയ്യുകയോ, ഭീഷണിപ്പെടുത്തുകയോ, അക്രമിക്കുകയോ ചെയ്യുന്നതാണ് ഹെല്‍ത്ത് & സേഫ്റ്റി എക്‌സിക്യൂട്ടീവിന്റെ കണക്കില്‍ തൊഴില്‍ സ്ഥലത്തെ അതിക്രമമായി കണക്കാക്കുന്നത്. 2018-ലെ അസോള്‍ട്ട് ഓണ്‍ എമര്‍ജന്‍സി വര്‍ക്കേഴ്‌സ് ഒഫന്‍സ് ആക്ട് പ്രകാരം രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
എന്നാല്‍ ഇതൊന്നും ആളുകളെ അക്രമങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നില്ലെന്നതാണ് ഭയാനകം. ഗാര്‍ഡിയന്‍ നടത്തിയ അന്വേഷണ പ്രകാരം ആയിരക്കണക്കിന് അക്രമ, ലൈംഗിക പീഡനങ്ങളാണ് എന്‍എച്ച്എസ് ജീവനക്കാര്‍ നേരിടേണ്ടി വരുന്നത്. ദിവസേന 285 കേസുകള്‍ തുല്യമായ തോതിലാണ് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ 2022 മുതല്‍ 2025 വരെ ചുരുങ്ങിയത് 295,711 അക്രമസംഭവങ്ങളാണ് രോഗികള്‍ ജീവനക്കാര്‍ക്ക് എതിരെ നടത്തിയത്.
212 ട്രസ്റ്റുകളില്‍ നിന്നും വിവരാവകാശ രേഖ പ്രകാരം നേടിയ വിവരങ്ങളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജീവനക്കാര്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുത്തനെ വളര്‍ച്ച രേഖപ്പെടുത്തിയതായി കണ്ടെത്തി. 2022-23 കാലഘട്ടത്തില്‍ 91,175 എന്നതില്‍ നിന്നും 2024-25 വര്‍ഷമാകുമ്പോള്‍ 104,079 എന്ന തോതിലേക്കാണ് എത്തിയത്. ചില ട്രസ്റ്റുകള്‍ പൂര്‍ണ്ണമായ കണക്കുകള്‍ നല്‍കാത്തതിനാല്‍ യഥാര്‍ത്ഥ തോത് ഇതിലും വലുതാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൂടാതെ ട്രസ്റ്റുകള്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കുറച്ച് കാണിക്കുന്നതായി മാനേജര്‍മാരും, ഫ്രണ്ട്‌ലൈന്‍ ജീവനക്കാരും ഗാര്‍ഡിയനോട് വെളിപ്പെടുത്തി. എന്‍എച്ച്എസ് സ്റ്റാഫ് വാര്‍ഷിക സര്‍വ്വെ പ്രകാരം ഏഴിലൊന്ന് ജീവനക്കാരും രോഗികള്‍, ബന്ധുക്കള്‍, മറ്റ് പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ശാരീരിക അക്രമത്തിന് വിധേയരായെന്ന് കണ്ടെത്തിയിരുന്നു.
മെന്റല്‍ ഹെല്‍ത്ത്, ലേണിംഗ് ഡിസെബിലിറ്റി ട്രസ്റ്റുകളാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കംബ്രിയ നോര്‍ത്തംബര്‍ലാന്‍ഡ് ടൈന്‍ & വെയര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് കേസുകളില്‍ മുന്നില്‍. 17,793 അക്രമങ്ങളാണ് മൂന്ന് വര്‍ഷത്തിനിടെ അരങ്ങേറിയത്. 2024-ല്‍ തന്നെ ജീവനക്കാരെ സംരക്ഷിക്കാന്‍ ട്രസ്റ്റ് ആവശ്യത്തിന് നടപടിയെടുക്കുന്നില്ലെന്ന് എച്ച്എസ്ഇ ആശങ്ക ഉന്നയിച്ചിരുന്നു.