CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 13 Seconds Ago
Breaking Now

ബ്രിട്ടനില്‍ കൊവിഡ്-19 ലക്ഷണങ്ങളുള്ള പകുതി ആളുകള്‍ക്കും കൊറോണ രോഗമില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്; ശൈത്യകാലത്ത് ഈ തെറ്റിദ്ധാരണ കൂടുതല്‍ തലവേദനയാകുമെന്ന് ആശങ്ക; രോഗമുക്തി നേടിയെന്ന് കരുതിയ 1000 കീ വര്‍ക്കര്‍മാരിലെ പഠനം ഞെട്ടിച്ചു!

ലക്ഷണങ്ങള്‍ കാണുന്നതിന്റെ പേരില്‍ കൊവിഡ് ടെസ്റ്റിന് അപേക്ഷിക്കുന്ന നല്ലൊരു ശതമാനം ആളുകള്‍ക്കും കൊറോണാവൈറസില്ലെന്നതാണ് വാസ്തവം

കൊറോണാവൈറസ് എത്തിച്ചേര്‍ന്നതോടെ നമ്മുടെയൊക്കെ ശ്രദ്ധ കൂടിയിരിക്കുന്നു. അടുത്തുള്ള ഒരാള്‍ തുമ്മുകയോ, ചുമയ്ക്കുകയോ ചെയ്താല്‍ നമ്മള്‍ ഭയപ്പെടും. എത്രയൊക്കെ ശ്രദ്ധിക്കണമെന്ന് പറഞ്ഞാലും യാതൊരു മയവുമില്ലാതെ ഈ പ്രവര്‍ത്തനങ്ങള്‍ തുടരുന്നവരും നിരവധിയാണ്. എന്നാല്‍ വെറുതെ ഒരു ജലദോഷം വന്നാലോ, തുമ്മുന്നതിന്റെ എണ്ണം കൂടിയാലോ കൊറോണ പിടിപെട്ടോ എന്ന് സംശയിക്കേണ്ട അവസ്ഥയിലാണ് ഇന്ന് ലോകം. ബ്രിട്ടനിലും ഈ കൊറോണാവൈറസ് ലക്ഷണങ്ങള്‍ പുലിവാലായി മാറുകയാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ചൂണ്ടിക്കാണിക്കുന്നു. 

പനിയോ, തുടര്‍ച്ചയായ ചുമയോ ഉണ്ടെങ്കിലും കൊറോണാവൈറസ് രോഗമില്ലാത്തവരാണ് രാജ്യത്തെ പകുതിയോളം ആളുകളുമെന്നാണ് പിഎച്ച്ഇ പഠനം കണ്ടെത്തിയിരിക്കുന്നത്. വേനല്‍ക്കാലത്ത് കൊവിഡ്-19 രോഗം വന്ന് പോയെന്ന് കരുതിയ 1000 കീ വര്‍ക്കേഴ്‌സില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം സ്ഥിരീകരിച്ചത്. കൊറോണ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇവരില്‍ പകുതിയോളം പേര്‍ക്കും കൊവിഡ് ബാധിച്ചിരുന്നില്ല. 

ഒരു വ്യക്തിക്ക് മുന്‍പ് വൈറസ് പിടിപെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്ന ആന്റിബോഡികളെ 49 ശതമാനം പേരുടെയും രക്തത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം ശരീരത്തിന്റെ പ്രതിരോധ ശേഷിയില്‍ മറ്റ് ചില ഭാഗങ്ങളും വൈറസിന് എതിരെ പോരാടുന്നതിനാല്‍ ചില വ്യത്യാസങ്ങള്‍ ഇതില്‍ ഉണ്ടായേക്കാമെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. ആന്റിബോഡി പ്രതികരണം സമയം മുന്നോട്ട് പോകുംതോറും കാണാതാകുമെന്നതിനാല്‍ ടെസ്റ്റില്‍ കണ്ടെത്താന്‍ കഴിയാതെ പോകും. 

എന്നിരുന്നാലും ലക്ഷണങ്ങള്‍ കാണുന്നതിന്റെ പേരില്‍ കൊവിഡ് ടെസ്റ്റിന് അപേക്ഷിക്കുന്ന നല്ലൊരു ശതമാനം ആളുകള്‍ക്കും കൊറോണാവൈറസില്ലെന്നതാണ് വാസ്തവം. ശൈത്യകാല മാസങ്ങളില്‍ ജലദോഷം ഒരു സാധാരണ കാര്യമായി മാറുമ്പോള്‍ വൈറസ് രോഗമുള്ളവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുമെന്നും മുന്നറിയിപ്പുണ്ട്. സാധാരണ ജലദോഷമായി കരുതി വീട്ടിലിരിക്കാതെ ടെസ്റ്റിനായി മുന്നോട്ട് വരണമെന്നാണ് ആരോഗ്യ മേധാവികളുടെ നിലപാട്. 




കൂടുതല്‍വാര്‍ത്തകള്‍.